ചില പ്രസംഗകര്‍ ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല’ എന്നു പറയുമ്പോള്‍ പാവം ശ്രോതാക്കള്‍ ആശ്വസിക്കും. പക്ഷേ കാര്യമില്ല. അവര്‍ പൂര്‍വാധികം ആവേശത്തോടെ പ്രസംഗം തുടരും. കുറച്ചുനേരം കഴിയുമ്പോള്‍ വീണ്ടും പറയും, ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല.’ ഇടയ്ക്കിടെ ഇങ്ങനെ ആവര്‍ത്തിച്ച് അവര്‍ പ്രസംഗം നീട്ടിക്കൊണ്ടുപോകും. പ്രസംഗഭാഷയില്‍ ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല’ എന്ന പ്രയോഗത്തിനര്‍ത്ഥം ‘ഞാന്‍ ദീര്‍ഘിപ്പിക്കും’ എന്നാണ്. അറിയാവുന്നവര്‍ ആ പ്രയോഗം കേട്ടാല്‍ ഉടന്‍ സ്ഥലം വിടും!
പ്രസംഗഭാഷയില്‍ ഇത്തരം രസകരമായ പ്രയോഗങ്ങള്‍ ഒട്ടേറെയുണ്ട്. പലരും പ്രസംഗത്തിനിടെ അവ പ്രയോഗിച്ച് സ്വയം രസിക്കും, ശ്രോതാക്കളെ മുഷിപ്പിക്കും.
”അടുത്തതായി ശ്രീ വിജയഭാസ്കരന്‍ നിങ്ങളോട് രണ്ടു വാക്കു സംസാരിക്കും” എന്ന് അധ്യക്ഷന്‍ പറഞ്ഞെന്നിരിക്കട്ടെ. രണ്ടായിരം വാക്കുകളെങ്കിലും സംസാരിക്കാതെ വിജയഭാസ്കരന്‍ നിര്‍ത്തില്ല. പ്രസംഗഭാഷയില്‍ ‘രണ്ട് വാക്ക്’ എന്നതിനര്‍ത്ഥം പ്രസംഗകന് ഇഷ്ടമുള്ളത്ര വാക്കുകള്‍ എന്നാണ്. അത് ഇരുപതോ ഇരുന്നൂറോ രണ്ടായിരമോ ഇരുപതിനായിരമോ ആകാം. ശ്രോതാക്കള്‍ ഭാഗ്യമേറിയവരാണെങ്കില് വാക്കുകളുടെ എണ്ണം കുറയും!
”ഈ യോഗത്തിന്റെ സംഘാടകനായ എന്റെ പ്രിയ സുഹൃത്ത് നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് ഞാനിവിടെ ഒരു പ്രസംഗകനായി എത്തിയത്.”
ഈ ആമുഖം കേട്ടാല്‍ കക്ഷിക്ക് പ്രസംഗത്തില്‍ ഒട്ടും താല്പര്യമില്ലെന്ന് തോന്നും. ഇതിന്റെ അര്‍ത്ഥം ”ഞാന്‍ ഏറെ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് യോഗത്തിന്റെ സംഘാടകനായ എന്റെ പ്രിയ സുഹൃത്ത് എന്നെയും പ്രസംഗകരില്‍ ഉള്‍പ്പെടുത്തിയത്” എന്നാണ്!
”എനിക്ക് മുന്‍പ് പ്രസംഗിച്ച എന്റെ പ്രിയ സുഹൃത്തായ പ്രൊഫസര്‍, ഈ വിഷയത്തെക്കുറിച്ചു പറയാനുള്ളതെല്ലാം വളരെ വിശദമായും ഭംഗിയായും പറഞ്ഞതിനാല്‍ ഞാന്‍ അതിലേക്കു കടക്കുന്നില്ല. ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.”
ഇങ്ങനെ പ്രസംഗം തുടങ്ങുന്ന കക്ഷി വിഷയത്തിലേക്കു കടക്കുകയും ഒന്നല്ല ഒരായിരം കാര്യങ്ങള്‍ പറയുകയും ചെയ്യും. ആമുഖ വാക്യത്തിന്റെ അര്‍ത്ഥമെന്തെന്ന് ഇങ്ങനെ കക്ഷിതന്നെ വ്യക്തമാക്കിത്തരുന്നു!
”പ്രശസ്ത എഴുത്തുകാരും ചിന്തകരും അലങ്കരിക്കുന്ന ഈ വേദിയില്‍ ഞാനൊരധികപ്പറ്റാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.”
”ഈ വേദി അലങ്കരിക്കാന്‍ ഇവരെപ്പോലെതന്നെ എനിക്കും യോഗ്യതയുണ്ട്” എന്നാണ് ഈ അതി വിനയ പ്രകടനത്തിന്റെ അര്‍ത്ഥം.
”ഞാനൊരു പ്രഭാഷകനല്ല” എന്നു പറഞ്ഞുകൊണ്ടായിരിക്കും ചിലരുടെ തുടക്കം. ‘പ്രഭാഷണം’ ഒടുക്കമില്ലാതെ നീളും. ഇത്ര നന്നായി പ്രഭാഷണം ചെയ്യുന്ന ആളാണോ ‘ഞാനൊരു പ്രഭാഷകനല്ല’ എന്നു പറഞ്ഞതെന്നോര്ത്ത് ശ്രോതാക്കള്‍ അത്ഭുതാദരങ്ങളോടെ തന്നെ നോക്കണമെന്നാണ് കക്ഷിയുടെ ആഗ്രഹം. പ്രസംഗ ഭാഷയില്‍ ഇതിന്നര്‍ത്ഥം ‘ഞാനൊരു നല്ല പ്രഭാഷകനാണ്” എന്നാണ്.
”എന്റെ പ്രസംഗം കേള്‍ക്കാനല്ല, തുടര്‍ന്നുള്ള കലാപരിപാടികള്‍ കാണാനാണ് നിങ്ങള്‍ ഇരിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം.”
അര്‍ത്ഥം: ”എനിക്കിഷ്ടമുള്ളത്ര നേരം ഞാന്‍ പ്രസംഗിക്കും. അതു കഴിഞ്ഞിട്ട് കലാപരിപാടികള്‍ കണ്ടാല്‍ മതി. ഇരിക്കവിടെ.”
ഇപ്പോള്‍ മനസ്സിലായില്ലേ, പ്രസംഗഭാഷ എന്നൊരു വിഭാഗവും മലയാളത്തിനുണ്ടെന്ന്. പ്രസംഗമെന്ന പോലെ പ്രസംഗഭാഷയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു!
പിന്കുറിപ്പ്
സ്വാഗത പ്രസംഗത്തില്‍ നിന്ന്:
”നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എന്നെയും ഞാന്‍ ഈ യോഗത്തിലേക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഹാര്‍ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: