ലോകത്തെയാകെ ആശങ്കയിലാക്കുന്ന ഒരു മഹാമാരി റിപ്പോര്‍ട്ടു ചെയ്യുന്നതിനെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങളും ആലോചിക്കേണ്ട സമയമായി. ആഗോള മാധ്യമങ്ങളില്‍ പലതും ഇത് എങ്ങനെ ചെയ്യണമെന്ന് സ്വന്തം പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴി ഇപ്പോള്‍തന്നെ കേരളത്തില്‍ ധാരാളം വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇവയെ നേരിടേണ്ട ബാധ്യതയും അതേസമയം തന്നെ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിയുടെ ശബ്ദത്തില്‍പോലും വ്യാജവാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇതിനുപുറമെയാണ് ലോകാരോഗ്യസംഘടന, യൂനിസെഫ് തുടങ്ങിയവയുടെ ലേബലില്‍ വരുന്ന വ്യാജ വിവരങ്ങള്‍.
ഫെയ്സ്ബുക്കും ട്വിറ്ററുകളും കോവിഡ്19 രോഗത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ പകച്ചുനില്‍ക്കുകയാണ്.
ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടക്കാരായ മലയാളി കുടുംബാംഗങ്ങളെ അധിക്ഷേപിക്കാന്‍ കിട്ടിയ അവസരവും ആരും വെറുതെ വിടുന്നില്ല. നിപ്പ കേരളത്തിലെത്തിയ സമയത്തെക്കാള്‍ കൂടുതലായി സമൂഹമാധ്യമങ്ങള്‍ സ്വാധീനവും സാന്നിധ്യവും തെളിയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാഹചര്യത്തില്‍ വസ്തുതാപരമായ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി.
ഇക്കാര്യത്തില്‍ പാലിക്കേണ്ട മാധ്യമ മര്യാദകള്‍ ലോകത്തില്‍ പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഭീതി ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും വിവര വിനിമയത്തിനും തമ്മില്‍ നേരിയ അതിര്‍വരമ്പു മാത്രമെയുള്ളു എന്നതാണ് ഏറ്റവും പ്രധാനം. ഒരു പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്താലുടനെ ആ പ്രദേശത്തെ മുഴുവന്‍ രോഗകേന്ദ്രമായി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന വിവേചനത്തെക്കുറിച്ച് വിവരിക്കേണ്ട കാര്യമില്ല. നിപ്പയുടെ കാര്യത്തില്‍ കോഴിക്കോട്ടുകാര്‍ ഇത് അനുഭവിച്ചിട്ടുണ്ടായിരിക്കണം.
കോവിഡിന്റെ കാര്യത്തില്‍ ഇങ്ങനെ ഇരയായത് ചൈനയാണ്. ഇറ്റലിയില്‍ അതിലും വേഗത്തില്‍ രോഗം വ്യാപിച്ചിട്ടും ചൈനയെ മാത്രം ഇപ്പോഴും കുറ്റം പറയുന്നവര്‍ ധാരാളം. തീര്‍ച്ചയായും ചൈന ഇരുമ്പുമറയ്ക്കുള്ളില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകാം. പക്ഷേ ആ രാജ്യത്തെ ജനങ്ങള്‍ തന്നെ അത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന കാര്യം മറക്കരുത്. ഇതേ സ്ഥിതി പത്തനംതിട്ടയുടെ കാര്യത്തിലും കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇന്നലെയാണ് ഒരു വ്യാജവാര്‍ത്ത ഉക്രെയിനിലെ Novi Sanzhary എന്ന നഗരത്തില്‍ കലാപം സൃഷ്ടിച്ചത്. ചൈനയിലെ രോഗബാധിതരായ ഉക്രെയിന്‍കാരെ ഈ ചെറുപട്ടണത്തിലേയ്ക്ക് കൊണ്ടുവരുന്നുവെന്ന് ആരോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു.
ചൈനയെപ്പോലെയല്ല കേരളത്തിലെയോ ഇന്ത്യയിലെയോ സംഭവങ്ങള്‍. ഇവിടെ സുതാര്യമായി എല്ലാം പറയാന്‍ ആളുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഡോക്ടര്‍മാരും സാമൂഹികപൊതു പ്രവര്‍ത്തകരും പൊതുജനാരോഗ്യ പ്രവര്‍ത്തകരുമുണ്ട്. അതുകൊണ്ടുതന്നെ വിവരങ്ങളുടെ വിശ്വാസ്യത തേടി മാധ്യമപ്രവര്‍ത്തകര്‍ക്ക് അലയേണ്ട കാര്യമില്ല. വാര്‍ത്തയുടെ വസ്തുതകളും വിശ്വാസൃതയും കാത്തുസൂക്ഷിക്കണമെന്നേയുള്ളു.
കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടാന്‍ സാധ്യതയുള്ള ചതിക്കുഴികളെക്കുറിച്ച് ലോകമെങ്ങും പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അവയുടെ ആകെത്തുക ഇങ്ങനെയാണ്:
1. പശ്ചാത്തല വിവരണത്തിന് ഇന്റര്‍നെറ്റിനെ അതിരുകടന്ന് വിശ്വസിക്കരുത്. കോവിഡ്19 നെക്കുറിച്ച് ശാസ്ത്രലോകത്തിനുതന്നെ പരിമിതമായ വിവരങ്ങളെയുള്ളു. പക്ഷേ ഇപ്പോഴത്തെ വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും നടത്താന്‍ രംഗത്തിറങ്ങുന്നവര്‍ ധാരാളമുണ്ട്. വിവരങ്ങള്‍ കടമെടുക്കുന്നത് വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും സ്ഥാപനങ്ങളില്നിന്നുമായിരിക്കണം.
2. നമ്മുടെ റിപ്പോര്‍ട്ടര്‍മാര്‍ കോവിഡ് 19നെക്കുറിച്ച് വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും നടത്തുന്നത് അപകടമാണ്. വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു മാത്രമാണ് കരണീയം.
3. ചൈനയാണ് ഇപ്പോഴത്തെ ഇര എന്നു നേരത്തെ പറഞ്ഞല്ലോ. തെരുവുകളില്‍ ചൈനക്കാര്‍ മരിച്ചുവീഴുന്നുവെന്നും മറ്റും കാണിച്ചുകൊണ്ടുള്ള ധാരാളം വ്യാജ ചിത്രങ്ങള്‍ പുറത്തുവരുന്നുണ്ട്. ആദരണീയ മാധ്യമമായ ഗാര്ഡിയന് പോലും ഇത്തരമൊരു വ്യാജ ചിത്രത്തില്‍ കുടുങ്ങിപ്പോയിരുന്നു. വേണ്ടത്ര വിവരങ്ങള്‍ കിട്ടുന്നില്ലെന്നു പറയുന്ന ചൈനയില്‍ റോഡില്‍ മരിച്ചുകിടക്കുന്നത് കോവിഡ് ബാധിതനാണെന്ന് എങ്ങനെ മാധ്യമങ്ങള്‍ ഉറപ്പുവരുത്തിയെന്നതാണ് ചോദ്യം.
4. രണ്ടു ദിവസം മുമ്പ് കേരളത്തിലെ ഒരു ആശുപത്രിയില്‍ വീല്‍ചെയറില്‍ കൊണ്ടുപോകുന്ന രോഗിയുടെ ചിത്രം ഓടിനടന്ന് എടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ദൃശ്യം ടിവിയില്‍ കണ്ടു. ആശുപത്രിയിലെ എല്ലാവരും സുരക്ഷാകവചത്തില്‍ നില്ക്കുമ്പോള് ക്യാമറയുമായി ഒരു സങ്കോചവുമില്ലാതെ അയാള്‍ ചിത്രമെടുക്കുന്നു. ആ ചിത്രം എവിടെ പ്രസിദ്ധീകരിക്കാനാണ് എന്നതാണ് ചോദ്യം. ഒരു പത്രവും ചാനലും രോഗികളുടെ ചിത്രം കാണിക്കാറില്ല. എന്തെങ്കിലും കാരണവശാല്‍ ആ രോഗിയുടെ ചിത്രം പുറത്തുവന്നാല്‍ അതിന് ഉത്തരവാദിയാകുന്നത് താനായിരിക്കുമെന്ന ബോധം ഫോട്ടോഗ്രാഫര്ക്കുണ്ടാകണം.
ഒരു രോഗിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ കാണിക്കാന്‍ പാടില്ലെന്ന തിരിച്ചറിവ് ക്യാമറാമാന്മാര്ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഉണ്ടായേ പറ്റൂ.
5. ഭയം ജനിപ്പിക്കേണ്ടതുണ്ടോഎന്നു ചോദിച്ചാല്‍ ചില സന്ദര്‍ഭങ്ങളില്‍ വേണം എന്നു തന്നെയാണ് ഉത്തരം. കാരണം രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ അലസത അകറ്റാന്‍ ഭയത്തിന് ഒരു പരിധി വരെ കഴിയും. മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഈ ഭയം വേണ്ടിവരും. പക്ഷേ ഭയം ജനിപ്പിക്കുന്ന റിപ്പോര്‍ട്ടിന് കൃത്യമായ അതിര്‍വരമ്പ് വേണ്ടിവരും. അത് കൈവിട്ടുപോകുമ്പോഴാണ് സംഭ്രമാത്മകത സൃഷ്ടിക്കപ്പെടുന്നത്. ഒരു ചുമയോ തുമ്മലോ ഉണ്ടായാല്‍ ഓടി ആശുപത്രിയില്‍ പോകുന്നതിനുമുമ്പ് അല്പം ആലോചിക്കേണ്ടത് ഏത് പൗരന്റെയും കടമയാണ്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ആലോചിച്ചതിനുശേഷം മാത്രമെ ആശുപത്രിയെ സമീപിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്. രോഗത്തെക്കുറിച്ച് സംശയമുള്ളവരെല്ലാം ഓടി ആശുപത്രിയില്‍ കയറിയാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ഇതിന് തടയിടാന്‍ ഭയത്തിന് കഴിയും. കോവിഡ് രോഗികളുള്ള ആശുപത്രികളില്‍ ഇടിച്ചുകയറുന്ന കാര്യത്തില്‍ ജനം അല്പം ജാഗ്രത പാലിച്ചേ തീരൂ.
6. രോഗം റിപ്പോര്‍ട്ടു ചെയ്യുന്ന പ്രദേശങ്ങളെ ഇടിച്ചുതാഴ്ത്താനുള്ള പ്രവണത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്ത്തകര്ക്കുമുണ്ടെന്ന് കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് നമുക്ക് മനസിലായതാണ്. ഇത് കേരളത്തിലും സംഭവിക്കാന്‍ പാടില്ല. പത്തനംതിട്ടയില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തെന്നു കരുതി പത്തനംതിട്ടക്കാരെല്ലാം മോശക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നുണ്ട്. ലോകപ്രശസ്തമായ വാള്സ്ര്ടീറ്റ് ജേണല്‍ ചൈനയെക്കുറിച്ച് പറഞ്ഞത്, ‘real sick man of Asia’ എന്നായിരുന്നു. എന്ത് പിതൃശൂന്യമായ അഭിപ്രായ പ്രകടനമായിരുന്നു അത്.
7. പ്രവചനങ്ങളുടെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് ബാധയോടെ എല്ലാം തകര്‍ന്നെന്നും ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ പല കോണുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഭീതി ജനിപ്പിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അത്യന്തം ഗുരുതരമായ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്നുമാണ് പ്രവചനങ്ങള്‍. മരണനിരക്ക് വെറും രണ്ടു ശതമാനം മാത്രമുള്ള ഒരു രോഗത്തെക്കുറിച്ചുള്ള വിലയിരുത്തലാണിത്.
8. പല യുട്യൂബ് ചാനലുകളുടെയും തലവാചകങ്ങളിലുള്ള അരോചകത്വം മനസിലാക്കാവുന്നതേയുള്ളു. ഒരു സാധാരണ വാര്‍ത്തയ്ക്ക് സംഭ്രമജനകമായ തലക്കെട്ടു നല്കി ജനങ്ങളെ അതിലേയ്ക്ക് ആകര്‍ഷിക്കാനാണ് ഇത്തരം ചാനലുകളുടെ ശ്രമം. വാര്‍ത്തകള്‍ വായിക്കാനും കാണാനും സമയമില്ലാത്തവര്‍ ഈ തലക്കെട്ടുകളെ മാത്രം ആശ്രയിക്കുന്നവരാണ്.
9. എണ്ണത്തിന്റെകാര്യത്തിലുള്ള അശ്രദ്ധ പലപ്പോഴും അബദ്ധങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ വിവരമില്ലായ്മ അതിലേറെ അപകടമുണ്ടാക്കുന്നു. ഇറാനിലെ മരണനിരക്ക് ഉയരുന്നതിനെ ആഫ്രിക്കയുടെ കണക്കില്‍ പെടുത്തിയവരുണ്ട്. രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടിക കൊടുത്ത ഒരു പ്രമുഖ പത്രം കേട്ടിട്ടില്ലാത്തെ ഒരു രാജ്യത്തെ ഈ പട്ടികയില്‍ പെടുത്തി. എണ്ണവും ഡേറ്റയും ആധികാരിക കേന്ദ്രങ്ങളില്‍നിന്നു മാത്രം സ്വീകരിക്കേണ്ടത് അത്യാവശ്യം. ഒരു മരണം കൂടുതല്‍ കൊടുത്താല്‍ തങ്ങള്‍ മറ്റു മാധ്യമങ്ങളുമായുള്ള മത്സരത്തില്‍ മുന്നിലെത്തുമെന്ന് വിശ്വസിക്കുന്നത് മൗഡ്യമാണ്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തെ രോഗബാധിതരുടെ കണക്കില്‍ പെടുത്തുന്നത് അപകടകരമാണ്. കോവിഡിന് 14 ദിവസത്തെ ഇന്‍കുബേഷന്‍ പീരിയഡ് ഉണ്ടെന്ന സത്യം മറച്ചുവച്ചാണ് ഇങ്ങനെ ചെയ്യുന്നത്. പത്തനംതിട്ടയില്‍ 3000 പേര് രണ്ടുരോഗികളുമായി ഇടപഴകി എന്നതിനെ 3000 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകും എന്ന് വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും.
10. വലിയ രാജ്യങ്ങളില്‍ ചിലപ്പോള്‍ ഏതെങ്കിലും മൂലയിലായിരിക്കും രോഗബാധയുണ്ടാകുന്നത്. അത് ആ രാജ്യത്തില്‍ മൊത്തം പ്രശ്നമാണെന്നു വരുത്തുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിംഗ് ഇപ്പോള്‍ സുലഭമാണ്. ഇന്ത്യയില്‍ കേരളത്തില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യയിലെങ്ങും രോഗബാധ എന്ന മട്ടില്‍ ആഗോള മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടു ചെയ്തു. കേരളം ഇന്ത്യയില്‍ എവിടെയാണെന്ന് വിവരമില്ലാത്തവരുടെ കൂട്ടത്തില്‍ ആഗോള മാധ്യമപ്രവര്‍ത്തകരുമുണ്ട് എന്നര്‍ഥം. ഇതുതന്നെയാണ് റഷ്യയുടെയും ഓസ്ട്രേലിയയുടെയും അമേരിക്കയുടെയും കാര്യത്തില്‍ നമുക്ക് സംഭവിക്കുന്നത്.
11. കേരളത്തില്‍ ഇനി സംഭവിക്കാന്‍ സാധ്യതയുള്ളത് വിഭാഗീയമായ റിപ്പോര്‍ട്ടിംഗാണ്. ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെ പ്രതിയാക്കിയുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് അത്യന്തം ദോഷകരമാണ്. മലയാളികളെക്കുറിച്ച് കര്‍ണാടകത്തിലെ ഒരു എംപി പറഞ്ഞതുതന്നെ ഉദാഹരണമായെടുക്കുക.
12. ചാനലുകളിലടക്കം ചര്‍ച്ചകളില്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തുക. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി കോവിഡ്19 നെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഈ പുതിയ രോഗത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും അജ്ഞത പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ആധികാരികമല്ലാത്ത വിവരങ്ങള്‍ പറയുന്നവരെ ഒഴിവാക്കുക. അഭിമുഖങ്ങളിലും മറ്റു പ്രത്യേക പരിപാടികളിലും വിദഗ്ധാഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് ഇവരെ ഒഴിവാക്കണം. ഇവരില്‍ പലര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്ന കാര്യം ഓര്‍ക്കണം.
13. സംഭ്രമജനകമായ വാര്‍ത്തകള്‍ മാത്രമല്ല കോവിഡ് വ്യാപനത്തിലുള്ളത്. മാസ്ക് ഉപയോഗിക്കണമെന്നും മറ്റുമുള്ള മുന്‍കരുതലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനും പ്രസക്തിയുണ്ട്. വായനക്കാരുടെയും പ്രേക്ഷകരുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയും റിപ്പോര്‍ട്ടായി നല്‍കേണ്ട ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മാധ്യമങ്ങളുടെ ഡെസ്കുകളില്നിന്നുള്ള സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ അതിജീവിക്കേണ്ടിവരും.
14. കേരളത്തിലെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായാല് ജനം പുറത്തിറങ്ങാന്‍ മടിക്കും. ഈ അന്തരീക്ഷമാണ് ഊഹാപോഹങ്ങള്‍ക്ക് ഇട കൊടുക്കുന്നത്. ഇത് വ്യാജവാര്ത്തകളിലേയ്ക്ക് നയിക്കും. വ്യാജവാര്‍ത്തകളുടെ വാഹകരായി മാറുന്നത് സമൂഹ മാധ്യമങ്ങളാണ് എന്നോര്‍ക്കുക. അതുകൊണ്ട് ചില സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളെ സൂക്ഷിക്കുക. ഇന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞത് ഔദ്യോഗിക വാര്‍ത്തകള്‍ പിആര്‍ഡി വഴിയും മന്ത്രിമാരുടെ ഓഫീസുകള്‍ വഴിയും എത്തും എന്നാണ്.
15. രോഗബാധ അവസാനിച്ചാല്‍ തീരുന്നതല്ല പ്രശ്നങ്ങള്‍. രോഗത്തെ നേരിടാന്‍ പ്രവര്‍ത്തിച്ചവര്‍, രോഗം മാറിയശേഷമുള്ളവരുടെ സ്ഥിതി, പാഠങ്ങള്‍ തുടങ്ങിയവയെല്ലാം ഫോളോ അപ് സ്റ്റോറികളാണ്. നിപ്പയുടെ കാര്യത്തില്‍ മലയാള മാധ്യമങ്ങള്‍ നടത്തിയ ഫോളോ അപ് റിപ്പോര്‍ട്ടിംഗ് ആവേശം നിറഞ്ഞതായിരുന്നു.
ചില വ്യാജ വാര്‍ത്തകള്‍ക്ക് ലോകാരോഗ്യ സംഘടന നല്കുന്ന മറുപടി (അവലംബം WHO വെബ്സൈറ്റ്):
1.ഒരു കാലാവസ്ഥയും കോവിഡില്‍നിന്ന് രക്ഷ നല്കുകയില്ല.
2. ചൂടു വെള്ളത്തില്‍ കുളിച്ചെന്നു കരുതി കൊറോണ വൈറസില്‍നിന്ന് രക്ഷ നേടാനാവില്ല.
3.ചൈനയോ കോവിഡ് ഭീഷണിയുള്ള ഏതെങ്കിലും രാജ്യത്തോ ഉല്പാദിപ്പിച്ച സാധനങ്ങള്‍ വഴി വൈറസ് പകരുകയില്ല. അങ്ങനെ സംശയമുണ്ടെങ്കില്‍ അണുനാശിനി ഉപയോഗിച്ചാല്‍ മതി.
4. കൊതുകുകള്‍ കൊറോണവൈറസ് വാഹകരല്ല.
5.ഹാന്‍ഡ് ഡ്രൈയറുകളോ അള്‍ട്രാ വയലറ്റ് ലാംപുകളോ കൊണ്ട് വൈറസുകളെ നശിപ്പിക്കാനാവില്ല.
6. വളര്‍ത്തുമൃഗങ്ങള്‍ വൈറസ് വ്യാപനത്തിനു കാരണമാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
7. ന്യൂമോണിയയ്ക്കുള്ള മരുന്ന കോവിഡിന് ഫലപ്രദമല്ല.
8. ഉപ്പുവെള്ളം തൊണ്ടയില്‍ കൊള്ളുന്നത് ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ആശ്വാസമാകുമെങ്കിലും കോവിഡിനെ അകറ്റുകയില്ല.
9.വെളുത്തുള്ളിയ്ക്ക് പല തരത്തിലുള്ള അണുക്കളെ തടയാന്‍ കഴിയുമെങ്കിലും കൊറോണയെ പ്രതിരോധിക്കാനാവില്ല.
10. ആന്റിബയോട്ടിക് മരുന്നുകള്‍ വൈറസിനെ പ്രതിരോധിക്കുകയില്ല.
11. ഏതു പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: