വൈദികമായ ഷഡ്ദര്ശനങ്ങളിലൊന്നായ ന്യായശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് മേധാതിഥിഗൗതമനാണ് എന്നാണ് പൊതുധാരണ.
സതീശ്ചന്ദ്രവിദ്യാഭൂഷണന് തന്റെ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ലോജിക് എന്ന പുസ്തകത്തില്‍ ഭാരതത്തിലെ ന്യായദര്ശനത്തിന്റെതുടക്കമിട്ടത് ഈ ഗൗതമനാണ് എന്നു പറയുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ ധാരണ ശരിയല്ലെന്നും ആയുര്വേദാചാര്യന്മാരാണ് ന്യായചിന്ത (logical thinking) യ്ക്കു തുടക്കം കുറിച്ചതെന്നും തെളിയുന്നതായി ദാസ്ഗുപ്ത്യുടെ അഭിപ്രായം. ചരകസംഹിതയില്രോഗത്തിന്റെ കാരണം, പരിഹാരം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ നിരവധി ആചാര്യന്മാരുടെ പേരുകള്‍ പറയുന്നുണ്ട്.
ആത്രേയഗൗതമന്‍, ഭിക്ഷു ആത്രേയന് എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇവരില്‍ ഭരദ്വാജന് എല്ലാവരുടെയും സമ്മതത്തോടെ ഇന്ദ്രസമീപം ചെന്ന് വൈദ്യശാസ്ത്രം പഠിക്കുന്നു. ഇന്ദ്രന് രോഗഹേതു (cause), രോഗലിംഗം(ലക്ഷണം,symptom), ഔഷധം (mediine) എന്നീ മൂന്നു കാര്യങ്ങള്‍ ഭരദ്വാജനെ പഠിപ്പിക്കുന്നു. ഭരദ്വാജന് തിരികെ വന്ന് ഈ സദസ്സിന്റെ മുന്നില്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ നിരത്തുന്നു. പിന്നീട് ആത്രേയന് എന്ന ആചാര്യന് അഗ്നിവേശന്‍, ഭേളന് തുടങ്ങിയ ആറു ശിഷ്യന്മാര്ക്ക് ഈ ആയുര്‍വേദത്തെ പകര്‍ന്നുനല്‍കുന്നു. ചക്രപാണി പറയുന്നത് ഈ പുനര്വസുആത്രേയന് ഭരദ്വാജശിഷ്യനാണ് എന്നാണ്.
ഈ ഐതിഹ്യത്തില്‍ നിന്നും നമുക്കു മനസ്സിലാകുന്നത്, തുടക്കം തൊട്ടുതന്നെ ആയുര്‍വേദം യുക്തിബദ്ധമായ അന്വേഷണ (rational investigation) ത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ ഹേതു, ലിംഗം എന്നിവയെക്കുറിച്ച് സമഗ്രമായി ചിന്തിച്ചിരുന്നു, എന്നതാണ്. ചരകസംഹിതയിലെ നിദാനസ്ഥാനത്ത് ഹേതു, നിമിത്തം, ആയതനം, കര്തൃ, കാരണം, പ്രത്യയം, സമുത്ഥാനം, നിദാനം എന്നീ ആറും പര്യായങ്ങളായി ചരകന്‍ പറയുന്നു. ഇവയില്‍ പ്രത്യയം, ആയതനംഎന്നീ പദങ്ങള്‍ ബൗദ്ധസാഹിത്യത്തിലാണ് കൂടുതലും പ്രയോഗിച്ചു കാണുന്നത്. ഇത്രയും പര്യായപദങ്ങള്‍ സൂചിപ്പിക്കുന്നത് ചരകനു മുമ്പ് ഈ വിഷയംകൈകാര്യം ചെയ്യുന്ന അതിവിപുലമായ സാഹിത്യം വൈദിക അവൈദികവേര്തിരിവുൂ കൂടാതെ നിലനിന്നിരുന്നു എന്നതാണ്. ആയുര്‍വേദം പ്രധാനമായും നേരിടുന്നചോദ്യങ്ങള് മൂന്നാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എങ്ങിനെയാണ്?, അവയെ എങ്ങനെ തിരിച്ചറിയാം?, അവയെ എങ്ങനെ ശമിപ്പിക്കാം? ചരകസംഹിതയില്‍ ഈ ചോദ്യങ്ങളുടെ ഉത്തരം തേടുന്ന യുക്ത്യധിഷ്ഠിതമായ രീതി വിശദമാക്കുന്നുണ്ട്. രോഗഹേതുവില് നിന്നും ഇന്ന രോഗം എന്ന ഫലനിര്‍ണയം, ഇന്ന രോഗം എന്ന ഫലത്തിന് നിന്നും ഇന്നിന്ന അപത്ഥ്യം എന്ന രോഗഹേതുനിര്ണ്ണയം എന്ന രണ്ടു തരം അനുമാനങ്ങള്‍ വൈദ്യന്മാര് സാധാരണമായി പ്രയോഗിക്കുന്നു. ചരകന്റെ അഭിപ്രായത്തില്‍ നിദാനം (cause and effetcrelation), പൂര്‍വരൂപം (the method of invariable prognostication), ഉപശയം (method of concommient variation) എന്നീ മൂന്ന് ഉപായങ്ങളാണ് രോഗനിര്‍ണ്ണയത്തില്‍ മുഖ്യമായും ഉപയോഗിക്കേണ്ടത്. നിദാനം, പൂര്‍വരൂപം, രൂപം, ഉപശയം, സംപ്രാപ്തി എന്നിങ്ങനെ അഞ്ചുതരത്തിലാണ്(നിദാനം പഞ്ചലക്ഷണം) ആയുര്‍വേദം രോഗത്തെ വിശദമായി വിലയിരുത്തി തിരിച്ചറിയുന്നത് (diagnosis). രോഗലക്ഷണങ്ങളില്‍ ചിലത് ഒരു പ്രത്യേകരോഗത്തിന്റേതു മാത്രമാകാം. മറ്റു ചിലത് പല രോഗങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്നതാകാം. ഇത്തരം സങ്കീര്ണ്ണലക്ഷണങ്ങളില് നിന്നും യഥാര്ത്ഥരോഗത്തിന്റെ നിര്‍ണ്ണയം ഈ ്അഞ്ചുതരം പ്രക്രിയയിലൂടെ ഒരു വൈദ്യനു കണ്ടെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: