മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ എന്തെങ്കിലും മറച്ചുവെയ്ക്കാനുണ്ടോ എന്ന് ക്രൈം ബ്രാഞ്ചിനോട് വിജിലന്‍സ് കോടതി ചോദിച്ചു. ഇന്നലെ പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ ഹാജരാക്കിയപ്പോഴാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജ് ബി. കലാം പാഷ ചോദിച്ചത്.
കേസ് ഡയറി ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു ചോദ്യം. കേസില്‍ എന്തെങ്കിലും മറയ്ക്കാനുള്ളതുകൊണ്ടാണോ ഡയറി ഹാജരാക്കാത്തതെന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ, കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളില്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ അഞ്ചു ദിവസം കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.
പ്രതി സ്വന്തമായി ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ സ്വന്തം പേരും ചൊല്പ്പടിയില് നില്ക്കുന്ന, അനര്‍ഹരുടെ പേരും ഗുണഭോക്താക്കളെന്ന വ്യാജേന ചേര്‍ത്ത് ലിസ്റ്റുണ്ടാക്കി പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഇങ്ങനെ തട്ടിയ പണംകൊണ്ട് സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങി. അവ കണ്ടെത്താന്‍ സമയം വേണമെന്നും തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും ഇതിന് മഹേഷിനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയിലായിരുന്ന ബി. മഹേഷിനെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ 17ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: