പ്രപഞ്ചം എന്നത് പഞ്ചഭൂതാത്മകമാണ്. പല പല ജീവാത്മാക്കളെക്കൊണ്ട് നിറഞ്ഞതാണ് പ്രപഞ്ചം. ജീവനില്‍ നിന്നും നാദം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ‘നദ’ എന്ന ധാതുവില്‍ നിന്നാണ് ‘നാദഃ’ അഥവാ ‘ധ്വനി’ എന്ന പദം ഉണ്ടായത്. ഇതിന്റെ ആദ്യരൂപമായ ‘ഓംകാരത്തെ’ പ്രണവമെന്നു പറയുന്നു. എല്ലാ ശബ്ദവും നാദം എന്നു പറയുന്നുണ്ടെങ്കിലും കലയോട് ചേരാത്ത ശ്രവണ സുഖമില്ലാത്ത ശബ്ദം നാദമാകുന്നില്ല. ആഹത നാദവും അനാഹതനാദവും എന്തെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അതില്‍ ആഹതനാദത്തെ സ്ഥാനമനുസരിച്ച് മൂന്നായിത്തിരിക്കാം. സംഗീതശാസ്ത്രമനുസരിച്ച് ആഹതനാദം മൂന്നുതരത്തിലാണ്. ഹൃദയത്തിലുണ്ടാകുന്ന നാദം മന്ത്രം, കണ്ഠത്തിലുണ്ടാകുന്നത് മദ്ധ്യം, മൂര്‍ദ്ധാവിലുണ്ടാകുന്നത് താരം.
ബ്രഹ്മ- വിഷ്ണു – ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ നാദാത്മകന്‍മാരായതുകൊണ്ട് നാദോപാസനയാല്‍ അവര്‍ ഉപാസിക്കപ്പെട്ടവരായിത്തീരുന്നുവെന്ന് സാരംഗദേവന്‍ തന്റെ സംഗീതരത്‌നാകരത്തില്‍ പറയുന്നു.
‘പ്രാണാനല സംയോഗമുവല്ല
പ്രണവ നാദമു സപ്തസ്വരമുലൈ ബരഗം
വീണാ വാദന ലോലുഡൗ ശിവമനോ
വിധമെരംഗരു ത്യാഗരാജവിനുത’
പ്രാണ, അനല തുടങ്ങിയവയുടെ സംയോഗമാണ് പ്രണവനാദം എന്ന ഓംകാരം. ഈ ഓംകാരത്തില്‍ നിന്നാണ് ഏഴുസ്വരങ്ങളുടെ ഉത്ഭവം. ത്യാഗരാജസ്വാമികള്‍ സാരമതി രാഗകീര്‍ത്തനത്തിലാണ് നാദോത്പത്തി പ്രകാരത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്.
‘നാദതനുമനിശംശങ്കരം’ എന്ന ചിത്തരഞ്ജിനി രാഗത്തിലുള്ള ത്യാഗരാജകൃതിയില്‍ താന്‍ പരമാത്മാവിനെ നാദരൂപിയായി അനുസന്ധാനം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു. ചരണത്തില്‍…
‘സദ്യോജാതതിപഞ്ചവക്ത്രജ
സരിഗമപധനിവരസപ്തസ്വര’
സദ്യോജാതം, വാമദേവം, തല്‍പുരുഷം, അഘോരം, ഈശാനം എന്നീ ശിവന്റെ അഞ്ചുമുഖങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു. അതില്‍ ആദിയായവ എന്ന അര്‍ഥത്തിലാണ് സദ്യോജാതാദി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ശിവ ഭഗവാന്റെ അഞ്ചുമുഖങ്ങളില്‍ നിന്നുമാണ് ഏഴുസ്വരങ്ങള്‍ ഉത്ഭവിച്ചിരിക്കുന്നത് എന്ന് ഈവരികളിലൂടെ വ്യക്തമാകുന്നു.
‘സ്വാദുഫലപ്രദസപ്തസ്വര-
രാഗനിചയസഹിത
നാദലോലുടൈബ്രഹ്മാനന്ദ- മന്ദവേമനസാ’
എന്ന കല്യാണാവസന്തം രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കീര്‍ത്തനത്തില്‍ നാദോപാസന ബ്രഹ്മാനന്ദനിലയമായമോക്ഷം പ്രദാനം ചെയ്യുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നു.
നാദമില്ലാതെഗീതമില്ല, സ്വരങ്ങളില്ല, നര്‍ത്തനമില്ല എന്ന് ബൃഹദേശിയില്‍ പറഞ്ഞിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ്. അതിനാല്‍ ഗീതം, വാദ്യം, നൃത്തം ഇവചേര്‍ന്ന സംഗീതം നാദത്തെ മൂലകാരണമാക്കിയതാണ്. ഏതൊരു നാദം മറ്റൊന്നിന്റെയും സഹായം കൂടാതെ ശ്രവണസുഖമുള്ളതായിതീരുന്നുവോ അതാണ് സ്വരം.
(നാളെ: ‘ഗീതയേഇതിഗീതം’)
പ്രതികരിക്കാൻ ഇവിടെ എഴുതുക