തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി സക്കറിയയുടെ ശ്രമത്തിനെ തുറന്നുകാട്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്കറിയ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വ്യക്തമായ മറുപടിയുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കുമെന്നും അദേഹം പറഞ്ഞു. നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്. പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമമെന്നും വി. മുരളീധരന്‍ ചോദിച്ചു.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സക്കറിയ അറിയാന്‍,
ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചത് വായിച്ചു. മലയാളി എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്ങയ്‌ക്കുണ്ടായ ‘മനോവിഷമത്തില്‍’ പങ്കുചേരുന്നു. ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള താങ്കളുടെ സാമര്‍ത്ഥ്യം നല്ല വാക്കുകളില്‍ പൊതിഞ്ഞു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. അതേസമയം, ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യവും തീവ്രവാദ ഭീഷണിയില്‍ നിന്ന് മുക്തമല്ല എന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ? അപ്പോള്‍, ദേശസുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാസംവിധാനങ്ങളും പരിശോധനകളും കര്‍ക്കശമാക്കുന്നത് സ്വാഭാവികമല്ലേ? യാത്രക്കാരേയും അവരുടെ സാധനസാമഗ്രികളേയും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുകയും, ചിലപ്പോള്‍ വ്യക്തികളോട് നേരിട്ട് വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് അധികൃതരുടെ ഡ്യൂട്ടിയാണ്. ഒരു മലയാളിയായ അങ്ങ് നിരവധിതവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് സംശയം തോന്നിയാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.
വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. ബഹുമാന്യനായ നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്.
പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമം? വര്‍ഗീയ വിഷം വമിപ്പിക്കുന്ന എഴുത്തുകാരനാണോ താങ്കള്‍? ആരാണ് നിങ്ങളെ ഇത്തരത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയത്?
എഴുത്തുകാരന്‍ എന്ന നിലയില്‍ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ… എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാമൂഹ്യഇടപെടല്‍ നടത്തുന്ന അങ്ങും, രാജ്യത്തെ വിഘടിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ഇസ്ലാമികരാജ്യം സൃഷ്ടിക്കാനും കോപ്പ് കൂട്ടുന്നവര്‍ക്ക് ആയുധമാകാന്‍ അങ്ങയുടെ വാക്കുകള്‍ ബോധപൂര്‍വ്വം സമ്മാനിക്കുകയാണോ? സ്വന്തം തലച്ചോര്‍ മറ്റുള്ളവര്‍ക്ക് പണയം വെയ്‌ക്കാതിരിക്കാന്‍ സ്വതന്ത്ര ചിന്തകന്‍ എന്നവകാശപ്പെടുന്ന അങ്ങ് ഇനിയെങ്കിലും തയ്യാറാകുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.
സ്‌നേഹപൂര്‍വ്വം,
വി. മുരളീധരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: