വൈശേഷികദര്ശനമനുസരിച്ച് പ്രവൃത്തിയുടെ പ്രേരകങ്ങള്‍ (springsofaction) സുഖേച്ഛയും ദുഃഖനിവാരണേച്ഛയുമാണ്. ഇന്ദ്രിയസുഖം കൂടാതെ സ്മരണ, മനശ്ശാന്തി, മോക്ഷം എന്നിവയിലൂടെ ലഭിക്കുന്ന സുഖങ്ങളേയും ശ്രീധരാചാര്യര്‍ ന്യായകന്ദളിയില്‍ പറയുന്നുണ്ട്. മുജ്ജന്മത്തില് ചെയ്ത ധാര്‍മികപ്രവൃത്തിയുടെ ഫലമാണ് ഈ ജന്മത്തിലെ സുഖലബ്ധി എന്നും കരുതുന്നു. പ്രശസ്തപാദന്‍ സുഖേച്ഛയേയും കര്മേച്ഛയേയും രണ്ടായി കാണുന്നു. നൈയ്യായികര്‍ രക്തിയും വിരക്തിയും ജ്ഞാനം അഥവാ മോഹം മൂലമാണെന്നു കരുതുന്നു. പതഞ്ജലി എല്ലാ കര്‍മ്മങ്ങളേയും ക്ളിഷ്ടം, അക്്്ളിഷ്ടം എന്നു രണ്ടായി തിരിക്കുന്നു. ധാര്‍മികപ്രവൃത്തിയുടെ മൂലം മോക്ഷേച്ഛയാണെന്നും അധാര്മ്മികപ്രവൃത്തിയുടെ കാരണം അവിദ്യാ, അസ്മിതാ, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണെന്നും അദ്ദേഹം കരുതുന്നു. ഈ ഹിന്ദുദര്ശനങ്ങളെല്ലാം തന്നെ അജ്ഞാനജന്യങ്ങളായ രാഗം, ദ്വേഷം, മമത്വം ഇത്യാദികളാണ് ഇഹലോകകര്മ്മകാരണം എന്നു കരുതുന്നു. ഒരുതരം വിഷാദാത്മകത്വം ഇഹലോകജീവിതത്തെ സംബന്ധിച്ച് അവ പുലര്‍ത്തുന്നതായി ദാസ്ഗുപ്ത പറയുന്നു. എല്ലാതരം രാഗങ്ങളും ബന്ധകാരണമാണെന്നു അവ കരുതുന്നു. അവ മോക്ഷം, ഇഹലോകബന്ധം എന്നിവയാണ് സദസദ്കര്മ്മങ്ങളുടെ മാനദണ്ഡങ്ങളായി കരുതുന്നു.
ഇവയില്‍നിന്നും തികച്ചും വ്യത്യസ്തവും ഇഹലോകജീവിതത്തിന്റെ ദൃഷ്ടിയില് ഭാവാത്മകവും ആണ് ചരകാചാര്യരുടെ കര്‍മ്മസിദ്ധാന്തം എന്നു കാണാം. പുനര്ജന്മം, ആത്മാവ്, ദൈവം അഥവാ കര്‍മ്മഫലം എന്നിവയെ ചരകന്‍ തന്റേതായ യുക്തികള്‍ നിരത്തി സമര്ത്ഥിക്കുന്നുണ്ട്്്. ഭരിക്കുന്നവരുടെയും ഭരണീയരുടെയും അധാര്‍മ്മികജീവിതം പകര്‍ച്ചവ്യാധിക്കും മറ്റും കാരണമാകുന്നു എന്നു ചരകന്‍ പറയുന്നു. ഭക്ഷണം, ഔഷധം, ആചാരം എന്നിവയെ ക്രമീകരിച്ച് ധാതുക്കളുടെ അളവും സാമ്യവും നിലനിര്‍ത്താനും ധാതുവൈഷമ്യം സംഭവിച്ചാല്‍ അതിനെ മാറ്റാനും വേണ്ട മാര്‍ഗങ്ങള്‍ ഉപദേശിക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം എന്നു ചരകാചാര്യര്‍ പറയുന്നുണ്ട്. ആയുര്‍വേദപ്രകാരമുള്ള സദാചാരപാലനത്തെ ചരകസംഹിതയില്‍ വിശദമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: