തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ശക്തമായ താക്കീത്. കൊറോണ വിഷയം കേന്ദ്ര-സംസ്ഥാന പ്രശ്നമായി കാണേണ്ടതില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണെന്നും മുരളീധരന് മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോഗ്യമേഖലയില്‍ യുദ്ധസമാന സാഹചര്യമാണുള്ളത്. വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കും. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കല്‍ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുളളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗമുളളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ ചികില്‍സ നല്‍കുകയാണ് പ്രായോഗികം. ഇറാനിലുളള മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഗണനയിലാണെന്നും മുരളീധരന് പറഞ്ഞു.
വിദേശത്ത് നിന്ന് മലയാളികളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന് തടസം നില്‍ക്കുന്നത് കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടു വരുമെന്നും പിണറായി വിജയന് പറഞ്ഞിരുന്നു.
യഥാര്‍ഥത്തില്‍ വൈറസ് ബാധ കൂടുതല്‍ ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് കേന്ദ്രം സ്വീകരിച്ചു പോരുന്നത്. വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചവരെയും അല്ലാത്തവരേയും വെവ്വേറെ വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിലൂടെ വൈറസ് ബാധയുള്ളവരില് നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ ഇതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: