തിരുവനന്തപുരം: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ സര്‍ക്കാരിനു കീഴിലുള്ള കനേഡിയന്‍ വുഡ് റിസോര്‍ട്ട് മാതൃകയില്‍ പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണ പ്രക്രിയകള്‍ അവതരിപ്പിച്ചു. ഡബ്ലിയുഎഫ്സി, ടി ആന്റ് ജി എന്നീ രണ്ടു ഭവനനിര്‍മ്മാണ രീതികളാണ് കനേഡിയന്‍ വുഡ് അവതരിപ്പിച്ചത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള സ്പ്രൂസ് പൈന്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍ (ഡബ്ലിയുഎഫ്സി), ടോങ്ക് ആന്റ് ഗ്രൂവ് (ടി ആന്റ് ജി) എന്നിവയില്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ വീടു നിര്‍മാണത്തിന് പുരാതന കാലം മുതല്ക്കേ മരം ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ, തൂണുകളും ഉത്തരങ്ങളും മേല്‍ക്കൂരകളും നിര്‍മിക്കാനായിരുന്നു ഇതു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നു മാറി പൂര്‍ണമായും മരം ഉപയോഗിച്ചുള്ള നിര്‍മാണമെന്ന പുതിയ പ്രവണതയ്ക്കു തുടക്കം കുറിക്കാനാണ് കനേഡിയന്‍ വുഡ് ശ്രമിക്കുന്നത്. തികച്ചും ആകര്‍ഷകമായ ഈ മാതൃകകള്‍ക്കായി മൈസൂരിലേയും ഡെല്‍ഹിയിലേയും മുന്‍ നിര നിര്‍മാതാക്കളുമായി സഹകരണം ആരംഭിച്ചിട്ടുണ്ട്. തികച്ചും സവിശേഷമായ ഈ രണ്ടു മാതൃകകളും കനേഡിയന്‍ വുഡിന്റെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലും മേല്നോട്ടത്തിലുമാണു നടത്തുന്നത്. ഊട്ടി, കൂര്‍ഗ്, കൊടൈകനാല്‍, കോട്ടഗിരി, വയനാട് എന്നിവിടങ്ങളിലെ വിനോദ സഞ്ചാര രംഗത്ത് ഇതിനേറെ പ്രസക്തിയുണ്ട്.
വടക്കേ അമേരിക്കയില്‍ വിപുലമായി പ്രയോജനപ്പെടുത്തുന്ന നിര്‍മാണ രീതിയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍. നിര്‍മാണ പ്രക്രിയയിലെ സമയവും ചെലവും കുറക്കുന്നതിന് ഇതു സഹായകമാകും.
മുഴുവന്‍ ഭാഗവും ഫാക്ടറിയില്‍ തന്നെ നിര്‍മിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് ടോങ്ക് ആന്റ് ഗ്രൂവ്. തികച്ചും ഓര്‍ഗാനിക് ആയ ഫലപ്രദമായ രീതിയാണിത്. ഓരോ ഭാഗവും ഫാക്ടറിയില്‍ നിന്നു പുറത്തു കടത്തും മുന്‍പു തന്നെ കോട്ടിങ് നടത്താം എന്നതും അന്തിമ കോട്ടിങ് മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം നടത്തേണ്ടതായുള്ളൂ എന്നതും ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്.
ബെംഗലൂരുവിലെ ഇന്ത്യ വുഡ് 2020 പ്രദര്‍ശനത്തില്‍ ഇരു മാതൃകകളിലും ഉള്ള വീടുകള്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. മരത്തിന്റെ ഭംഗിയും അനുഭൂതിയും അനുഭവിച്ചു കൊണ്ട് പ്രകൃതിയുടെ ഭാഗമാകാന്‍ കഴിയുന്ന ജീവിതമാണ് ടി ആന്റ് ജി മാതൃകയിലുള്ള വീടുകളിലൂടെ റിസോര്‍ട്ടുകളില്‍ സാധ്യമാക്കുന്നതെന്ന് കനേഡിയന്‍ വുഡ് ടെക്നിക്കല്‍ അഡൈ്വസര്‍ പീറ്റര്‍ ബ്രാഡ്ഫീല്‍ഡ് പറഞ്ഞു. എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ് ഡബ്ലിയുഎഫ്സി രീതിയെന്ന് കനേഡിയന്‍ വുഡ് കണ്ട്രി ഡയറക്ടര്‍ പ്രനേഷ് ചിബ്ബര്‍ ചൂണ്ടിക്കാട്ടി. മരം ഉപയോഗിച്ചുള്ള നിര്‍മാണ സാമഗ്രികളെ വിനോദ സഞ്ചാര മേഖല ഏറെ താല്‍പ്പര്യത്തോടെയാണു വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു മാതൃകകളിലും പ്രദര്‍ശിപ്പിച്ച വീടുകളില്‍ രാജ്യത്തു ലഭിക്കുന്ന ഏറ്റവും മികച്ച ഫര്‍ണീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഇവയിലെ വാതിലുകള്‍, ജനാലകള്‍, ഫ്രെയിമുകള്‍ തുടങ്ങിയവയ്ക്ക് യുപിവിസിക്കു പകരമായി മരമാണ് ഉപയോഗിച്ചിരുന്നത്. ശബ്ദശല്യം, പൊടി തുടങ്ങിയവ കുറക്കുവാനും ഇതു സഹായകമാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയാണ് കനേഡിയന്‍ വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: