തൃശൂര്‍: ശ്മശാനത്തിലെത്തിച്ച മൃതദേഹത്തിനരികില്‍ കലങ്ങിയ കണ്ണുമായി നില്ക്കുന്ന കുട്ടി, തളര്‍ന്നിരിക്കുന്ന ഭാര്യ, ബന്ധുക്കള്‍… ഇവര്‍ക്കിടയിലേക്ക് അവള് നടന്നെത്തി. അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം ശ്മശാന മുറ്റത്തെത്തിച്ച മൃതദേഹത്തിനരികില്‍ വന്നുനിന്ന തട്ടമിട്ട പെണ്ണിനെ കണ്ടവരാരും അമ്പരന്നില്ല.
അവളിന്ന് എല്ലാവര്ക്കും സുപരിചിതയാണ്. ചുടലത്തീയുടെ കരുത്തുള്ളവള് സുബീന റഹ്മാന്. ഇരിങ്ങാലക്കുട ‘മുക്തിസ്ഥാന്‍’ പൊതുശ്മശാനത്തിലെ ജീവനക്കാരി. പുരുഷന്മാര് ചെയ്യുന്ന മൃതദേഹ സംസ്കാര ജോലി സധൈര്യം നടത്തുന്ന മുസ്ലിം വനിത. മറ്റനേകം ജോലികള്‍ ലഭിക്കുമെന്നിരിക്കെ യൗവന നിറങ്ങളുള്ള 27-ാം വയസില്‍ മുസ്ലിം മതമൗലികവാദികളുടെ വെല്ലുവിളികള്‍ അതിജീവിച്ച് മൃതദേഹം സംസ്കരിക്കുന്നതടക്കമുള്ള ശ്മശാനത്തിലെ ജോലികള്‍ ചെയ്യുന്ന തിരക്കിലാണ് സുബീന. ഹൈന്ദവ വിശ്വാസ പ്രകാരം താനൊരു പുണ്യ കര്‍മമാണ് ചെയ്യുന്നതെന്നും ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നത് പുണ്യപ്രവര്‍ത്തിയാണെന്ന് പ്രതിപാദിക്കുന്നുണ്ടെന്നും സുബീന പറയുന്നു.
കൊടുങ്ങല്ലൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സുബീന കുട്ടിക്കാലം മുതല്‍ പോലീസാകണമെന്ന ആഗ്രഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചെങ്കിലും 18ാം വയസില്‍ വിവാഹിതയായി. വിവാഹത്തിന് ശേഷം ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് ആഗ്രഹിച്ചത്. എന്നാലും പോലീസ് പരീക്ഷ പാസായി. എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് ആരോഗ്യ പരിശോധനാ പരീക്ഷയില്‍ ഹാജരാകാന്‍ സാധിച്ചില്ല. അതോടെ പോലീസാകണമെന്ന ആഗ്രഹം ഉപേക്ഷിച്ചു. എല്ലാവരും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു ജോലി ചെയ്യണമെന്ന ചിന്തയായി. അതിനായുള്ള അന്വേഷണത്തിനിടയിലാണ് ശ്മശാന ജോലി സുബീനയെ തേടിയെത്തുന്നത്.
വീടിന്റെ അടുത്തു തന്നെയുള്ള ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തിലുള്ള ‘മുക്തിസ്ഥാന്‍’ പൊതുശ്മശാനത്തിലേക്ക് ആളെ തേടുന്ന വിവരം അറിഞ്ഞു. എങ്ങനെ ഇക്കാര്യം വീട്ടിലറിയിക്കുമെന്ന ചിന്തയായി. പിന്നീട് ഒരു കണക്കിന് വിഷയം അവതരിപ്പിച്ചു. ആദ്യമൊന്നും വീട്ടുകാര്‍ സമ്മതിച്ചില്ല. ഒരു പെണ്ണായ നിന്നെ ഈ ജോലിക്ക് വിടില്ലെന്ന് ഭര്‍ത്താവ് റഹ്മാന് തീര്‍ത്തു പറഞ്ഞു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഭര്‍ത്താവിനെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങനെ 2019 ഒക്ടോബര്‍ 18ന് ശ്മശാനത്തിലെ ജോലിയില്‍ പ്രവേശിച്ചു. ശ്മശാന നോട്ടക്കാരിയായാണ് എത്തിയതെങ്കിലും പിന്നീട് മൃതദേഹം സംസ്കരിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടി വന്നു. മൃതദേഹം സംസ്കരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ് തിരഞ്ഞെടുത്തത്. ഒരു മൃതശരീരം സംസ്കരിച്ചാല്‍ 500 രൂപയാണ് കൂലി കിട്ടുക. താന്‍ ശ്മശാനത്തില്‍ ജോലിക്ക് കയറിയ വിവരമറിഞ്ഞ് സ്വസമുദായത്തില്‍ നിന്നും പല എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അതൊന്നും തളര്‍ത്തിയില്ലെന്ന് സുബീന റഹ്മാന് നിറചിരിയോടെ പറയുന്നു. കല്‍പ്പണിക്കാരനായ ഭര്‍ത്താവ് റഹ്മാനും മകന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഇര്ഫാന് ഉള്‍പ്പെടെയുള്ള കുടുംബം വലിയ പിന്തുണയാണ് നല്‍കുന്നത്.
ജോലിക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് വാചാലയാകുന്നതിനിടയിലും നേരത്തെ സംസ്കരിച്ച ശരീരം കത്തിത്തീര്‍ന്നിട്ടുണ്ടോയെന്ന് ശ്മശാനത്തിന്റെ ഹോളിലൂടെ ഇടയ്ക്കിടെ എത്തിനോക്കുകയായിരുന്നു സുബീന. മൃതദേഹങ്ങള്‍ കത്തിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മരിച്ചവരെ പേടിക്കേണ്ട ആവശ്യമില്ലെന്നും ജീവിച്ചിരിക്കുന്നവരെയാണ് പേടിക്കേണ്ടതെന്നുമായിരുന്നു സുബീനയുടെ മറുപടി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവരുന്നവരില്‍ നിന്നു സ്ത്രീയെന്ന നിലയില്‍ മോശം അനുഭവങ്ങളും നേരിട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ കൂടിയപ്പോള്‍ അവര്‍ക്ക് സമ്മാനമായി കൊടുക്കാനായി ഒരു സാധനം സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഒരു ഇരുമ്പ് കമ്പിയെടുത്ത് കൊണ്ടുവന്നു സുബീന. പരിഹസിക്കുന്നവര്‍ക്കെതിരെ ചുട്ട മറുപടി കൊടുക്കാന്‍ മനസും കാരിരുമ്പാക്കി.
ഒരു ദിവസം തന്നെ ഏഴ് മൃതദേഹങ്ങള്‍ വരെ സംസ്കരിക്കാനായി ശ്മശാനത്തില്‍ എത്താറുണ്ട്. ഈ ജോലിയില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിലും ചില സംഭവങ്ങള്‍ സുബീനയുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒമ്പതു വയസുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് പറയുന്നതിനിടയില്‍ സുബീനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ മനസിനെ അത് ആഴത്തില്‍ വേദനിപ്പിച്ചു. അമ്മയോടെപ്പം വഴിയിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ വാഹനമിടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടി തല്‍ക്ഷണം മരിച്ചു. മൃതദേഹം സംസ്കരിക്കാനായി കൊണ്ടുവന്നപ്പോള്‍ മുഖം മറച്ചിരുന്നില്ല. ആ കുട്ടിയുടെ മുഖം കണ്ടതു മുതല്‍ തന്റെ മനസ് തേങ്ങുകയായിരുന്നു. ഒരു കണക്കിനാണ് കുട്ടിയുടെ സംസ്കാരം നടത്തിയത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരച്ചില് വരുന്ന സംഭവമാണത്. ഒരു വര്‍ഷത്തിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട് മറ്റ് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏത് ജോലിയും ആസ്വദിച്ച് ചെയ്താല്‍ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും സുബീന പറയുന്നു. സ്ത്രീയായതുകൊണ്ട് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നുള്ളതല്ല, നമുക്ക് നല്ലതെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും. പെണ്‍കുട്ടികള്‍ എല്ലാ മേഖലകളിലേക്കും കടന്നുവരാന്‍ ശ്രമിക്കണമന്നുമാണ് സുബീനയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: