ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ വീണ്ടും ഭൂമി വിവാദം. പഞ്ചായത്തിലെ ആറേക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് ആലപ്പുഴ സ്വദേശിക്ക് ലീസിന് നല്കി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത് സംന്ധിച്ച് അന്വേഷണം നടത്തി സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഇഴയുന്നു.
ദേവികുളം സബ് കളക്ടര്‍ ആണ് സംഭവം കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്ദാറിനെതിരെയുള്ള റിപ്പോര്‍ട്ട് ഇപ്പോഴും പൂഴ്ത്തിയിരിക്കുകയാണ്.
കരടിപ്പാറയിലാണ് ആറ് ഏക്കറോളം വരുന്ന ഭൂമി സിപിഐ കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറി ഉദയകുമാര്‍ ലീസിന് നല്‍കിയത്. നാട്ടുകാരാണ് ഇത് സംന്ധിച്ച് ആദ്യം പരാതി നല്‍കിയത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാറും ദേവികുളം സബ് കളക്ടരും നല്കിയ റിപ്പോര്‍ട്ടില്‍ ഭൂമി കൈമാറിയതും ഉദയകുമാറും അച്ഛനുമാണെന്ന് പറയുന്നുണ്ട്. അന്ന് ഭൂമി സന്ദര്‍ശിച്ച മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ നിര്‍മ്മാണങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കൈയേറ്റം ബോധ്യപ്പെട്ടിട്ടും നിയമ നടപടി എടുക്കാതെ തഹസില്‍ദാര്‍ കുറ്റക്കാരെ വെറുതെ വിട്ടെന്നാണ് സബ്കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. കൈയേറ്റത്തിനെതിരെ ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്യേണ്ടതായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് നല്കി ഒരു മാസം പിന്നിടുമ്പോഴും നടപടിയെങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: