കൊറോണ വൈറസിനെ വച്ച് പക്കാ രാഷ്ട്രീയക്കളി നടത്തുകയാണ് സിപിഎം. പുരയ്ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയും ഒപ്പമുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുകയും എല്ലാവിധ സഹായങ്ങളും നല്‍കുകയും ചെയ്യുന്നതൊന്നും അവര്‍ അറിഞ്ഞമട്ടില്ല. ചൈനയിലെ വുഹാനില്‍ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക വിമാനം അയച്ച് കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തിരികെ എത്തിച്ചതില്‍ മലയാളികളും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് അന്ന് ഒരു ആശങ്കയും കണ്ടില്ല.
എന്നാല്‍ വൈറസ് ലോകമാകെ പടര്‍ന്നു പിടിച്ചു. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ സര്‍വ്വവിധ പിന്തുണയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പ്രഖ്യാപിച്ചു. അതില്‍ അദ്ദേഹം ഒരു രാഷ്ട്രീയവും കണ്ടില്ല. പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും ലോകത്ത് എവിടെ ഇന്ത്യാക്കാര്‍ കുടുങ്ങിയാലും തിരികെ എത്തിക്കാനോ അല്ലെങ്കില്‍ ആ രാജ്യത്ത്വച്ച് തന്നെ വേണ്ട ചികിത്സ നല്‍കാനോ ഉള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആപത്തു കാലത്തും മുഖ്യമന്ത്രിയുടെ വിദ്വോഷം പടര്‍ത്തുന്ന തനിരാഷ്ട്രീയ പ്രസ്താവന. ഇറ്റലിയിലും ഇറാനിലും കുടുങ്ങിയവരെ കുറിച്ചായിരുന്നു പിണറായിക്ക് ആശങ്ക. ‘ഇന്ത്യന്‍ പൗരന് രോഗി ആയി പോയതുകൊണ്ട് ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ശരിയല്ലെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. അങ്ങനെ ആരു പറഞ്ഞു? ഇത്തരത്തില്‍ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല.
വിദേശത്തുള്ളവരെ സംരക്ഷിക്കാന്‍ കേന്ദ്രത്തിനറിയാം. കാരണം അവര്‍ക്ക് രാഷ്ട്രീയബോധത്തിനും മേലേ ഉത്തരവാദിത്തബോധമുണ്ട്. ആ രാജ്യത്തെ സര്‍ക്കാര്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്തതിനാല്‍ മെഡിക്കല്‍ സംഘത്തെതന്നെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചുകഴിഞ്ഞു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ഇറ്റലിയിലും ഇറാനിലും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കും നല്കി. ഇതിന്റെ ഫലം കിട്ടിയാല്‍ മാത്രമെ വിമാനക്കമ്പനികള്‍ യാത്ര അനുവാദവും നല്‍കൂ.
അടിക്കടി വിദേശയാത്ര നടത്തുന്ന മുഖ്യമന്ത്രിക്ക് വിദേശ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടല്ല. കേന്ദ്രസര്‍ക്കാരിനെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തണം. അതാണ് ഇവിടെയും ലക്ഷ്യം. കിട്ടിയ അവസരം പാഴാക്കാതെ എല്ലാ പ്രവാസി മലായാളികള്‍ക്കും ആശങ്ക ഉണ്ടാക്കും വിധം വിണ്ടും പ്രമേയം. വിദേശ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ സംബന്ധിക്കുന്ന കേന്ദ്രത്തിന്റെ പല ഉത്തരവുകളും വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നു വെന്നാണ് പ്രമേയത്തിലെ സാരാംശം. കളി തുടങ്ങിക്കഴിഞ്ഞു. അതു പാര്‍ട്ടി പത്രത്തിലും നവമാധ്യമങ്ങളിലും പിണറായി സ്തുതിയുടെ രൂപത്തില്‍ കാണാനുണ്ട്. സ്വയം സൃഷ്ടിച്ച പ്രളയം പോലെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം കൊറോണ വൈറസ് വച്ച് വിലപേശും എന്ന് അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: