ബെംഗളൂരു: കര്‍ണാടകത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വൈറ്റ് ഫീല്‍ഡ് സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയറുടെ ഭാര്യ, പതിമൂന്ന് വയസ്സുള്ള മകള്‍ എന്നിവര്‍ക്കും യുഎസ്സില്‍ നിന്ന് തിരികെയെത്തിയ അന്‍പതു വയസ്സുകാരനുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരെയും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സയന്‍സില്‍ പ്രവേശിപ്പിച്ചു.
നാലുപേരുമായും അടുത്തിടപെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് ദുബായ് വഴി ബെംഗളൂരുവിലെത്തിയ സോഫ്റ്റ്വെയര് എഞ്ചീനിയര്‍ക്ക് തിങ്കളാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്കൂളിന് അവധി നല്കാന് നിര്‍ദേശിച്ചിരുന്നു.
സ്കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ 2500ലധികം പേരെ ഈ കുടുംബം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്. കൊറോണ സ്ഥിരീകരിച്ച അന്‍പതു വയസ്സുകാരന് ഇതിനോടകം 12 പേരുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. കൊറോണ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ചികിത്സ തേടാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നാലു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നും കൂടുതല്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറഞ്ഞു.
സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 760 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. ഒന്‍പതു പേരെ ആശുപത്രികളിലെ നിരീക്ഷണ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ആറുപേര്‍ ബെംഗളൂരുവിലും ഹസന്, ബാഗല്‍കോട്ട്, ദക്ഷിണ കന്നഡ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ചികിത്സ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: