തിരുവനന്തപുരം: എട്ടു പേര്‍ക്കു കൂടി കൊറോണ (കോവിഡ് 19) ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സാഹചര്യമെന്നു വിലയിരുത്തി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ കൊറോണ ബാധിതരുടെ എണ്ണം പതിനാലായി.
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിലെ ഗൃഹനാഥന്റെ അച്ഛനമ്മമാര്‍, വൈറസ് ബാധയെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുള്ള കുഞ്ഞിന്റെ അച്ഛനമ്മമാര്‍ എന്നിവരടക്കം എട്ടു പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കളാണ് മറ്റു നാലുപേരും. ഇവരില്‍ രണ്ടു പേര് കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടു പേര് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്. പത്തനംതിട്ട ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഒന്‍പതായി.
വൈറസിന്റെ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ഉത്സവങ്ങള്‍, സ്വകാര്യ-രാഷ്ട്രീയ പൊതുപരിപാടികള്‍ മാര്‍ച്ച് 31 വരെ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൊതുപരിപാടികളെല്ലാം സര്‍ക്കാര്‍ ഉപേക്ഷിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും ഒഴിവാക്കി. അതേസമയം എട്ട്, ഒമ്പത്, പത്ത്, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല. സിബിഎസ്സിയും നിര്‍ദേശം അംഗീകരിച്ചു.
1495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1236 പേര് വീടുകളിലും 259 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു. തിയറ്ററുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍, തിരുനക്കര ക്ഷേത്രങ്ങളിലെ ഉത്സവപരിപാടികള്‍ ചടങ്ങുകള്‍ മാത്രമായി നിയന്ത്രിച്ചു നടത്താന്‍ അതാതു ദേവസ്വങ്ങള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: