പരിമിതികളെ വെല്ലുവിളിച്ചു ഉള്ളിലുള്ള പ്രതിഭയുടെ മിന്നലാട്ടം കാഴ്ചവച്ച ജിലു മാരിയറ്റ് തോമസ് എന്ന പെണ്‍കുട്ടിയുടെ കഥ എല്ലാവരും അറിഞ്ഞിരിക്കണം. ജന്മനാ കൈകളില്ലാത്ത ജിലു എന്ന തൊടുപുഴക്കാരി തന്റെ കാലുകളെയാണ് കൈകളാക്കിരിക്കുന്നത്. തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്റേയും അന്നക്കുട്ടിയുടേയും രണ്ടാമത്തെ മകളാണ് ജിലു.
ജന്മനാ കൈകള്‍ ഇല്ലായിരുന്നെങ്കിലും ജിലുവിനു വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. ചെത്തിപ്പുഴയിലുള്ള മേഴ്സി ഹോമില്‍ വെച്ചാണ് ജിലു ആദ്യമായി കാലുകള്‍ ഉപയോഗിച്ചു വരയ്ക്കാന്‍ തുടങ്ങിയത്. ജിലുവിന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം ജെഎം എല്‍പി, വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു. പിന്നീട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നും ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്ങില്‍ ബിരുദം നേടി.
കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു ഏകാംഗ ചിത്രപ്രദര്‍ശനം നടത്തിയത്. എറണാകുളം വളഞ്ഞമ്പലത്തു വെച്ചു എന്റെ ഭൂമി ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി രണ്ടണ്ടു വരെയായിരുന്നു ചിത്രപ്രദര്‍ശനം.
22 പെയിന്റിങ്ങുകള്‍ ആയിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. ആക്രിലിക്ക്, ഓയില്‍ പെയിന്റ്, ജലച്ചായം എന്നീ മൂന്നു വിഭാഗങ്ങളിലെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ കാലുകളും വായും ഉപയോഗിച്ചു ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് (എംഎഫ്പിഎ) അസോസിയേഷനില്‍ അംഗത്വം എടുത്തത്.
തന്റെ വരകളിലൂടെ ജിലുമോള്‍ പിന്നീടങ്ങോട്ട് സൃഷ്ടിച്ചത് ഒരു തരംഗം തന്നെയാണ്. എംഎഫ്പിഎ എന്ന സംഘടന തുറന്നുകൊടുത്തത് വര്‍ണ്ണങ്ങളുടെ മറ്റൊരു ലോകമായിരുന്നു. ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്ന ജിലുമോള്‍ ഇന്നു നേടിയിരിക്കുന്നത് മറ്റാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളാണ്.
വരച്ചുകൊടുക്കുന്ന ചിത്രങ്ങള്‍ക്കു 10,000 മുതല്‍ 15,000 രൂപ വരെയാണ് ജിലുവിനു എംഎഫ്പിഎ കൊടുക്കുന്നത്. ഈ തുക ചിലപ്പോള്‍ കൂടാറുമുണ്ട്. ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം എംഎഫ്പിഎ മുഴുവനായും കൊടുക്കാറുണ്ട്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎഫ്പിഎ സംഘടനയില്‍ എണ്ണൂറിലധികം അംഗപരിമിതിയുള്ള കലാകാരന്മാര് അംഗങ്ങളായുണ്ട്.
കാറോടിക്കണമെന്നതും ജിലുവിന്റെ മറ്റൊരു ആഗ്രഹമാണ്. ജിലുമോള്‍ക്കു ഓടിക്കാന്‍ തക്ക രൂപമാറ്റം വരുത്തിയ കാര്‍ ഇപ്പോഴേ ജിലു സ്വന്തമാക്കിക്കഴിഞ്ഞു. ഇനി കിട്ടേണ്ടത് ഡ്രൈവിങ്ങ് ലൈസന്‍സാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ഇതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് ജിലു.
ഇരു കൈകളും ഇല്ലാതെ എങ്ങനെ കാറോടിക്കുമെന്നതായിരുന്നു എല്ലാവരുടേയും ആശങ്ക. കാലുകള്‍ കൊണ്ടു കാറോടിക്കുമെന്ന ജിലുവിന്റെ മറുപടി ഏവരേയും അതിശയപ്പെടുത്തി. ഇതുകൈകളും ഇല്ലാത്ത മറ്റാരുടെയെങ്കിലും ഡ്രൈവിങ്ങ് ലൈസന്‍സ് ഹാജരാക്കിയാല്‍ ലേണേഴ്സിന്റെ അപേക്ഷ സ്വീകരിക്കാം എന്നായിരുന്നു അധികൃതരുടെ മറുപടി. യാദൃച്ഛികമായി ജിലു അഭിഭാഷകനായ ഷൈന്‍ വര്‍ഗീസിനെ കണ്ടുമുട്ടി. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഹൈക്കോടതിയെ സമീപിച്ചു. പിന്നെ ജിലുവിനായി അദ്ദേഹം നിയമപോരാട്ടങ്ങള്‍ നടത്തി.
ഒടുവില്‍ ജിലുമോളുടെ ലേണേഴ്സ് ടെസ്റ്റിനായുള്ള അപേക്ഷ സ്വീകരിക്കാന്‍ തൊടുപുഴ ആര്‍ടിഒയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് പര്യാപ്തമായ വാഹനം ഇല്ലെന്ന കാരണത്താല്‍ ലേണേഴ്സ് ടെസ്റ്റിനുള്ള തീയതി ഇതുവരെ നല്‍കിയിട്ടില്ല. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. കഠിനമായി പരിശ്രമിച്ച് റോഡിലൂടെ കാറോടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജിലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: