ആഹതനാദമെന്നും അനാഹതനാദമെന്നും നാദം രണ്ടുതരത്തിലുണ്ട്. കേള്‍ക്കാന്‍ കഴിയുന്നശബ്ദത്തിന് ആഹതനാദമെന്നും കേള്‍ക്കാന്‍ സാധിക്കാത്ത അതായത് നിമിഷത്തില്‍ 30 ഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയില്‍ കുറവായ സ്പന്ദനങ്ങള്‍ മാത്രമുള്ള ശബ്ദത്തിന് അനാഹതനാദമെന്നും പറയുന്നു. ഈരണ്ടു നാദവും ശരീരത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. നാദം ഉത്ഭവിക്കുന്നതിന് ശരീരത്തിന്റെ ഉള്‍ഭാഗത്തുള്ള നാഡികള്‍, ഞരമ്പുകള്‍, ചക്രങ്ങള്‍ തുടങ്ങിയവ പ്രധാന പങ്കുവഹിക്കുന്നു. നാഭി, ഹൃദയം, കണ്ഠ, തല, നാസിക, ദന്തം, ഓഷ്ഠം എന്നീസ്ഥാനങ്ങളില്‍ നിന്ന് യഥാക്രമം ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ ഏഴുസ്വരങ്ങള്‍ പുറപ്പെടുന്നുവെന്ന് നാരദമുനി തന്റെ സംഗീതമകരന്ദത്തില്‍ പറയുന്നു.
വീണ തുടങ്ങിയ വാദ്യങ്ങളില്‍ നാഭി, ഹൃദയം എന്നീ സ്ഥാനങ്ങള്‍ ഇല്ലാത്തതിനാല്‍ അവയില്‍ സ്വരങ്ങള്‍ എങ്ങനെ പുറപ്പെടുന്നുവെന്നും, മനുഷ്യശരീരവും വീണയും തമ്മിലുള്ള സാദൃശ്യം ചിത്രത്തിലൂടെയും നാരദമുനി മനസ്സിലാക്കിത്തരുന്നുണ്ട്. ഷഡ്ജം നാഭിയില്‍നിന്നും, ഋഷഭം ഹൃദയത്തില്‍നിന്നും, ഗാന്ധാരം കണ്ഠത്തില്‍നിന്നും, മധ്യമം ഉള്‍നാക്കില്‍ നിന്നും, പഞ്ചമം നാസികയില്‍നിന്നും, ധൈവതം പല്ലില്‍നിന്നും, നിഷാദം ചുണ്ടില്‍ നിന്നും ഉത്ഭവിക്കുന്നു. എന്നിരുന്നാലും സ്വരം ഒരു സ്വരസ്ഥാനത്തെമാത്രം ആശ്രയിച്ചിട്ടുള്ളതല്ല.
സ്വരങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ സ്വരങ്ങളെ പൊതുവെ ശുദ്ധസ്വരങ്ങള്‍ അഥവാ പ്രകൃതി സ്വരങ്ങള്‍ എന്നും വികൃത സ്വരങ്ങള്‍ അഥവാ വികൃതി സ്വരങ്ങള്‍ എന്നും രണ്ടായിതിരിക്കാമെന്ന് അഹോബലന്റെ സംഗീത പാരിജാതം എന്ന ലക്ഷണ ഗ്രന്ഥത്തില്‍ പറയുന്നു. ഷഡ്ജം, പഞ്ചമം തുടങ്ങിയ സ്വരങ്ങള്‍ അതിന്റേതായ ശ്രുതികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അചലസ്വരങ്ങള്‍ ആയതുകൊണ്ട് അവയെ പ്രകൃതി സ്വരങ്ങളെന്നും മറ്റുസ്വരങ്ങളെ വികൃതി സ്വരങ്ങളെന്നും പറയുന്നു.
ഷഡ്ജം, ഋഷഭം തുടങ്ങിയ ഏഴുസ്വരങ്ങളും യഥാക്രമം ഞായര്‍, തിങ്കള്‍, ചൊവ്വ തുടങ്ങിയ ഏഴു ദിവസങ്ങളിലായി ജനിച്ചവരായി ശ്രീപരമേശ്വരന്‍ പാര്‍വതീദേവിയെ പറഞ്ഞുകേള്‍പ്പിച്ചുവെന്ന് പറയുന്നു. കൂടാതെ ഷഡ്ജത്തിന്റെ നിറം ചുവപ്പാണെന്നും, ഋഷഭത്തിന്റെ നിറം ഇളംമഞ്ഞയാണെന്നും, ഗാന്ധാരത്തിന്റെ നിറം കടുത്ത മഞ്ഞയാണെന്നും, മധ്യമത്തിന്റെ നിറം വെള്ളയാണെന്നും, പഞ്ചമത്തിന്റെ നിറം കറുപ്പാണെന്നും, ധൈവതത്തിന്റെ നിറം സാധാരണമഞ്ഞയാണെന്നും, നിഷാദത്തിന്റെ നിറം പലവര്‍ണങ്ങള്‍ ചേര്‍ന്ന ചിത്രവര്‍ണമാണെന്നും പറയപ്പെടുന്നു.
അതുപോലെതന്നെ ഷഡ്ജം ചതയം നക്ഷത്രത്തിലും, ഋഷഭം ചിത്തിര നക്ഷത്രത്തിലും, ഗാന്ധാരം അവിട്ടം നക്ഷത്രത്തിലും, മധ്യമം മകം നക്ഷത്രത്തിലും, പഞ്ചമം ഉത്രം നക്ഷത്രത്തിലും, ധൈവതം പൂരാടം നക്ഷത്രത്തിലും, നിഷാദം അനിഴം നക്ഷത്രത്തിലും ജനിച്ചവരാണ് കരുതപ്പെടുന്നു. കൂടാതെ ഏഴുസ്വരങ്ങള്‍ക്കും രത്‌നങ്ങള്‍, വിലേപനങ്ങള്‍, കൂറുകള്‍, ധ്യാനശ്ലോകങ്ങള്‍, പുഷ്പങ്ങള്‍, ജന്തുക്കള്‍, ഭാര്യമാര്‍ എന്നിവയുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഓരോ സ്വരത്തിനും ഓരോ രസങ്ങള്‍ ഉണ്ട്. ഷഡ്ജത്തിന് അത്ഭുതവും-വീരവും, ഋഷഭത്തിന് രൗദ്രം, ഗാന്ധാരത്തിന് ശാന്തം, മധ്യമത്തിന് ഹാസ്യം, പഞ്ചമത്തിന് ശൃംഗാരം, ധൈവതത്തിന് ബീഭത്സം, നിഷാദത്തിന് കരുണം എന്നിങ്ങനെ രസങ്ങള്‍ ഉണ്ട്. സപ്തസ്വര നാമങ്ങള്‍ക്കു കാരണങ്ങളുമുണ്ട്. (നാളെ: പ്രണവനാദം എന്ന ഓംകാരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: