ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് വിദേശപണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരാണ് പണം ഒഴുക്കിയതെന്ന് ഉടന്‍ കണ്ടെത്തും. അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് നേരത്തെ കേസെടുത്തിട്ടുണ്ട്. രണ്ട് സംസ്ഥാന നേതാക്കളും അറസ്റ്റിലായി. സംഘടനക്കെതിരെ കടുത്ത നടപടി വരുമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളിലുള്ളത്.
സിഎഎ സമരങ്ങളില്‍ വ്യാപകമായി വിദ്വേഷ പ്രസംഗങ്ങള്‍ നടന്നു. സോണിയായുടെ പ്രസംഗത്തിന് ശേഷമാണ് ഷഹീന്‍ബാഗ് സമരം ആരംഭിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളാണ് ക്രമേണ കലാപത്തിലെത്തിയത്. ഞങ്ങളുടെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കലാപകാരികളെ ശിക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മതവും ജാതിയും പാര്‍ട്ടിയും നോക്കാതെ നടപടിയെടുക്കും. കുറ്റക്കാരില്‍ ഒരാളെയും വെറുതെ വിടില്ല. അക്രമികളെ ശിക്ഷിക്കുന്നതില്‍ മാതൃക സൃഷ്ടിക്കും. പ്രതികളെ കണ്ടെത്താന്‍ ആധാര്‍ ഉപയോഗിച്ചിട്ടില്ല. സ്വകാര്യതയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും ജീവനേക്കാള്‍ വലുതായി കാണാനാകില്ല. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി തുടങ്ങിയവ ഉപയോഗിച്ച് അക്രമികളെ പിടികൂടുന്നുണ്ട്. ഇവരുടെ പങ്ക് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതിലൂടെ സാധിക്കും.
വീഡിയോ പരിശോധിച്ച് 1922 പേരെ കണ്ടെത്തി. 700 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രത്യേക സംഘത്തെക്കൂടി അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. വെറുപ്പ് പ്രചരിപ്പിക്കാന്‍ കലാപത്തിന് രണ്ട് ദിവസം മുന്‍പ് ആരംഭിച്ച് ഫെബ്രുവരി 25ന് അവസാനിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. സുരക്ഷിതരാണെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതുന്നത്. എന്നാല്‍ ഇത് ഡിജിറ്റല്‍ യുഗമാണ്. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കും.
സിഎഎ ആരുടെയും പൗരത്വം കളയനുള്ളതല്ല. എന്‍പിആറിന് രേഖകള്‍ ആവശ്യമല്ല. ഭയക്കേണ്ടതില്ല. ഷാ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ബഹളമുയര്‍ത്തി. സിഎഎ പൗരത്വം കളയുമെന്ന് പറഞ്ഞിട്ടില്ലെന്നും എന്‍പിആറാണ് പ്രശ്നമെന്നും കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ പറഞ്ഞു.
സിഎഎ മുസ്ലിങ്ങളെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള നിയമമാണെന്നാണ് ഇതുവരെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. സിഎഎക്കെതിരായ അക്രമസമരങ്ങളാണ് കലാപത്തിലേക്ക് നയിച്ച വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗ് ഇല്ലായിരുന്നുവെങ്കില്‍ കലാപവും ഉണ്ടാകുമായിരുന്നില്ലെന്ന് വിജയ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: