ദല്‍ഹി കലാപം ആസൂത്രിതമാണെന്ന കണ്ടെത്തലിലേക്കാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചന നല്‍കുന്നത്. കലാപം നടത്താന്‍ തീവ്രവാദസംഘടനകള്‍ക്ക് വ്യാപകമായ തോതില്‍ പണം എത്തിയതായാണ് കണ്ടെത്തല്‍. കലാപം നടത്താന്‍ വിദേശത്തു നിന്നടക്കം പണം ലഭിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് ഗൗരവത്തോടെ കാണേണ്ടതാണ്.
ഭാരതത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നതിനും സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതിനും എല്ലാ കാലത്തും തീവ്രവാദ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിനുള്ളിലുള്ള തീവ്രവാദ സംഘടനകളെയാണ് അവരതിന് കൂടുതലായി ഉപയോഗിക്കുന്നത്. കേരളത്തിലടക്കം പ്രവര്ത്തനവേരുകളുള്ള പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെയാണ് തീവ്രവാദികളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭാരതത്തിനുള്ളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് അവര്‍ക്ക് സഹായങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ഭാരതത്തിനുള്ളിലുള്ള തീവ്രവാദ ശക്തികളെ തുറന്നുകാട്ടാനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള യാതൊരു ശ്രമങ്ങളും ഉണ്ടായില്ല. വോട്ടുബാങ്ക് മുന്നില്‍ കണ്ട് തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്തു കൊണ്ടിരിക്കുന്നത്. ഇരുകൂട്ടര്‍ക്കും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് പല തെരഞ്ഞെടുപ്പുകളിലും സഹായത്തിനെത്തിയിട്ടുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീവ്രവാദ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചുവരുന്നത്. അവര്‍ക്ക് പണവും മറ്റ് സഹായങ്ങളുമെത്തിക്കുന്ന സ്രോതസ്സ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കശ്മീരിലടക്കം തീവ്രവാദികള്‍ക്ക് നിലനില്പ്പില്ലാതാകാന് അത് കാരണമായി. കോടികള്‍ വിനിമയം ചെയ്യപ്പെടുന്ന വന്‍ കച്ചവടമാണിന്ന് തീവ്രവാദം. അതിലേക്ക് പണമെറിഞ്ഞ് നേട്ടമുണ്ടാക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളിലൂടെ പണമൊഴുക്ക് തടയാനായിട്ടുണ്ട്.
ദല്‍ഹി കലാപം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റ് ചില മുസ്ലിം തീവ്രവാദ സംഘടനകളുടെയും പങ്ക് തെളിഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന അക്രമ സമരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടാണ് ആസൂത്രണം ചെയ്തത്. കേരളത്തില്‍ നിന്നടക്കമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പങ്ക് പുറത്തുവന്നു. ഇത്തരത്തിലൊരു സംഘടനയെ പാലൂട്ടി വളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന അപകടത്തെ തിരിച്ചറിയാത്ത നടപടിയാണ് അവരുടേത്.
ദല്‍ഹി കലാപത്തിന് ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ കണ്ടെത്തുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. അഞ്ച് പേരെ ഇതുസംബന്ധിച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മതവും ജാതിയും പാര്‍ട്ടിയും നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ആ ഉറപ്പ് പാലിക്കപ്പെടുന്നുണ്ടെന്നതാണ് ഇതുവരെയുള്ള നടപടികളിലൂടെ മനസ്സിലാക്കാനാകുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരമാണ് ദല്‍ഹികലാപത്തിന് വഴിവച്ചത്. പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് അക്രമത്തിലേക്കും കലാപത്തിലേക്കും വഴിമാറരുത്. പ്രതിഷേധക്കാര്‍ തീവ്രവാദികളുടെ ചട്ടുകമാകുകയും അരുത്. ദല്‍ഹിയിലും മറ്റുമുണ്ടായ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തീവ്രവാദികളാണെന്നതാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ ശിഥിലമാക്കാനുള്ള അവരുടെ ശ്രമങ്ങളെ തടയുക തന്നെ വേണം. അതിനു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്‍ബലം നല്‍കുകയാണ് ദേശീയ ബോധമുള്ളവരുടെ കടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: