രാജ്കോട്ട്: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഒന്നാം ഇന്നിങ്സ് ലീഡിന്റെ പിന്‍ബലത്തില്‍ ബംഗാളിനെ പരാജയപ്പെടുത്തി ചരിത്ര വിജയത്തിലൂടെ സൗരാഷ്ട്രയ്ക്ക് ആദ്യ രഞ്ജി ട്രോഫി കിരീടം. മത്സരം സമനിലയിലായാല്‍ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടുന്നവരാണ് വിജയിക്കുക. ഇതു കൃത്യമായി മനസാനിക്കായി സൗരാഷ്ട്ര താരങ്ങള്‍ അവസാന ദിനം ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഉജ്ജ്വല ബൗളിങാണ് ബംഗാളിനെ നിലംപരിശാക്കിയത്. അഞ്ചാം ദിനം ആറിന് 354 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ബംഗാളിന് 71 റണ്‍ മാത്രം അകലെയായിരുന്നു ഒന്നാം ഇന്നിംങ്സ് ലീഡ്. കൈവശം നാല് വിക്കറ്റുകളും ഉണ്ടായിരുന്നു.
ഫോമിലായിരുന്ന ബാറ്റ്സ്മാനായ എ. മജുംദാറിനെ(63) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്കട്ടാണ് സൗരാഷ്ട്രക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ണബ് നന്തി (40) പുറത്താകാതെപിടിച്ചുനിന്നെങ്കിലും ആകാശ് ദീപിനെ റണ്ണെടുക്കും മുമ്പേ റണ്ണൗട്ടാക്കി ഉനദ്കട്ട് വീണ്ടും ബംഗാളിന് തിരിച്ചടി നല്കി.മുകേഷ് കുമാറിനെ(5) ധര്‍മ്മേന്ദ്ര സിംങ് ജഡേജ പുറത്താക്കിയതിന് പിന്നാലെ ഐ.സി പോറെലിനെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്കട്ട് വീണ്ടും താരമായി. ഇതോടെ ബംഗാള്‍ 381ന് ഓള്‍ഔട്ടായി. സൗരാഷ്ട്രക്കായി ധര്‍മ്മേന്ദ്രസിങ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉനദ്കട്ടും പ്രേരക് മങ്കാദും ബംഗാളിന്റെ രണ്ട് ബാറ്റ്സ്മാന്മാരെ വീതം പുറത്താക്കി.
ആദ്യ ഇന്നിംങ്സില്‍ അര്‍പിദ് വാസവദയുടെ സെഞ്ചുറിയുടേയും അവി ബാരോട്ട്, വിശ്വരാജ് ജഡേജ, ചേതേശ്വര്‍ പൂജാര എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും ബലത്തില്‍ 425 റണ്‍സാണ് സൗരാഷ്ട്ര എടുത്തത്. ബംഗാളിന്റെ മറുപടി 44 റണ്‍സ് അകലെ 381ല്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ 4ന് 105 എന്ന നിലയില്‍ സൗരാഷ്ട്ര നില്‍ക്കുമ്പോഴാണ് മത്സരം സമനിലയിലായതായി ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചത്. നേരത്തെ 9ന് 387 എന്ന നിലയിലായ സൗരാഷ്ട്രയെ അവസാന വിക്കറ്റില്‍ ധര്േമന്ദ്രസിങ് ജഡേജയും(33) ഉനദ്കട്ടും(20) ചേര്‍ന്നാണ് 425ലെത്തിച്ചത്. ഇരുവരുടേയും പത്താം വിക്കറ്റിലെ 38റണ്‍സ് കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറുടെ റെക്കോഡും ഉനദ്കട്ട് തകര്‍ത്തു. 65 വിക്കറ്റുകളാണ് സീസണില്‍ ഉനദ്ക്കട്ട് നേടിയത്. കര്‍ണ്ണാടകയുടെ ദോഡ ഗണേഷിന്റെ പേരിലുണ്ടായിരുന്ന 21 വര്‍ഷം പഴക്കമുള്ള 62 വിക്കറ്റുകളുടെ റെക്കോഡാണ് ഉനദ്ക്കട്ട് തിരുത്തിയത്. അര്പിത് വാസവദയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: