കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറി തുറക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത് കോര്‍പറേഷനിലെ ഇടതു കൗണ്‍സിലര്‍മാര്‍. സിപിഐ ഒഴികെയുള്ള ഇടതു കൗണ്‍സിലര്‍മാരാണ് ഒറ്റക്കെട്ടായി പ്രമേയത്തെ എതിര്‍ത്തത്. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന് ആണ് കോംട്രസ്റ്റ് ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന പ്രമേയം അവതരിപ്പിച്ചത്.
ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎം, എല്‍ജെഡി, എന്‍സിപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ സഭയിലുണ്ടായിരുന്ന ഏക സിപിഐ അംഗം നിഷ്പക്ഷത പാലിച്ചു. ഫാക്ടറി ഏറ്റെടുക്കണമെന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ഭൂമാഫിയകള്‍ക്ക് കമ്പനി ഭൂമി വില്പന നടത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നതെന്ന് നമ്പിടി നാരായണന് പറഞ്ഞു. കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി ഒറ്റയ്ക്കും ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയും പ്രതിഷേധങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോംട്രസ്റ്റ് തുറക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും സ്മാരകമായി നിലനിര്‍ത്തുമെന്നാണ് പറഞ്ഞതെന്നും അതിനാല്‍ പ്രമേയത്തെ അനുകൂലിക്കാനാവില്ലെന്നും നഗരാസൂത്രണ സ്ഥിരം സമിതി ചെയര്മാന് എം.സി. അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാറിനെ പിന്തുണച്ച് സിപിഎം കൗണ്‍സിലറായ കെ.കെ. റഫീഖും രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവും ലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായ സി. അബ്ദുറഹിമാന് പ്രമേയത്തെ പിന്തുണക്കുന്നതായും ഐക്യകണ്ഠേന പാസ്സാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തതോടെ യോഗം നിയന്ത്രിച്ചിരുന്ന പി.സി. രാജന് പ്രമേയം വോട്ടിനിട്ടു. ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎം, എല്‍ജെഡി, എന്‍സിപി അംഗങ്ങള്‍ പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്തു. സിപിഐ അംഗവും നികുതി അപ്പീല്‍ കാര്യ സ്ഥിരം സമിതി ചെയര്‍മാ നുമായ ആശ ശശാങ്കന് നിഷ്പക്ഷത പാലിച്ചു. ഭൂരിപക്ഷം പ്രമേയത്തെ എതിര്‍ത്തതോടെ പ്രമേയം പാസ്സാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: