കോട്ടയം: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി കലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും ഏറെ ബുദ്ധിമുട്ടിലായി. കല ഒരു ജീവനോപാധിയാക്കി ഉത്സവകാലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും.
നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്സ് സംഘങ്ങള്‍, കഥാപ്രസംഗ കലാകാരന്മാര്, ക്ഷേത്രകലാകാരന്മാര്, കഥകളി, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത് എന്നിവയ്ക്ക് പുറമെ ചെണ്ടമേളം, പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്. ആയിരക്കണക്കിന് കലാകാരന്മാരുടെ കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലാകുന്നു. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി മൈക്ക് സെറ്റ്, പന്തല്‍, പ്രിന്റിങ് പ്രസ്സുകള്‍, ചിന്തിക്കട, ചെറുകിട പലഹാരക്കച്ചവടക്കാര്‍ എന്നിവരൊക്കെ വരുമാനം പ്രതീക്ഷിക്കുന്നത് ഉത്സവകാലത്താണ്. ഓരോ ഉത്സവകാലത്തും കോടിക്കണക്കിന് രൂപയാണ് വിപണിയിലേക്ക് എത്തുന്നത്.
നാടറിയുന്ന ഗജവീരന്മാരുമായി ബന്ധപ്പെട്ടവരും ഉത്സവ വരുമാനത്തെ ആശ്രയിക്കുന്നവരാണ്. രണ്ടു പ്രളയങ്ങള്‍ കലാകാരന്മാരെ തളര്‍ത്തിയിരുന്നു. ഉത്സവ ആഘോഷങ്ങളെല്ലാം നന്നേ കുറവായിരുന്നു. അതില്‍നിന്ന് കരകയറുന്ന പ്രതീതി കൈവ ന്നപ്പോഴാണ് ‘കോവിഡ് 19’ നാടാകെ നിശ്ചലമാക്കുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ഉത്സവങ്ങള്‍ക്കും പൊതുചടങ്ങുകള്ക്കുമെല്ലാം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്െപ്പടുത്തിയതോടെ സ്റ്റേജ് കലാകാരന്മാരും വാദ്യമേളങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായ നല്ലൊരുവിഭാഗം പ്രതിസന്ധിയിലായി.
പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ കോഴിയേയും താറാവിനെയും കൊന്നൊടുക്കിയ കര്‍ഷകര്‍ക്കും വ്യാപാരികള്‍ ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. അതുപോലെ തൊഴിലില്ലാതെ വലയുന്ന കലാകാരന്മാര്ക്കും സഹായം അനുവദിക്കണമെന്ന് നാടക നടന് കോട്ടയം രമേശ് അഭപ്രായപ്പെട്ടു. പല കലാകാരന്മാരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: