Categories: Kerala

കൊറോണക്കാലത്തും വ്യാജവാര്‍ത്തയുമായി 24 ന്യൂസ്; നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

Published by

തൃശൂര്‍: കൊറോണ  വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയ 24 ന്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍. ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.  മാര്‍ച്ച് ഒമ്പതിന് നടത്തിയ ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’യിലൂടെ വ്യാജപ്രചരണമാണ് 24 ന്യൂസ് ചാനല്‍ നടത്തിയതെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.  

ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കൈയും മെയും മറന്ന് പങ്കാളികളാവുന്ന സാഹചര്യത്തില്‍ മനഃപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രസ്തുത ഷോയിലൂടെ ശ്രമം നടന്നതെന്ന് ഡി.എം.ഒ വ്യക്തമാക്കി.

ചാനലില അതിഥിയായി എത്തിയ ഡോ. ഷിനു ശ്യാമളന്‍ വ്യാജ പ്രചരണമാണ് നടത്തിയത്. ഷിനുവിന്റെ അടുത്ത്  ചികിത്സ തേടിയെത്തിയ ആള്‍ 2020 ജനുവരി 31നാണ് തൃശൂരില്‍ എത്തിയത്. ഇതുപ്രകാരം കോവിഡ്-19 വൈറസ് ബാധയുടെ ഇന്‍ക്യുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിക്കും. എന്നാല്‍, കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് 28 ദിവസം ആണ് നിര്‍ബന്ധിത മാറ്റിനിര്‍ത്തല്‍ (ക്വാറന്‍ൈറന്‍) കാലാവധി. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാല്‍ ഡോ. ഷിനു ശ്യാമളന്‍ ഈ സംഭവത്തില്‍ ജാഗ്രത കാണിച്ചില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. പകരം വിദേശത്തുനിന്ന് വന്നയാള്‍ എന്ന നിലയില്‍ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി.

പനിയായി വന്നയാള്‍ തിരിച്ച് വിദേശത്ത് എത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണ് എന്ന് പറയുന്നത് ഡോ. ഷിനു ശ്യാമളന് നിലവില്‍ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികള്‍ അറിയാത്തതുകൊണ്ടാണ്. ഖത്തറില്‍ ഇപ്പോള്‍ പുറത്തുനിന്നുവരുന്ന എല്ലാവര്‍ക്കും 14 ദിവസം നിര്‍ബന്ധിത ക്വാറന്‍ൈറന്‍ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കോവിഡ്-19 ആയതുകൊണ്ടല്ല അവിടെ ആശുപത്രിയില്‍ ആക്കിയിരിക്കുന്നത്. ഡോക്ടറായാലും മറ്റ് ആരോഗ്യ പ്രവര്‍ത്തകരായാലും നിര്‍ബന്ധമായും സാര്‍വത്രികമായ മുന്‍കരുതല്‍ എടുത്തിരിക്കണം. ഒരു രോഗിയെ കണ്ടയുടന്‍ സ്വന്തം കുട്ടിയെ കാണാതെ മാറിനില്‍ക്കേണ്ടി വരുന്നുവെന്നത് ഡോ. ഷിനുവിന്റെ കാര്യത്തില്‍ അറിവില്ലായ്മയും വീഴ്ചയും ആണ്.

ഡോ. ഷിനു ശ്യാമളന്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടര്‍ ഷിനുവിനേയും അറിയിച്ചിരുന്നു.  

യാഥാര്‍ഥ്യം ഇതായിരിക്കേ ഡോ. ഷിനു ശ്യാമളന്‍ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ 24 ന്യൂസ് ചാനലിലെ അവതാരകന്‍ ശ്രീകണ്ഠന്‍ നായരും ഡോ. ഷിനു ശ്യാമളന്‍ നേരിട്ടും ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരേയും കുറിച്ച് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ പ്രസ്താവനകള്‍ ചാനലില്‍ നടത്തിയതായി ഡി.എം.ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിയമനടപടിക്ക് ഉത്തരവിട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by