വാഷിങ്ടണ്‍ : കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ ഹസ്തദാനം ഒഴിവാക്കി ഇന്ത്യയുടെ നമസ്തേ ഏറ്റുപിടിച്ച് ലോക നേതാക്കള്‍. ഹസ്തദാനം കൊറോണ വൈറസ് ബാധ പടരാന്‍ കാരണമാകുമെന്ന് ഭയന്നാണ് ലോക നേതാക്കള്‍ ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്തേ ഏറ്റുപിടിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്തേ രീതിയിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ രീതി പിന്തുടരുന്നതാണ് നല്ലതെന്നും ഇരുവരും മാധ്യമങ്ങളേയും അറിയിച്ചു.
അതിനിടെ ബിട്ടണിലെ ചാള്‍സ് രാജകുമാരന് അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതിന്റേയും ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിഥികള്‍ക്ക് മുമ്പില്‍ രാജകുമാരന് കൈകൂപ്പിയത്. ഇതിന്റെ വീഡിയോ പര്‍വീണ്‍ കസ്വാന് എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. അവാര്‍ഡ് ചടങ്ങിനായി വേദിക്കരികിലേക്ക് കാറില്‍ വന്നിറങ്ങിയ ചാള്‍സ് രാജകുമാരന് തന്നെ സ്വീകരിക്കാനെത്തിയ ആള് ഹസ്തദാനം നല്കാനൊരുങ്ങിയപ്പോള് പെട്ടെന്ന് ഓര്മ വന്നതുപോലെ അദ്ദേഹം കൈകള്‍ കൂപ്പുന്നതായിരുന്നു വീഡിയോ.
നേരത്തെ കൊറോണ പടരാതിരിക്കാന്‍ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: