Categories: Kerala

കന്മദ ദേശത്തെ നീലിയുടെ ഉപാസക

കല്ലടിക്കോടന്‍ മലയെക്കുറിച്ചുള്ള കഥയേറെയാണ്. കോഴിക്കോട് ദേശീയപാതയിലൂടെ കടന്നുപോകുമ്പോള്‍ കല്ലടിക്കോട് മല ഒരുതവണയെങ്കിലും നോക്കാത്തവരുണ്ടാവില്ല.

മന്ത്രവാദം, ആഭിചാരം, ചാത്തന്‍ സേവ, ബാധ ഇതൊക്കെ  പേടിയും അതോടൊപ്പം ജിജ്ഞാസയും ഉയര്‍ത്തുന്ന വാക്കുകളാണ്. നാട്ടിന്‍പുറങ്ങളില്‍ സുപരിചതമായി അറിയപ്പെട്ടിരുന്ന മന്ത്രവാദം കാലഘട്ടം മാറിയതോടെ കേട്ടുകേള്‍വി മാത്രമായി. എന്നാലിന്നും ഈ പാതപിന്തുടരുന്നവര്‍ ഏറെയാണ്…

കല്ലടിക്കോടന്‍ മലയെക്കുറിച്ചുള്ള കഥയേറെയാണ്. കോഴിക്കോട് ദേശീയപാതയിലൂടെ കടന്നുപോകുമ്പോള്‍ കല്ലടിക്കോട് മല ഒരുതവണയെങ്കിലും നോക്കാത്തവരുണ്ടാവില്ല.

അപൂര്‍വ്വ ഔഷധമായ കന്മദം ഏറെയുള്ള സ്ഥലമാണ് കല്ലടിക്കോടന്‍ മലയെന്ന് പറയപ്പെടുന്നു. അതിലുപരി മന്ത്രവാദ സങ്കല്‍പ്പത്തിലെ പ്രധാന ദേവതയായ കരിനീലി വസിക്കുന്നിടം. കല്ലടിക്കോടന്‍ മലയെന്നു പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസിലെത്തുന്നത് രൗദ്രരൂപിണിയായ നീലിയാണ്. ഭീതിയും ഭക്തിയും നിറഞ്ഞ സങ്കല്‍പ്പം. വിവിധ രൂപത്തിലും ഭാവത്തിലും നീലി മലയില്‍ വിഹരിക്കുന്നുണ്ട്. ചില പൗര്‍ണമി ദിവസങ്ങളില്‍ കല്ലടിക്കോട് മലയെ സൂക്ഷിച്ച് നോക്കിയാല്‍ മുടിയഴിച്ച നീണ്ടു നിവര്‍ന്നു കിടക്കുന്ന സ്ത്രീയെപോലെ തോന്നിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

നീലിയെ ഉപാസിച്ച് പ്രത്യേക മന്ത്രസിദ്ധിനേടിയവരുമുണ്ട്. ഇവരില്‍ ചിലര്‍ നീലിമലയില്‍ത്തന്നെയുണ്ട്.  മന്ത്രവാദലോകത്ത് പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും തുല്യശക്തിയായി നിലകൊള്ളുന്നു.

കാതോട് കാതോരം അറിഞ്ഞാണ് ഇവരെതേടി മിക്കവരുമെത്തുന്നത്. ഇത്തരത്തില്‍ യാതൊരുവിധത്തിലുള്ള പ്രശസ്തിയും കാംക്ഷിക്കാതെ, കല്ലടിക്കോടന്‍ മലമുകളില്‍ വര്‍ഷങ്ങളായി നീലിയുടെ ഉപാസകയായുണ്ട്, കല്ലടിക്കോടന്‍ തങ്ക. വനവാസി കുറുംബ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. ശബരിമല ആചാരസംരക്ഷണത്തിനായി 2018ല്‍ കോഴിക്കോട് നടന്ന ഹൈന്ദവം സമ്മേളനത്തില്‍ പങ്കെടുത്തതോടുകൂടിയാണ് സമൂഹം ഇവരെക്കുറിച്ചറിഞ്ഞത്.

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്ലടിക്കോട് ടിബി ജങ്ഷനില്‍ നിന്നും സുമാര്‍ മൂന്ന് കിലോമീറ്റര്‍ അകലെ വാക്കോട് എന്ന സ്ഥലത്താണ് തങ്കയുടെ പ്രവര്‍ത്തന മേഖല. ഇവിടേക്ക് വാഹനസൗകര്യം വളരെ കുറവാണ്. മലകയറിയെങ്കില്‍ മാത്രമേ വീട്ടിലെത്താന്‍ കഴിയൂ. ഈ ദൂരങ്ങള്‍ താണ്ടി നിത്യേന നിരവധിപ്പേരാണ് പലഭാഗങ്ങളില്‍ നിന്നായി ഇവിടേക്കെത്തുന്നത്.

മാന്ത്രിക ജീവിതം

ബാല്യകാലത്ത് ഏറെ ദുരിതം അനുഭവിച്ചിട്ടുള്ള കുടുംബമാണ് തങ്കയുടേത്. യൗവനകാലം വരെ വിവിധ തരത്തിലുള്ള തൊഴില്‍ ചെയ്താണ് കുടുംബം പോറ്റിയത്.

എന്നാല്‍ കല്ലടിക്കോടന്‍ നീലിയുടെ അനുഗ്രഹം ലഭിച്ചതോടെയാണ് തങ്കയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കല്ലടിക്കോടന്‍ മലയുടെ ശൃംഗത്തില്‍ നീലി വസിച്ചിരുന്നതെന്ന് കരുതുന്ന ഗുഹയില്‍ എത്തപ്പെട്ടതോടെയാണ് തങ്ക മാന്ത്രിക ജീവിതത്തിലേക്ക് എത്തിയത്. നീലിയുടെ അദൃശ്യമായ അനുഗ്രഹം ലഭിച്ചതോടെ തങ്കയെ കാണാനും അനുഗ്രഹം തേടുന്നതിനുമായി ആളുകള്‍ എത്തിതുടങ്ങി. ബാധയൊഴിപ്പിക്കല്‍, ഏലസ് ധാരണം, ജ്യോത്സ്യം, പച്ചമരുന്ന് ചികിത്സ, ചാര്‍ത്ത് കര്‍മ്മം തുടങ്ങിയവയെല്ലാം തങ്ക നിര്‍വഹിച്ചുവരുന്നു. പൂജയുടെ ശക്തികൊണ്ടുതന്നെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കാടും മലയും താണ്ടി തങ്കയുടെ സവിതത്തിലെത്തുന്നത്. ആദിപരാശക്തിയെ ഇഷ്ടദേവതയായി കരുതിയാണ് പൂജാകര്‍മങ്ങള്‍ ചെയ്യുന്നത്. വെള്ളനിവേദ്യം, കടുമധുരപായസം എന്നിവയാണ് വഴിപാടുകള്‍. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രധാനം.

ഇവര്‍ നിരവധിപ്പേരെ മന്ത്രവാദം പഠിപ്പിച്ചെങ്കിലും അതിനിപ്പോള്‍ വിദ്യകള്‍ കൈമാറാന്‍ സമയമായിട്ടില്ലെന്ന് സ്വപ്നദര്‍ശനം ലഭിച്ചതോടെയാണ് അഭ്യസനം നിര്‍ത്തിയത്. വിശ്വാസമാണ് വലുത്. അതൊരിക്കലും ലംഘിക്കാന്‍ പാടില്ല എന്നതാണ് തങ്കയുടെ മതം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ന്നതിനാലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ കാഴ്‌ച്ചപ്പാട് ഉള്ളതിനാലാണ് കോഴിക്കോട് നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം വേണമെന്ന വാദത്തെ തങ്ക ശക്തമായി ഖണ്ഡിക്കുന്നു. കോഴിക്കോട് നടന്ന ഹൈന്ദവത്തില്‍ പങ്കെടുത്ത്  തിരികൊളുത്തിയ തങ്കക്ക് തന്റെ വിശ്വാസത്തെക്കുറിച്ച് പറയാന്‍ നൂറുനാക്കുകളാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടരുത്. ഇവ പുസ്തകങ്ങളിലൂടെ ലഭിച്ചതല്ല. മറിച്ച് തലമുറകളായി കൈമാറിക്കിട്ടിയ പാരമ്പര്യമാണ്. അത് നമ്മുടെ സ്വത്താണ്.  ഇവയ്‌ക്ക് നേരെ വാളോങ്ങുന്നവര്‍ സൂക്ഷിക്കണം. താനൊരിക്കലും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കില്ല. അതിനെ നേരിടുക തന്നെ ചെയ്യും. ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കുവാനുള്ള ചിലരുടെ അമിതമായ വ്യഗ്രതയാണ് കേരളം സമീപകാലത്ത് അഭിമുഖീകരിച്ച ഏറെപ്രശ്നങ്ങളെന്ന് അവര്‍ പറയുന്നു.

ശബരിമലയ്‌ക്കും കല്ലടിക്കോടന്‍ നീലിക്കും അടുത്ത ബന്ധമുണ്ടെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മണ്ഡലകാലത്ത് നീലി 41 നാള്‍ ശബരിമലയിലെ നീലിമലയില്‍ എത്തുന്നുവെന്നാണ് സങ്കല്‍പ്പം. അതിനാല്‍ ഈ കാലയളവില്‍ പൂജകളൊന്നും നടത്താറില്ല. തന്നെ ആശ്രയിച്ചെത്തുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും മനസിന് സമാധാനവും നല്‍കിയാണ് അവരെ യാത്രയാക്കുന്നത്. തങ്കയുടെ മകനും അവരുടെ പാത പിന്തുടരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക