പത്തനംതിട്ട: മഹാപ്രളയം വിഴുങ്ങിയ റാന്നിയുടെ സമസ്ത മേഖലകളെയും കൊറോണബാധ വീണ്ടും പ്രതിസന്ധിയിലാക്കി. ആശങ്ക ഒഴിയാതെ ജനങ്ങൾ വീടുവിട്ടിറങ്ങാൻ മടിച്ചതോടെ ദിവസങ്ങളായി റാന്നി മൂകമാണ്.
കൊറോണ ബാധിതർ യാത്ര ചെയ്ത പ്രദേശങ്ങളും അവർ കയറിയ സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറങ്ങിയതോടെ ആശങ്കയും വർധിച്ചു. ഇതോടെ റാന്നി ഏതാണ്ട് പൂർണ്ണമായും സ്തംഭനാവസ്ഥയിലായി. രോഗബാധിതരായ ഐത്തല സ്വദേശികൾ സന്ദർശനം നടത്തിയ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുന്നു. ജീവനക്കാരും കടയുടമയും ഒക്കെ നിരീക്ഷണത്തിലായതോടെയാണ് കടകൾ അടച്ചത്.
റാന്നി തോട്ടമണ്ണിലെ എസ്ബിഐ ശാഖ ഇന്നലെ അടച്ചു. ഇറ്റലയിൽ നിന്നെത്തിയ ഐത്തല സ്വദേശികൾ എസ്ബിഐ ശാഖയിൽ രണ്ടുതവണ വന്നിരുന്നതായി റൂട്ട് മാപ്പിലുണ്ട്. ഇതേത്തുടർന്ന് എസ്ബിഐ ശാഖയിലെ ജീവനക്കാർ നിരീക്ഷണത്തിലായി. ഇവർക്ക് ബാങ്ക് അവധി അനുവദിച്ചു. ജീവനക്കാരുടെ അഭാവത്തിൽ ഇന്നലെ മുതൽ ബാങ്ക് ശാഖയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവച്ചു. ബാങ്കിനോടു ചേർന്ന എടിഎം തുറന്നിട്ടുണ്ടെങ്കിലും ആരും കയറുന്നില്ല.
പട്ടികയിലുണ്ടായിരുന്ന മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാരും കടയുടമകളും ഒക്കെ വീടുകളിൽ നിരീക്ഷണത്തിലായതോടെയാണിത്. കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചു തുടങ്ങിയതോടെ റാന്നിയിലെ എല്ലാ മേഖലയിലും ആളൊഴിഞ്ഞ സ്ഥിതിയായി. ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ പല സർവീസുകളും നിർത്തിവച്ചു. സ്വകാര്യബസുകൾ പലതും ഇന്നലെ സർവീസ് നടത്തിയില്ല. റാന്നി വഴിയുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണ്.
റാന്നിയിലെ നൂറുകണക്കിനു കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയതോടെ ഇവരാരും തന്നെ പുറത്തേക്കിറങ്ങാത്ത സ്ഥിതിയുമുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡുകളം വിജനമാണ്. ഇവർക്ക് ഓട്ടം ഇല്ലാത്തതു കാരണം പലരും വീടുകളിലേക്ക് മടങ്ങുകയാണ്. തുറന്നുവച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും എത്തുന്നുമില്ല. ഏറെ ആശങ്ക ഉയർത്തുന്ന സാഹചര്യമാണ് റാന്നിയിൽ ഉടലെടുത്തിരിക്കുന്നത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേഖലയിലെ നൂറു കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഇതോടെ നിർമാണ-തൊഴിൽ മേഖലയും പ്രതിസന്ധിയിലായി. കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ റാന്നിയിലെ ഭക്ഷണ ശാലകൾ ഭൂരിപക്ഷവും അടച്ചത് തൊഴിലാളികളെ പ്രയാസത്തിലാക്കിയിരുന്നു. ഇവരിൽ ഏറെയും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരാണെങ്കിലും ആവശ്യമായ സാധനങ്ങൾ ലഭ്യമല്ലാതായി.
ചായയും പ്രഭാത ഭക്ഷണവും മിക്കവരും ഹോട്ടലുകളിൽ നിന്നായിരുന്നു. ഹോട്ടൽ അടച്ചതോടെ പ്രഭാത ഭക്ഷണം മുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും മറ്റും നേരിട്ടെത്തി ശുചീകരണം സംബന്ധിച്ച് ബോധവത്ക്കരണം നടത്തിയിരുന്നു. ഇതോടെ പലരും രോഗം ഭയപ്പെട്ട് നാടുവിട്ടു. വിവിധ ലോഡ്ജുകളിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ കെട്ടിട ഉടമകൾ ശേഖരിച്ച് ഏൽപ്പിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് രോഗം പിടിപെട്ടാൽ അവരുടെ ശുശ്രൂഷ അടക്കമുള്ള കാര്യങ്ങളുടെ ചുമതലയിൽ നിന്നും ലോഡ്ജ് ഉടമകൾക്ക് വിട്ടു നിൽക്കാനാവില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റാന്നി മേഖലയിലെ മിക്ക ലോഡ്ജുടമകളും അവരുടെ താമസക്കാരോട് കാര്യങ്ങൾ വിശദീകരിക്കുകയും തൽക്കാലം സ്വന്തം നാട്ടിലേക്കു മടങ്ങുന്നതാണ് ഉചിതമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് നൂറു കണക്കിന് തൊഴിലാളികൾ റാന്നി വിട്ടത്.
വേനൽകകാലമായതിനാൽ മിക്കയിടത്തും കെട്ടിട നിർമ്മാണവും പുതുക്കി പണിയലും മറ്റും തകൃതിയായി നടന്നു വരികയായിരുന്നു. ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ബംഗാളികൾ അടക്കമുള്ള ഉത്തരേന്ത്യക്കാരാണ് സഹായികളായി ഉള്ളത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ബംഗാളികൾ പോയതോടെ കെട്ടിട നിർമാണങ്ങളെല്ലാം പ്രതിസന്ധിയിലായി. വ്യാപാര മേഖലയും നേരിടുന്നത് വൻ തകർച്ചയാണ്. വായ്പകളും മറ്റും എടുത്തവർ തിരികെ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.
പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തുന്നതിലേക്ക് പുതുതായി വായ്പ എടുത്ത് വ്യാപാരം തുടങ്ങിയവരടക്കം ഉണ്ട്. പ്രളയകാലത്തെ വായപ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് നടപടികൾ നേരിടുന്നവരും ഇടക്കാല ഇളവുകളോടെ വ്യാപാരം തുടർന്നവരുമൊക്കെ ഏറെ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: