ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ദല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഷഹീന് ബാദിലെ പോപ്പുലര്‍ഫ്രണ്ട് ദേശീയ ആസ്ഥാനത്തിന്റെ ചുമതലക്കാരന് അബ്ദുള്‍ മൂഖീത് എന്നിവരെ അറസ്റ്റു ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന കലാപങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളാണ് പോപ്പുലര്‍ഫ്രണ്ട് നേതാക്കളെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ചീഫ് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പതക്കാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പോപ്പുലര്‍ഫ്രണ്ടിന്റെ മറ്റൊരു നേതാവായ മുഹമ്മദ് ഡാനിഷ് പോലീസ് പിടിയിലാണ്. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ഡാനിഷ് പിടിയിലായിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ധനസഹായം എത്തിച്ചത് പോപ്പുലര്‍ഫ്രണ്ട് ആണെന്ന് പോലീസും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിരുന്നു.
120 കോടി രൂപ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കായി ചെലവഴിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ഫ്രണ്ട് ദല്‍ഹി ഓഫീസ് സെക്രട്ടറി അബ്ദുള്‍ മുഖീത്,ദേശീയ സെക്രട്ടറി അനിസ് അഹമ്മദ്, അഫ്സല് ചന്ദ്രന്‍കണ്ടി, ഷഹീന്‍ബാദിലെ പിഎഫ്ഐ ആസ്ഥാനത്തെ അക്കൗണ്ടന്റ് കെ. പി. ജസീര്‍ എന്നിവരെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: