അബുദാബി : കാഴ്ച പരിമിതര്‍ക്കു വെളിച്ചമേകാന്‍ ലുലു ഗ്രൂപ്പ് യുഎഇ റെഡ് ക്രസന്റുമായി കൈകോര്‍ക്കുന്നു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ദ് റീച്ച് ക്യാംപെയിനിലൂടെയാണ് അന്ധര്‍ക്കു സഹായമെത്തിക്കുക. റിവര്‍ ബ്ലൈന്‍ഡ്‌നെസിലൂടെ കണ്ണില്‍ ഇരുട്ടുമായി ജീവിക്കുന്ന 20 കോടി കാഴ്ചപരിമിതരെ വെളിച്ചത്തിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
3 വര്‍ഷം നീളുന്ന ക്യാംപെയ്‌നിലൂടെ ലുലു പ്രതിവര്‍ഷം 30 ലക്ഷം ദിര്‍ഹം സമാഹരിച്ചുനല്‍കാനാണ് കരാര്‍. ലുലുവില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ കാരുണ്യ പദ്ധതിയിലേക്ക് 2 ദിര്‍ഹം മുതല്‍ സംഭാവന ചെയ്യാം. ഓണ്‍ലൈന്‍ പര്‍ച്ചേസിലും സംഭാവന സ്വീകരിക്കും. മുഷ്‌റിഫ് മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹി, ദ് റീച്ച് പദ്ധതി എംഡി നാസര്‍ അല്‍ മുബാറഖ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ലുലുവിന്റെ യുഎഇയിലെ എഴുപതോളം ശാഖകള്‍ വഴി സംഭാവനകള്‍ സമാഹരിച്ച് റെഡ് ക്രസന്റിനു കൈമാറും. റെഡ് ക്രസന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കുന്നതിലൂടെ ലക്ഷങ്ങളുടെ ജീവിതത്തിലേക്കു വെളിച്ചമെത്തിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി പറഞ്ഞു. ലുലുവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നും കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: