ന്യൂദല്‍ഹി: ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്ന ധ്രുവനക്ഷത്രമായിരുന്നു പി.പരമേശ്വര്‍ജിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു പ്രവര്‍ത്തകന്‍ എങ്ങനെയാകണമെന്ന് ജീവിതത്തിലൂടെ അദ്ദേഹം നമ്മളെ പഠിപ്പിച്ചു. ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായി. വിവേകാനന്ദകേന്ദ്രയും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കാര്യത്തെക്കുറിച്ച് പരമേശ്വര്‍ജി ചിന്തിച്ചിരുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. പത്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഉന്നത ബഹുമതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ അവാര്‍ഡുകള്‍ക്കും മുകളിലാണ് അദ്ദേഹത്തിന്റെ ഔന്നത്യം. സാമൂഹ്യ പരിഷ്‌കരണത്തിനും രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിനുമായുള്ള ശ്രീനാരായണ ഗുരുദേവന്റെയും അരവിന്ദ മഹര്‍ഷിയുടെയും ദര്‍ശനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തന്നത് പരമേശ്വര്‍ജിയാണ്. ഇടതുപക്ഷത്തിന്റെ ബൗദ്ധിക മേഖലയിലെ വെല്ലുവിളികളെ അദ്ദേഹം ഏറ്റെടുത്തു. അതില്‍ വിജയിക്കുകയും ചെയ്തു. പരമേശ്വര്‍ജിയുടെ ജീവിതവും ചിന്തകളും ഇനിയും നമ്മെ മുന്നോട്ടുനയിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തെ അംഗീകരിക്കാത്ത, ഇതര പ്രസ്ഥാനങ്ങളെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റുകാരോടാണ് പരമേശ്വര്‍ജി പോരാടിയതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയത്. ഹിന്ദുത്വാശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന്റെ നുണകള്‍ തുറന്നുകാട്ടാനും അദ്ദേഹത്തിന് സാധിച്ചു. ആദര്‍ശത്തെ സംബന്ധിച്ച് സമൂഹത്തിലുണ്ടായിരുന്ന തെറ്റിദ്ധാരണകളും സംശയങ്ങളും അകറ്റി വ്യക്തത വരുത്തി. സങ്കുചിത ചിന്താധാരയല്ല ഹിന്ദുത്വമെന്നും ഏവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.
ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ സെക്രട്ടറി ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, വിവേകാനന്ദ കേന്ദ്ര ട്രഷറര്‍ ഹനുമന്ത റാവു, രാമകൃഷ്ണാശ്രമം സ്വാമി ശാന്താത്മനാനന്ദ മഹാരാജ്, ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ.ബാലശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: