Categories: Samskriti

നിറങ്ങളില്‍ നീരാടുന്ന ഹോളി

ഫാല്‍ഗുന മാസ പൗര്‍ണമിരാവും തൊട്ടടുത്ത പകലും നിറങ്ങളിലാറാടി ഭാരതീയര്‍ തിമിര്‍ത്താഘോഷിക്കുന്ന ഹോളി. ആഹ്ലാദത്തിന്റെ പരകോടിയില്‍ വര്‍ണങ്ങള്‍ വാരിയെറിയുന്ന ഹോളി വര്‍ണവര്‍ഗഭേദമില്ലാതെയാണ് ആഘോഷിക്കുന്നത്

Published by

ഘോഷങ്ങള്‍ക്ക് നിറം പകരുകയെന്ന പ്രയോഗം ആലങ്കാരികമാണ്. നിറങ്ങള്‍ ആഘോഷമായി മാറുമ്പോഴതിന് പേരൊന്നേയുള്ളൂ. ഹോളി. ഫാല്‍ഗുന മാസ പൗര്‍ണമിരാവും തൊട്ടടുത്ത പകലും നിറങ്ങളിലാറാടി ഭാരതീയര്‍  തിമിര്‍ത്താഘോഷിക്കുന്ന ഹോളി. ആഹ്ലാദത്തിന്റെ പരകോടിയില്‍ വര്‍ണങ്ങള്‍ വാരിയെറിയുന്ന ഹോളി വര്‍ണവര്‍ഗഭേദമില്ലാതെയാണ് ആഘോഷിക്കുന്നത്.  

‘ഹോളികാദഹന’മെന്ന കഥയുടെ ചുവടുപിടിച്ചുണ്ടായതാണ്  ഹോളിയെന്നാണ് വിശ്വാസം. അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ സഹോദരിയായിരുന്നു ഹോളിക. പ്രജകളെല്ലാം തന്റെ നാമമേ ജപിക്കാവൂ, എന്നതായിരുന്നു ഹിരണ്യകശിപുവിന്റെ ശാസന. എന്നാല്‍ നാരായണ ഭക്തനായിരുന്നു അദ്ദേഹത്തിന്റെ  പുത്രന്‍ പ്രഹ്ലാദന്‍. എത്രയൊക്കെ വിലക്കിയിട്ടും സദാ നാരായണ ജപിച്ചുകൊണ്ടിരുന്നു. മകനായിരുന്നിട്ടും അവനോട് ക്ഷമിക്കാന്‍ ഹിരണ്യകശിപു തയാറായിരുന്നില്ല. ഒരിക്കല്‍ സഹോദരിയായ ഹോളികയോട് കുഞ്ഞായിരുന്ന പ്രഹ്ലാദനെ മടിയിലിരുത്തി തീയില്‍ പ്രവേശിക്കാന്‍ ഹിരണ്യകശിപു ആവശ്യപ്പെട്ടു. ഏതു തീയിലും എരിയില്ലെന്നൊരു വരം ഹോളികയ്‌ക്ക് ലഭിച്ചിരുന്നു. അതിനാല്‍ പ്രഹ്ലാദന്‍ മാത്രം തീയില്‍ ദഹിക്കുമെന്നും ഹോളിക രക്ഷപ്പെടുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തനിയെ തീയില്‍ പ്രവേശിച്ചാല്‍ മാത്രമേ ആയൊരു വരത്തിന് ഫലപ്രാപക്തിയുണ്ടാകൂ എന്ന കാര്യം ഹോളികയ്‌ക്ക് അറിയില്ലായിരുന്നു. പ്രഹ്ലാദനുമായി തീയില്‍ പ്രവേശിച്ച ഹോളിക കത്തിയെരിഞ്ഞു. നാരായണ ഭക്തനായ പ്രഹ്ലാദന്‍ ഒരു പൊള്ളലുമേല്‍ക്കാതെ രക്ഷപ്പെട്ടു. അങ്ങനെ മറ്റേതൊരു ഹൈന്ദാവാഘോഷവും പോലെ തിന്മയ്‌ക്കു മേല്‍ നന്മയുടെ വിജയമായി, ഈ പുരാണകഥയും  ഹോളിയായി ആഘോഷിക്കപ്പെട്ടു.’ഗുലാലി’ല്‍ നിറങ്ങള്‍ കലക്കിയ വെള്ളമൊഴിച്ച് പരസ്പരം ദേഹത്തൊഴിച്ചും നിറങ്ങള്‍ വാരിയെറിഞ്ഞും നിരത്തുകളില്‍ ജനങ്ങള്‍ തിമിര്‍ത്താഘോഷിക്കുന്നു. ക്ഷേത്രങ്ങള്‍, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ കമനീയമായി അലങ്കരിച്ചിരിക്കും. ചിലയിടത്ത് കൃഷ്ണസ്മൃതിയില്‍ രാധാദേവിയെ ഭക്തര്‍ തൊട്ടിലിലാട്ടുന്ന ചടങ്ങുമുണ്ട്.  

ഹോളികാ ദഹനമാണ് ഹോളിയുടെ സുപ്രധാന ചടങ്ങ്.  ആഘോഷങ്ങള്‍ക്ക് ഒടുവില്‍  പൊതു ഇടങ്ങളില്‍ വിറകുകൂട്ടിയിട്ട് കത്തിക്കാന്‍ പാകത്തില്‍ ഒരുക്കി വെക്കും. അതിലേക്ക് ഹോളികയുടേയും പ്രഹ്ലാദന്റെയും രൂപങ്ങള്‍ കെട്ടിയുണ്ടാക്കിയിടും. ഹോളികയുടെ രൂപം പെട്ടെന്ന് കത്തിത്തീരുന്ന വസ്തുക്കള്‍ കൊണ്ടാണ് ഉണ്ടാക്കുക. പ്രഹ്ലാദന്റേത് തീപിടിക്കാത്ത സാധനങ്ങളുപയോഗിച്ചും. പിന്നീട്  മന്ത്രോച്ചാരണത്തോടെ വിറകിന് തീയിടും.  

പിറ്റേന്ന് ആളുകള്‍ ആ ചാരമെടുത്ത് പ്രസാദമായി കരുതി ദേഹത്തു പൂശുന്നതോടെ ഹോളി ആഘോഷങ്ങള്‍ക്ക് വിരാമമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by