കോഴിക്കോട്: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊറോണ ജാഗ്രതയും തുടരുന്നതിനിടെ കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനടക്കം ആറ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ദുബായിൽ വിനോദയാത്രയ്‌ക്ക് പോയതായി ആരോപണം.
കൗണ്‍സിലിനെ അറിയിക്കാതെയും മേയറുടെ അനുമതി ഇല്ലാതെയുമാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കമ്മിറ്റിയംഗങ്ങളായ മുല്ലവീട്ടില്‍ മൊയ്തീന്‍കോയ, വി.ടി. സത്യന്‍, പി. ബിജുലാല്‍ എന്നിവരും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, അംഗം എം.പി. സുരേഷ് എന്നീ ആറുപേര്‍ വിനോദയാത്രയ്‌ക്ക് പോയതെന്ന് യുഡിഎഫിലെ സയ്യിദ് മുഹമ്മദ് ഷമീല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. യാത്രയുടെ കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദുബായ് യാത്ര കഴിഞ്ഞ് തിരികെയെത്തുന്ന ഇവര്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണം മൂലം നഗരസഭയുടെ ബജറ്റ് ചര്‍ച്ചയിലടക്കം പങ്കെടുക്കാന്‍ കഴിയില്ലെന്നും ഷമീല്‍ പറഞ്ഞു.
എന്നാല്‍ തന്റെ അനുമതിയോടെയാണ് ഇവര്‍ യാത്ര പുറപ്പെട്ടതെന്നാണ് മേയര്‍ യോഗത്തില്‍ മറുപടി നല്‍കിയത്. അനുമതിയുടെ രേഖയുണ്ടോ എന്ന ചോദ്യത്തിന്, തന്റെ ചേംബറില്‍ വന്നാല്‍ കാണിക്കാമെന്ന് മേയര്‍ മറുപടി നല്‍കി. അതേസമയം, മുല്ലവീട്ടില്‍ മൊയ്തീന്റെ ബന്ധുക്കളുടെ ക്ഷണപ്രകാരമാണ് യാത്രയെന്ന് ഡെപ്യൂട്ടി മേയര്‍ പ്രതികരിച്ചു. ആറംഗ സംഘം മാര്‍ച്ച് 15ന് മടങ്ങിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: