ന്യൂദല്‍ഹി: കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നെത്തും. മലയാളികളടക്കം 150 പേരാണ് വിമാനത്തില്‍ ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് നിരീക്ഷിച്ചശേഷം മാത്രമേ സ്വന്തം വീടുകളിലേക്ക് അയയ്ക്കുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇറാനില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി രാജസ്ഥാനിലെ ജയ്സാല്‍മറിലുള്ള സൈനിക ആശുപത്രിയില്‍ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇവരെ രാജസ്ഥാനില്‍ എത്തിച്ചശേഷം രണ്ടാം ഘട്ടമായി 250 ഇന്ത്യക്കാരെ വിമാനമാര്‍ഗ്ഗം നാളെ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ടെഹ്റാനിലെ വിമാനത്താവളത്തില്‍ വച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് യാത്രക്കാരെയെല്ലാമം വിമാനത്തിലേക്ക് കയറ്റിയിരിക്കുന്നത്. നാട്ടിലെത്തിക്കുന്നവരെയാണ് സൈനിക ക്യാമ്പിലേക്ക് മാറ്റുന്നതെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. നിലവില്‍ നാല് കേന്ദ്രങ്ങളിലായി 1500 പേര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ജയ്സാല്മറില് ഒരുക്കിയിട്ടുണ്ട്. 6000 പേരാണ് ഇറാനിലുള്ളത്. ഇതില്‍ 1100 പേര് തീര്‍ത്ഥാടകരാണ്.
കരസേനയുടെ സതേണ്കമാന്റിന്റെ നേതൃത്വത്തിലാണ് കോവിഡ് 19 ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ നിന്നുള്ള ആദ്യ സംഘം രാജസ്ഥാന്
വിമാനത്താവളത്തില്‍ എത്തിയാല്‍ ജില്ലാആരോഗ്യവകുപ്പാണ് ആദ്യം പരിശോധിക്കുക. പിന്നീട് അവരുടെ മേല്‍നോട്ടത്തില്‍ സൈനികക്യാമ്പിലേക്ക് മാറ്റും. തുടര്‍ന്ന് കരസേനാ സൈന്യത്തിന്റെ ആരോഗ്യ വിഭാഗം ഇവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍. സോംബിത് ഘോഷ് അറിയിച്ചു.
ഹിന്ഡസണ്, മനേസര്‍ എന്നീ സൈനിക കേന്ദ്രങ്ങളിലായി 256 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരെ സൈന്യം നിരീക്ഷിച്ചു വരികയാണ്. മനേസറിലെ മാത്രം ക്വാറന്റൈന് സംവിധാനത്തിനായി പ്രതിദിനം മൂന്നരലക്ഷം രൂപയോളമാണ് സേന ചിലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: