കോഴിക്കോട്: പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം. ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂര്‍, കാരശ്ശേരി മേഖലകളില്‍ പരിശോധന നടത്തിയ സംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും. ദേശാടനപക്ഷികളില്‍ നിന്നാവാം രോഗത്തിന് തുടക്കം. എന്നാല്‍ രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരാത്തത് ആശാവഹമാണെന്ന് സംഘതലവനും എന്‍സിഡിസി ഡയറക്ടറുമായ ഡോ.എം.കെ. ഷൗക്കത്ത് പറഞ്ഞു.
വെസ്റ്റ് കൊടിയത്തൂരിലെ സറീനയുടെ കോഴി ഫാമില്‍ സംഘം പരിശോധന നടത്തി. മനുഷ്യരിലേക്കു പകരാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത ഉണ്ടാകണം. കൊടിയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നതിനുശേഷമാണ് കേന്ദ്ര സംഘം പരിശോധന നടത്തിയത്.
രണ്ടായിരത്തോളം കോഴികള്‍ പക്ഷിപ്പനി ബാധിച്ചു ചത്ത കൊടിയത്തൂര്‍ സ്വദേശി മജീദിന്റ ഫാമിലും സംഘം പരിശോധന നടത്തി. നഷ്ടം പരിഗണിക്കാതെ രോഗബാധ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഫാമുടമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇതു മൂലം വലിയ ആശങ്കയാണ് പരിഹരിക്കപ്പെട്ടത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കരുതല്‍ നടപടികള്‍ നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്. കേന്ദ്രസംഘത്തില്‍ ഡോ. ദീപ്തി റാവത്ത്, ഡോ. ശിവകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: