കൊറോണയെ (കോവിഡ് 19) പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്വീകരിക്കുന്ന നടപടികളെല്ലാം മന്ത്രിതല സമിതി യഥാസമയം നിരീക്ഷിക്കുന്നുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഇറാന്, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ കരുതല്‍ കേന്ദ്രത്തിലേക്ക് മാറ്റും. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഇന്ത്യക്കാര്‍ മാറ്റിവെയ്ക്കണം. ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കാനായി മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കൊറോണ ബാധയില്ലെന്ന് വ്യക്തമാകുന്നവര്ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നല്‍കും. ഇറ്റലിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യന്‍ പൗരന്മാരുണ്ട്. പരിശോധന നടത്താതെ ആരെയും കൊണ്ടുവരാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. ഗുരുതരമായ പകര്‍ച്ചവ്യാധി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് രാജ്യത്തോട് ഉത്തരവാദിത്വമുണ്ട്. അസാധാരണ നടപടികള്‍ ആവശ്യമായ അസാധാരണ സാഹചര്യമാണിത്. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഇന്ത്യക്കാര്‍ക്കും സഹായമെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഇറാന്റെ വിവിധ പ്രവിശ്യകളിലായി നിലവിലുള്ളത് 6000 ഇന്ത്യക്കാര്‍. ഇറാനില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെയും മത്സ്യബന്ധന ജീവനക്കാരെയും വിദ്യാര്‍ഥികളേയും ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കും. ഇറാനിലുള്ള 1,100 പേര് മഹാരാഷ്ട്ര, ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. ജമ്മുകശ്മീരില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികളും കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1000 മത്സ്യത്തൊഴിലാളികളും മതപഠനത്തിനും ജോലിക്കുമായി ദീര്‍ഘകാലമായി ഇറാനില്‍ താമസിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ നടപടിയായി ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് കഴിഞ്ഞ മാസം 27ന് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരിച്ചെത്തുന്നവര്‍ക്ക് വൈദ്യ പരിശോധന നടത്തുന്നുണ്ട്. ഇറാനിലുള്ള എംബസിയും ബാന്ദാര്, സഹിദാന് എന്നിവിടങ്ങളിലുള്ള കോണ്‍സുലേറ്റുകളും ഇന്ത്യക്കാരുമായി ഉടനടി ബന്ധപ്പെടുകയും സുഖ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്യുന്നുണ്ട്. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഉറപ്പ്വരുത്തുന്നുണ്ട്.
കൊറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കം മേഖലയിലുള്ള തീര്‍ത്ഥാടകരെ തിരിച്ചെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന. അവരുടെ പ്രായവും താമസ രീതിയും കണക്കിലെടുക്കുമ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായിരുന്നു. അവരുടെ ക്ഷേമം ഉറപ്പ് വരുത്തിക്കഴിഞ്ഞതിനാല് ഇപ്പോള്‍ പരിഗണിക്കുന്നത് വിദ്യാര്‍ഥികളെയാണ്. ഇവരില്‍ കൂടുതലും മെഡിക്കല്‍ വിദ്യാര്‍ഥികളായതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. വിദ്യാര്‍ഥികളുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപെടുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം ആളുകളുമുള്ള മേഖലയില്‍ കൊറോണ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
ഇറാനില്‍ കുടുങ്ങിയവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് രോഗ പരിശോധന നടത്താനായി 6 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ആദ്യഘട്ടമായി 108 പേരുടെ സാമ്പിള്‍ ശനിയാഴ്ച ഇന്ത്യയിലെത്തി. പരിശോധനാ ഫലം നെഗറ്റീവ് ആയ 58 തീര്‍ത്ഥാടകരെ വ്യോമസേനയുടെ സി-17 വിമാനത്തില്‍ ചൊവ്വാഴ്ച തിരിച്ചെത്തിച്ചു. 25 പുരുഷന്മാര്, 31 സ്ത്രീകള്‍, 2 കുട്ടികള്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘം. ഇതേ വിമാനത്തില്‍ 529 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി വന്നിരുന്നു. പൂനെയിലെ വൈറോളജി ലാബില്‍ 229 സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. 229 സാമ്പിളുകളും നെഗറ്റീവാണെന്ന പ്രത്യാശാകരമായ വാര്‍ത്ത ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. പരിശോധന പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ കൊമേഴ്സ്യല്‍ വിമാനത്തില്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഇറാന് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ഇറാന്റെ തെക്കന്‍ പ്രവിശ്യയിലുള്ള മത്സ്യത്തൊഴിലാളികളുമായി ബാന്ദറിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നുണ്ട്. കുറച്ച് ആളുകളെ നേരിട്ട് കണ്ടു. ബാക്കിയുള്ളവരെ ഉടന്‍ കാണും. ഇവരുടെ ആരോഗ്യവും അവശ്യവസ്തു ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാവരും ആരോഗ്യവാന്മാരാണെന്നാണ് വിവരം. ശ്രീനഗര്‍ സന്ദര്‍ശിച്ച വേളയില്‍ ഇറാനിലുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുകയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ എത്രയും വേഗം തിരിച്ചെത്തിക്കാനായി 24 മണിക്കൂറും എംബസി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുകയാണ്.
പരിശോധന 52 ലാബുകളില്‍
രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള 52 ലബോറട്ടറികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഹര്ഷവര്ധന് ലോക്സഭയില്‍ പറഞ്ഞു. 56 ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നു. വൈറസ് ബാധ മറികടക്കാന്‍ അതാതു മണ്ഡലങ്ങളിലെ ജനങ്ങളില്‍ ആവശ്യമായ വിവരങ്ങള്‍ അംഗങ്ങള്‍ നല്‍കണം. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് എല്ലാവരിലും ബോധവല്‍ക്കരണം നടത്തണം.
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 73 ആയി. ഇതില്‍ 56 പേര് ഇന്ത്യന്‍ പൗരന്മാരും 17പേര് വിദേശികളുമാണ്. 73ല്‍ 9 കേസുകള്‍ ഉത്തര്‍പ്രദേശിലാണ്. പുതിയ 13 കേസുകള്‍ വന്നതില്‍ 9 എണ്ണം മഹാരാഷ്ട്രയില്‍ നിന്നും ഓരോന്ന് വീതം ദല്‍ഹി, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുമാണ്. ഒരു വിദേശിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ അടക്കം കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: