തൃശൂര്‍: നഗരസഭ പരിധിയില്‍ കേന്ദ്ര പദ്ധതിയായ അമൃതിലുള്‍പ്പെടുത്തി 91 കോടി രൂപയുടെ ജല പദ്ധതി അവസാന ഘട്ടത്തില്‍. ഇതിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ 4 ടാങ്കുകള്‍ 600 എംഎം പൈപ്പുകള്‍ നിലനിര്‍ത്തി 1000 എംഎം പൈപ് ഔട്ട്ലെറ്റ് ആക്കിമാറ്റി. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ അജിത ജയരാജന്‍ പൂര നഗരിയില്‍ നിര്‍വഹിച്ചു.
പഴയ മുനിസിപ്പല്‍ പ്രദേശത്തെ 8 സോണുകളാക്കി തരം തിരിച്ചാണ് ജല ലഭ്യത ഉറപ്പാക്കുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ദിവസം 145 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ജല മോഷണം തടയാനും പൈപ്പ് ചോര്‍ച്ച തടയാനും ഗ്രൗണ്ട് പെനിട്രെറ്റിങ് റഡാര്‍ ന്റെ സഹായവും ഈ പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്്. ശുദ്ധമായ ജല ലഭ്യതയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
പീച്ചിയില്‍ 20 എംഎല്‍ഡി ലിറ്റര്‍ ശേഷിയുള്ള പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് 17.3 കോടി രൂപ, ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിനായി മേല്‍ത്തട്ടില്‍ നിന്നും ജലം ശേഖരിക്കുന്നതിനുള്ള ഫ്‌ളോട്ടിങ് ഇന്‍ടേക് സ്ട്രകച്ചര്‍ പദ്ധതിക്ക് 5 കോടി, പഴയ മുനിസിപ്പല്‍ പ്രദേശത്തെ 8 മേഖലകളാക്കി തിരിച്ചു കുടിവെള്ളം വിതരണം ചെയ്യുന്നതിന് സോണിങ് പദ്ധതിക്ക് 25 കോടി, കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ 27.35 കോടി, വാട്ടര്‍ എഫിഷ്യന്റ് പദ്ധതിക്ക് 4.97 കോടി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, എ. എക്സ്. ഇ ബെന്നി ബി എ, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, സതീഷ് ചന്ദ്രന്‍, അനൂപ് കരിപ്പാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















