ന്യൂദല്‍ഹി : കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളതോ അല്ലെങ്കില്‍ അവിടെ നന്ദര്‍ശനം നടത്തിയതോ ആയിട്ടുള്ള വിദേശികള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് 19 വ്യാപകമായി പകരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബ്യൂറോ ഓഫ് എമിഗ്രേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിലവില്‍ ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് താത്കാലികമായി നിരോധനം കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ ഇന്ത്യയിലുള്ള വിദേശികള്‍ വിസയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അടുത്തുള്ള എഫ്ആര്‍ആര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നുള്ള മലയാളികളുടെ സംഘത്തില്‍ നിന്നും കോവിഡ് 19 രാജ്യത്ത് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബ്യൂറോ ഓഫ് എമിഗ്രേഷന്‍ കര്‍ശ്ശന നടപടി കൈക്കൊണ്ടത്. 42 പേരാണ് ഇറ്റലിയില്‍ നിന്നും എത്തിയത്.
ഇറ്റലിയില്‍നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ പുനലൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരെ വീടുകളില്‍ 28 ദിവസത്തോളം നിരീക്ഷണത്തില്‍ തന്നെ താമസിപ്പിക്കുമെന്നും അതിനുശേഷം മാത്രമേ വീടിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവര്‍ പുനലൂരിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: