തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടര്ന്ന് പോരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ ഒരു ക്ലാസിക് ഉദാഹരണമാണ് തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കല്‍ എന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഫെബ്രുവരി 29 ശനിയാഴ്ച്ച രാത്രി പോലീസ് സംരക്ഷണയോടെ റവന്യൂ അധികാരികള്‍ തീര്‍ത്ഥപാദ മണ്ഡപത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി ആ സ്ഥലം കൈവശപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് പത്താം തീയതി ചട്ടമ്പി സ്വാമി സ്മാരകത്തിന് ശിലാസ്ഥാപനം നടത്താം എന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു കൊടുത്തിരുന്നതാണ്. എന്നാല്‍ ആ ഉറപ്പിനെ അവഗണിച്ച് കൊണ്ട് റവന്യു വകുപ്പ് ആ സ്ഥലം കൈവശപ്പെടുകയാണ് ഉണ്ടായത്. പ്രസ്തുത സ്ഥലത്ത് നാല്‍പ്പത്തേഴ് വര്‍ഷങ്ങളായി നിത്യ പൂജ നടന്നിരുന്ന സ്വാമികളുടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. അവിടുത്തെ പല സാധനങ്ങളും നഷ്ടപ്പെട്ടു കാണുമോ എന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. കേരളത്തിലെ ഹൈന്ദവ നവോഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം ഉണ്ടാവേണ്ടത് എല്ലാ തിരുവനന്തപുരം നിവാസികളുടെയും ഒരു ചിരകാല സ്വപ്നമാണ്.
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീര്‍ത്ഥപാദ മണ്ഡപം ഭക്ത ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീ വിദ്യാധിരാജ സഭ ട്രസ്റ്റ് പ്രസിഡന്റ് കെ രാമന്‍പിള്ള,വാഴൂര്‍ ആശ്രമം മഠാധിപതിയും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാന്ദ തീര്‍ത്ഥപാദര്‍ ,കടുക്കച്ചിറ ആശ്രമം മഠാധിപതിയും രക്ഷാധികാരിയുമായ സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വെങ്കിടേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സംസ്ഥാന സഹ ട്രഷറര്‍ പി.ജ്യോതീന്ദ്രന്ദ്രകുമാര്,അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് കണ്‍വീനര്‍ എം. ഗോപാല്‍, പി.അശോക് കുമാര്‍, ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.സുധാകരന്, റെജി, നഗരസഭ പ്രതിപക്ഷ നേതാവ് എം.ആര്.ഗോപന്, ട്രസ്റ്റ് സെക്രട്ടറി ഡോ: അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ സ്വാഗതവും ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍ നന്ദിയും രേഖപ്പെടുത്തി.
ധര്‍ണ്ണയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ തുടര്‍ന്നും മുഖം തിരിക്കുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും എന്ന ആഹ്വാനത്തോടെ പ്രതിഷേധ ധര്‍ണ്ണ നാമജപത്തോടു കൂടി ഒരു മണിക്ക് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: