കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ടസമിതി വിവരങ്ങള്‍ ശേഖരിച്ചു. സമിതി അംഗം എ. വിനോദ് ആണ് ഇന്നലെ ജസ്പ്രീതിന്റെ വീട്ടിലും കോളേജിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചത്. ജസ്പ്രീതിന്റെ കുടുംബത്തിന്റെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്, യുജിസി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് കൈമാറുമെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. ഹാജര്‍ കുറവാണെങ്കിലും പരീക്ഷയെഴുതാന്‍ തുടര്‍ന്ന് എന്തുചെയ്യണമെന്ന കാര്യത്തെക്കുറിച്ച് നിര്‍ദേശം നല്കാന് പോലും കോളേജ് അധികൃതര്‍ തയാറായിട്ടില്ലെന്നാണ് കുടുംബാംഗങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പരീക്ഷ എഴുതാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കുകയാണ് പ്രിന്‍സിപ്പാളും അധ്യാപകരും ചെയ്തത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.
ഒരു അധ്യാപികയില്‍ നിന്ന് വംശീയ അധിക്ഷേപമുണ്ടായെന്ന കാര്യം കുടുംബം നല്കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെ ഗൗരവമായാണ് കാണുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഗോഡ്വിന് സാമ്രാജ് പറയുന്നത്. മരണം നടന്ന് പത്തു ദിവസമായിട്ടും പ്രിന്‍സിപ്പാളോ കോളേജ് അധികൃതരോ ജസ്പ്രീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ തയാറായിട്ടില്ല.
കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമത്തിന്റെ കൂടി ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഇന്നേവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ആരോപണവിധേയരായവരെ മാറ്റിനിര്‍ത്തി സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ജസ്പ്രീതിന്റെ വീട്ടിലെത്തി അച്ഛന് മന്മോഹന് സിങ്, അമ്മ ഹര്‍മീത് കൗര്‍, സഹോദരങ്ങളായ ബെല്വിന്ദര് കൗര്‍, ഖുര്‍മീത് കൗര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം അദ്ദേഹം കോളേജിലെത്തി പ്രിന്സിപ്പാളെ കണ്ടു.
















