ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ദല്‍ഹി വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മുന്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഡാനിഷാണ് അറസ്റ്റിലായത്. ദല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ ഇയാളുടെ സജീവ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരായ കലാപങ്ങള്‍ ആരംഭിച്ച ഷഹീന് ബാഗിലെ നിത്യ സന്ദര്‍ശകനായിരുന്നു ഡാനിഷെന്നും പ്രതിഷേധക്കാര്‍ക്കായി ഇയാള്‍ ഭക്ഷണവും പണവും നല്‍കിയിരുന്നുവെന്നും പോലീസ് അറിയിച്ചു. ഡാനിഷ് കലാപത്തിനായി ആളുകളെ പ്രേരിപ്പിച്ചിരുന്നു.
സിഎഎയ്ക്കെതിരെ ദല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷ് അറസ്റ്റിലായിരിക്കുന്നത്. കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക് പുരി യൂണിറ്റിന്റെ ചുമതലയും ഡാനിഷ് വഹിച്ചിട്ടുണ്ട്.
അക്കാലങ്ങളില്‍ വര്‍ഗ്ഗീയ അക്രമ സംഭവങ്ങള്‍ പതിവായിരുന്നു എന്നും പോലീസ് ആരോപിക്കുന്നു.
ദല്‍ഹി കലാപവുമായി പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റിലായ ദമ്പതികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷും പിടിയിലായിരിക്കുന്നത്. ഇതോടെ ദല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: