കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠം 260ലേറെ പേര്‍ക്ക് ദീക്ഷ നല്കുന്നു. ബ്രഹ്മചാരിണികളും ബ്രഹ്മചാരികളുമായ ശിഷ്യര്‍ക്കാണ് സന്ന്യാസ, ബ്രഹ്മചര്യ ദീക്ഷകള്‍ നല്‍കുന്നത്. അമൃതപുരിയിലെ ആസ്ഥാനത്ത്, നാളെ രാവിലെ 11ന് വൈദികചടങ്ങുകളോടെ ബ്രഹ്മചര്യസന്ന്യാസ ദീക്ഷകള്‍ നല്‍കും. ചടങ്ങുകള്‍ക്ക് മുതിര്‍ന്ന സന്ന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയിദേവി നേതൃത്വം നല്‍കും. 22 വര്‍ഷത്തിന് ശേഷമാണ് മഠത്തില്‍ ദീക്ഷാചടങ്ങുകള് നടക്കുന്നത്.
ശിഷ്യര്‍ക്ക് പുതിയ ദീക്ഷാനാമങ്ങള്‍ അമ്മ നല്‍കും. ഇരുനൂറിലധികം പേര്‍ക്ക് ബ്രഹ്മചര്യദീക്ഷയും അന്‍പതിലധികം പേര്‍ക്ക് സന്ന്യാസദീക്ഷയും നല്‍കും. വര്‍ഷങ്ങള്‍ നീണ്ട ആധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്ന്യാസദീക്ഷ നല്‍കുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം വിവിധ ഭാരതീയദര്‍ശനങ്ങളിലും അവഗാഹം നേടിയതിനുശേഷമാണ് ദീക്ഷ നല്‍കുന്നത്.
ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍, ‘പുരി’ പരമ്പരയുടെ ഭാഗമാണ് മാതാ അമൃതാനന്ദമയി മഠം. 1989ല്‍ സന്ന്യാസദീക്ഷ ലഭിച്ച സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് അമ്മയുടെ പ്രഥമ സന്യാസിശിഷ്യന്. തുടര്‍ന്ന് ഭാരതീയരും വിദേശികളുമടങ്ങുന്ന ശിഷ്യര്‍ക്ക് സന്ന്യാസദീക്ഷ ലഭിച്ചു. സന്ന്യാസി, സന്ന്യാസിനിമാര്‍ കാവിവസ്ത്രമാണ് ധരിക്കുക. സന്ന്യാസിമാരെക്കൂടാതെ ‘ചൈതന്യ’ എന്നവസാനിക്കുന്ന ദീക്ഷാനാമത്തോടെ ബ്രഹ്മചാരി, ബ്രഹ്മചാരിണികള്‍ക്കും അമ്മ ദീക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ മഞ്ഞവസ്ത്രം ധരിക്കും.
സന്ന്യാസ ദീക്ഷയ്ക്ക് മുന്നോടിയായി തന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി, ബന്ധുജനങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒടുവില്‍ തനിക്കുവേണ്ടിയും തര്‍പ്പണം മുതലായ മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യും. പിന്നീട് വിരജാഹോമം ചെയ്ത് ബ്രഹ്മചര്യത്തിന്റെ ചിഹ്നങ്ങളായ ശിഖ(കുടുമ), യജ്ഞോപവീതം(പൂണൂല്) മുതലായവയൊക്കെ ഉപേക്ഷിച്ച് സന്ന്യാസദീക്ഷ സ്വീകരിച്ച് കാഷായവസ്ത്രം ധരിക്കുന്നു. അതോടെ മഹാ ഋഷിമാരുടെ പരമ്പരയുടെ ഭാഗമായിത്തീരുന്നു. ‘ആത്മനോ മോക്ഷാര്‍ത്ഥം’ എന്ന വൈദികദര്ശനം അനുസരിച്ച് ആത്മാവിന്റെ മോക്ഷത്തിനും, ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടി ശിഷ്ടകാലം ഉപയോഗപ്പെടുത്തുന്നു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെയും ലോകാരോഗ്യ സംഘടനയുടെയും പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍, പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി സന്ദര്‍ശകനിയന്ത്രണം തുടരുമെന്ന് ആശ്രമം അറിയിച്ചു. അതുകൊണ്ടുതന്നെ പൊതു പരിപാടിയായല്ല ആശ്രമ അന്തേവാസികള്‍ മാത്രം പങ്കെടുക്കുന്ന രീതിയിലാണ് ദീക്ഷാചടങ്ങുകള് ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: