ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിച്ചതിന്റെയും അദ്ദേഹത്തെ അനുഗ്രഹിച്ചതിന്റെയും സന്തോഷം മനമാകെ നിറച്ച് കാര്‍ത്ത്യായനിയമ്മ പറയുന്നു. ഇനിയും ദല്‍ഹിക്ക് പോകും. പ്രധാനമന്ത്രിയെ കാണും. പത്താം ക്ലാസ്സ് ജയിച്ച സര്‍ട്ടിഫിക്കറ്റുമായി ഇനി വരാമെന്ന് അദ്ദേഹത്തോട് സമ്മതിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ത്രീകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ നാരീശക്തി പുരസ്കാരം വാങ്ങിയതിന്റെ സന്തോഷത്തില്‍ നാട്ടിലെത്തിയ കാര്‍ത്ത്യായനിയമ്മയെ കാണാന്‍ നാട്ടുകാരും, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തുമ്പോള്‍ കാര്‍ത്ത്യായനിയമ്മ ദല്‍ഹി യാത്രയെപ്പറ്റി വാചാലയാകുകയാണ്. നരേന്ദ്രമോദി എന്റടുത്ത് വന്ന് കെട്ടിപ്പിടിച്ചു, ഒരു മകനെപ്പോലെ അദ്ദേഹത്തെ ഞാന്‍ നിറകണ്ണുകളോടെ അനുഗ്രഹിച്ചു. ഇന്ത്യാ ഗേറ്റും കുത്തബ്മിനാറും ദല്‍ഹിയിലെ പൂന്തോട്ടങ്ങളും കണ്ടതിനെക്കുറിച്ച് യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ അമ്മിണിയമ്മയുടെയും സാക്ഷരതാ പ്രേരക് സതിയുടേയും സഹായത്തോടെ തന്നെ കാണാന്‍ വരുന്നവരോട് കാര്‍ത്ത്യായനിയമ്മ വിശദീകരിക്കുന്നു.
ചന്ദനമുട്ടിയില്‍ തീര്‍ത്ത ഗുരുവായൂരപ്പന്റെ ശില്പമാണ് കേന്ദ്ര മന്ത്രി വി. മുരളീധരന് സമ്മാനിച്ചത്. വീട്ടില്‍ വരുന്നവരെയെല്ലാം ശില്പമെടുത്ത് കാണിക്കുന്നുണ്ട് കാര്‍ത്ത്യായനിയമ്മ.
2018 ആഗസ്റ്റിലാണ് കാര്‍ത്ത്യായനിയമ്മ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ മികച്ച വിജയം നേടിയത്. 96-ാം വയസ്സില്‍ നൂറില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കോടെയായിരുന്നു വിജയം. ഇനി പത്താം ക്ലസ്സും കംപ്യൂട്ടര്‍ പരീക്ഷയും വിജയിക്കാനുള്ള തയാറെടുപ്പിലാണ് കാര്‍ത്ത്യായനിയമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: