കൊച്ചി: എറണാകുളം ജില്ലാ കളക്ടറുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തട്ടിപ്പു നടത്തിയ കേസില്‍ സിപിഎം ജില്ലാ- സംസ്ഥാന നേതാക്കളുടെ പങ്ക് വ്യക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ നേതാക്കളും ഉള്‍പ്പെടെ പ്രതികളാണെന്ന് സംശയിക്കേണ്ട തരത്തില്‍, പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ വി.എ. സിയാദിന്റെ ആത്മഹത്യക്കുറിപ്പ് കിട്ടി.
സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്, സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി നേതാവ് കെ.എ. ജയചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാര്‍ എന്നിവരാണ് ആത്മഹത്യക്ക് കാരണക്കാരെന്നാണ് ബുന്ധുക്കള്‍ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സിയാദ് ആത്മഹത്യ ചെയ്തത്. ‘സക്കീര്‍ ഹുസൈന് എന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’വെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
കളക്ടറേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദ് മുഖ്യ ആസൂത്രകനായി നടന്ന തട്ടിപ്പ് അയ്യനാട് സഹകരണബാങ്ക് വഴിയാണ് നടപ്പാക്കിയത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ബാങ്കിന്റെ ബോര്‍ഡംഗവും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ വി.എ. സിയാദ് ഈ കേസില്‍ പിടിക്കപ്പെടുമെന്നു വന്നപ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരന് തൃക്കാക്കര പൊലീസിന് കൈമാറി.
പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട് സഹകരണ സമിതിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഇത് ചര്‍ച്ചചെയ്യണമെന്ന് സിയാദ് ആവശ്യമുന്നയിച്ചു. എന്നാല്‍, സിയാദിന്റെ നിലപാടിനോട് എതിര്‍പ്പുള്ളവര്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ചയായിരിക്കെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സിയാദിന്റെ വണ്ടിയില്‍നിന്ന് ബന്ധുക്കളാണ് കുറിപ്പ് കണ്ടെടുത്തത്. ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം പരിശോധിച്ചേ തുടര്‍നടപടികളെക്കുറിച്ച് പറയാനാവൂ എന്ന് പോലീസ് പറഞ്ഞു.
സക്കീര്‍ ഹുസൈനെതിരേ മുമ്പും പല പണിമിടപാടു കേസുകളും അഴിമതിക്കേസുകളും ഉയര്‍ന്നിട്ടുള്ളതാണ്. ഇടയ്ക്ക് കുറച്ചുനാള്‍ പാര്‍ട്ടിയില്‍നിന്ന് നീക്കി നിര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി പി. രാജീവന്റെ വലംകൈയായാണ് സക്കീര്‍ ഹുസൈന് പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: