തിരുവനന്തപുരം: ക്രമക്കേട് നടത്തിയ സഖാക്കളെ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിലെ ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിച്ച സ്പെഷ്യല്‍ വിജിലന്‍സ് സെല്ലിലെ ഉദ്യാഗസ്ഥര്ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ക്രമക്കേടുകള്‍ നടത്തിയ ക്ലസ്റ്ററിലെ അംഗങ്ങള്‍ ഇടതുപക്ഷക്കാര്‍ ആയതിനാല്‍ അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ട് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സര്‍ക്കാര്‍ തള്ളുകയായിരുന്നു. രജിസ്ട്രേഷന് പോലും പുതുക്കാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററിന്റെ അംഗങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
കര്‍ഷകരെ സഹായിക്കുന്നതിനായി പച്ചക്കറിയുടെ സംഭരണത്തിനും വിതരണത്തിനും സര്‍ക്കാര്‍ ബ്ലോക്ക് തലത്തില്‍ ഫെഡറേറ്റഡ് സംഘടനകള്‍ രൂപീകരിക്കുകയും ഇവയ്ക്ക് കീഴില്‍ കര്‍ഷകരുടെ കൂട്ടായ്മകളായ ക്ലസ്റ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ധനസഹായങ്ങള്‍ നല്കി വരുന്നു. എന്നാല്‍ ക്ലസ്റ്ററുകളില്‍ കര്‍ഷകരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വകുപ്പ് ഉത്തരവിട്ടത്. വാമനപുരം സ്വദേശി ബി. ഉണ്ണികൃഷ്ണനാണ് പരാതി നല്‍കിയത്.
കൃഷി വകുപ്പില്‍ വാമനപുരം ബ്ലോക്ക് കേന്ദ്രീകരിച്ച് ബ്ലോക്ക് തല ഫെഡറേറ്റഡ് ക്ലസ്റ്റര്‍ വിപണിയില്‍ ധാരാളം അഴിമതി നടക്കുന്നെന്നു പരാതിയില്‍ പറയുന്നു. ഉപഭോക്താക്കള്‍ കര്‍ഷകരല്ലെന്നും എന്നാല്‍ കര്‍ഷകര്‍ എന്ന വ്യാജേന ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ കാണിച്ചിരിക്കുന്നതു പോലെ നിരവധി പേര് യാതൊരു ഉല്‍പ്പന്നങ്ങളും ഫെഡറേറ്റഡ് ക്ലസ്റ്റര്‍ മുഖേന വിറ്റിരുന്നില്ലെന്നും തെളിഞ്ഞു. അവരുടെ പേരുകള്‍ സഹിതമാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ക്യാഷ് ബുക്ക് പരിപാലനത്തിലെ വീഴ്ച്ച, ക്രമക്കേടുകള്‍, തൂക്കചീട്ടുകളിലെ രേഖപ്പെടുത്തലിലെ ക്രമക്കേടുകള്‍, കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് തുടങ്ങി നിരവധി വീഴ്ചകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. വാമനപുരം മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഫെഡറേറ്റഡ് ക്ലസ്റ്ററിന്റെ പേരില്‍ ആര്‍ജിച്ച ആസ്തികള്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് കൃഷിഭൂമി ഇല്ലാത്തവര്‍ വരെ വിഎഫ്പിസികെ, കാര്‍ഷിക മൊത്ത വ്യാപാര വിപണികളില്‍ തങ്ങള്‍ കൃഷി ചെയ്തതാണെന്ന വ്യാജേന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും സര്‍ക്കാര്‍ ആനുകൂല്യം അനര്‍ഹമായി നേടി എടുക്കുകയും ചെയ്തു. വാങ്ങല്‍ രജിസ്റ്റര്‍ പ്രകാരം സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ അളവുകളും വില്‍പ്പന രജിസ്റ്റര്‍ പ്രകാരമുള്ള അളവുകളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അന്വേഷണം ആരംഭിച്ചപ്പോള്‍ ഡയറക്ടര്‍ ഉള്‍പ്പെടെ രണ്ടു ഉദ്യോഗസ്ഥര്‍ സമ്മര്‍ദം മൂലം പകുതിയില്‍ വച്ച് ധനകാര്യ വകുപ്പിലേക്ക് മടങ്ങി. തുടര്‍ന്ന് വന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വീഴ്ചയുണ്ടെന്നും ആരോപിച്ചാണ് കൃഷി അസിസ്റ്റന്റ് സെക്രട്ടറി റിപ്പോര്‍ട്ട് തള്ളുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്. വിജിലന്‍സ് ഓഫീസര്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വിജിലന്‍സ് സെല്ലില്‍ നിന്നും വകുപ്പിന്റെ ആഭ്യന്തര കണക്കു പരിശോധനാ വിഭാഗത്തില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാനാണ് അച്ചടക്കനടപടിയിലൂടെ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ അഴിമതി നടത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: