കൊച്ചി: വ്യാജചരിത്രം നിര്‍മിക്കുന്നവര്‍ പ്രചരിപ്പിച്ച ‘നങ്ങേലി’യും മുലമുറിക്കലും മറ്റൊരു പെരും നുണയായിരുന്നുവെന്ന് വെളിപ്പെടുന്നു. ഔദ്യോഗികമായിത്തന്നെ, പ്രചാരണം നുണയായിരുന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍, ചരിത്രം തമസ്‌കരിച്ച മറ്റൊരു സംഭവം ചര്‍ച്ചയാകുന്നു.
കമ്യൂണിസ്റ്റുപാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) വീരവനിതയായി അവതരിപ്പിക്കുകയും പിന്നീട് പാര്‍ട്ടിക്ക് പുറത്താക്കുകയും വീണ്ടും സ്വീകരിക്കുകയും ചെയ്ത കെ.ആര്‍. ഗൗരിയുടെ മൂത്ത സഹോദരി കെ.ആര്‍. നാരായണിയെ പാര്‍ട്ടിതമസ്‌കരിക്കുകയായിരുന്നു. കാരണം, ഹിന്ദു ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ‘യുവജന ഹൈന്ദവ വനിതാ സംഘം’ സ്ഥാപിക്കുകയും ചെയ്ത കെ.ആര്‍. നാരായണി എസ്എന്‍ഡിപിയുടെ ചേര്‍ത്തലയിലെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു. കമ്യൂണിസ്റ്റുകള്‍ എന്നും എതിര്‍ത്തിരുന്ന ശ്രീനരായണ ഗുരുവുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു നാരായണിയുടെ ഭര്‍ത്താവ് അഡ്വ. എന്‍.ആര്‍. കൃഷ്ണന്‍. അദ്ദേഹം സ്ഥാപിച്ച ശ്രീനാരായണ മെഡിക്കല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ദിവാന്‍ സി.പി. രാമസ്വാമിയെ സ്വാഗതം ചെയ്തത് നാരായണിയായിരുന്നു. ഇതെല്ലാം നാരായണിയെ ‘അയോഗ്യ’യാക്കാനുള്ള വഴികളായേ ചിലര്‍ കണ്ടുള്ളൂ.
കുഷ്ഠരോഗത്തിനും അയിത്തത്തിനും സാമൂഹ്യ അനാചാരങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിച്ചും ജനങ്ങളെ ജാതിക്കതീതരായി സംഘടിപ്പിച്ചും നടന്ന നാരായണി ഇന്നത്തെ ചിലരുടെ സങ്കല്‍പ്പ പ്രകാരം നവോത്ഥാന നായികയുമായിരുന്നു. 1940 കളില്‍ ചേര്‍ത്തലയില്‍, ഇംഗ്ലണ്ടില്‍ നിന്നിറക്കുമതിചെയ്ത എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചു നടന്നിരുന്ന നാരായണി ‘ബുള്ളറ്റ് നാരായണി’യെന്നും അറിയപ്പെട്ടു. കേരളത്തിലെ പൊതുനിരത്തില്‍ ആദ്യമായി ബൈക്കോടിച്ച സ്ത്രീ എന്ന പ്രത്യേകതയും നാരായണിക്കാണ്. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നാരായണി 1948 ല്‍ മരിച്ചു.
















