തിരുവനന്തപുരം: സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടപടികള്‍ താളംതെറ്റി. പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഉത്തരക്കടലാസുകള്‍ പായ്ക്ക് ചെയ്യാനായില്ല. ഇതോടെ പരീക്ഷാ ചീഫ് സൂപ്രണ്ടുമാരും അധ്യാപകരും കുഴങ്ങി. പരീക്ഷാ നടത്തിപ്പിനായുള്ള ഐ എക്സാംസ് എന്ന സോഫ്റ്റ്വെയറിന്റെ തകരാറാണ് അധ്യാപകരെ വലച്ചത്.
പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസുകള്‍ പായ്ക്ക് ചെയ്യുന്നതിനുള്ള സ്ലിപ്പുകള്‍, പായ്ക്കിനു മുകളില്‍ പതിക്കാനുള്ള ലേബലുകള്‍, ഉത്തരക്കടലാസിനൊപ്പം അയയ്ക്കാനുള്ള മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയൊന്നും ലഭ്യമാകാതെ പരീക്ഷാ സോഫ്റ്റ്വെയര് തകരാറിലാവുകയായിരുന്നു. പരീക്ഷ തുടങ്ങി രണ്ടു മണിക്കൂറിനു ശേഷമാണ് പരീക്ഷയെഴുതുന്നവരുടെ വിവരങ്ങള്‍ നല്‍കാനുള്ള ലിങ്ക് ഓണ്‍ലൈനായി ലഭ്യമായത്. ഇതിനു ശേഷമാണ് വീണ്ടും സോഫ്റ്റ്വെയര് തകരാറിലായത്.
പരീക്ഷ കഴിഞ്ഞ് മണിക്കൂറുകളെടുത്താണ് വിവരങ്ങള്‍ പൂര്‍ണമായി അപ്ലോഡ് ചെയ്യാനായത്. ഇതോടെ രാവിലെ പരീക്ഷാ ചുമതലയ്ക്ക് വന്ന അധ്യാപകര്‍ക്ക് ഏറെ വൈകിയാണ് ജോലി പൂര്‍ത്തിയാക്കാനായത്. എന്നാല്‍ ഇതേ സോഫ്റ്റ്വെയര് ഉപയോഗിച്ച് നടത്തിയ എസ്എസ്എല്‍സി പരീക്ഷാ ജോലികള്‍ മുടക്കം കൂടാതെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: