പതിനേഴാം വയസില്‍ തന്നേക്കാള്‍ പതിമൂന്ന് വയസ് കൂടുതലുള്ള ഒരാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്ന ഒരു പെണ്‍കുട്ടിക്ക് പിന്നീടുള്ള ജീവിതം മുഴുവന്‍ അയാളെ കേന്ദ്രീകരിച്ചായിരിക്കും. കാരണം ജീവിതം എന്തെന്ന് തിരിച്ചറിവുണ്ടാകുന്ന പ്രായത്തില്‍, കൂടെയുള്ള ആളാണ് ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴികാട്ടി. അങ്ങനെ തന്നെയായിരുന്നു ശോഭന രവീന്ദ്രന് എന്ന കുളത്തൂപ്പുഴക്കാരിയും.
പറഞ്ഞുവരുന്നത് മറ്റാരെ കുറിച്ചുമല്ല. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്ന രവീന്ദ്രന് മാഷിന്റെ ഭാര്യയെക്കുറിച്ചാണ്. മാഷിന്റെ ഭാര്യ എന്നതില്‍ നിന്നും ഇന്നവര്‍ അറിയപ്പെടുന്നത് ഭാഗവത യജ്ഞാചാര്യ എന്ന നിലയിലാണ്. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത വ്യത്യസ്ത മേഖലയില്‍ അവര്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.
ഏറ്റവും പ്രിയപ്പെട്ടവന്റെ വേര്‍പാടിനു ശേഷം ഇന്നത്തെ ശോഭനയിലേക്കും ഭാഗവത യജ്ഞാചാര്യ എന്ന പദവിയിലേക്കുമെത്താന്‍ അവര്‍ക്ക് തുണ മനോധൈര്യം മാത്രമായിരുന്നു. കാരണം പതിനേഴാം വയസില്‍ തുടങ്ങിയ ദാമ്പത്യ ജീവിതത്തിന് 48-ാം വയസില്‍ തിരശീല വീണു. അന്ന് ചുറ്റുമുണ്ടായത് മറ്റാരേയും കാണാന്‍ സാധിക്കാത്ത കൂരിരുട്ടും. 2005 മാര്‍ച്ച് മൂന്നിന് രവീന്ദ്രസംഗീതം നിലച്ചപ്പോള്‍ ഒറ്റയ്ക്ക് ഒരു മുറിയിലേക്ക് ചേക്കേറിയതാണ് ശോഭന. എല്ലാം രവീന്ദ്രന് മാഷ് എന്ന വ്യക്തിയെ മാത്രം ആശ്രയിച്ച് ജീവിച്ച ശോഭന പിന്നിടുള്ള ഒരു വര്‍ഷം മുറിക്ക് പുറത്തിറങ്ങിയില്ല. സ്വയം പീഡിപ്പിച്ച് മരണം വരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. രവിയേട്ടനില്ലാത്ത ജീവിതത്തില്‍ ദൈവത്തിനോടും മറ്റെല്ലാത്തിനോടും ദേഷ്യം. മാഷിന്റെ പാട്ടുകള്‍ മാത്രം കേട്ട് ജീവിച്ച നാളുകള്‍.
ഒരു വര്‍ഷം നീണ്ട ഏകാന്ത വാസത്തിന് ശേഷം 2007ലാണ് മഹാലിംഗപുരം അമ്പലത്തിലേക്ക് സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വാമി ഉദിത് ചൈതന്യയുടെ സപ്താഹം കേള്‍ക്കാന്‍ പോകുന്നത്. അതുവരെ സപ്താഹം എന്തെന്ന് അറിയാതിരുന്ന അവര്‍ ആദ്യമായി ഭാഗവത സപ്താഹ മാഹാത്മ്യം കേട്ടു. അപ്പോള്‍ കിട്ടിയ ആശ്വാസം തുടര്‍ന്നങ്ങോട്ട് സപ്താഹം കേള്‍ക്കാനുള്ള പ്രേരണയായി. അതിലെ ഓരോ ശ്ലോകവും തന്നെക്കുറിച്ചുള്ളതാണെന്ന് ശോഭനയ്ക്ക് തോന്നിത്തുടങ്ങി. അതിന് ശേഷം 2008ല്‍ ഗുരുവായൂരില്‍ സ്വാമിയുടെ സപ്താഹം കേള്‍ക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ഭാഗവതം വാങ്ങുന്നത്. അതുവരെ അറിയാതിരുന്ന സംസ്കൃതം പഠിച്ചതും അതിനുശേഷമാണ്. യാഥാര്‍ത്ഥ്യത്തിലേക്കുള്ള ജീവിതത്തിന്റെ പുതിയ തുടക്കവും അവിടെ നിന്നാണ്. 2009ല്‍ സപ്
താഹം നടക്കുന്നിടത്തേക്ക് സ്വാമി വിളിച്ചു. തുടര്‍ന്നാണ് സ്വാമി തന്ന ധൈര്യത്തില്‍ ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക് ട്രെയിനില്‍ കയറി ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നത്. കയറിയ കംപാര്‍ട്ട്മെന്റില്‍ സ്ത്രീയായി താന്‍ മാത്രമുണ്ടായിട്ടും ട്രെയിനില്‍ കയറി വന്നത് എവറസ്റ്റ് കയറിയതിനേക്കാള്‍ സന്തോഷം നല്‍കിയെന്ന് അവര്‍ പറയുന്നു. ആ വേദിയില്‍ ആദ്യമായി വലിയൊരു സദസിനെ അഭിമുഖികരിച്ചു. മാഷിനെ കുറിച്ച് പറഞ്ഞപ്പോള്‍ മിഴികള്‍ നിറഞ്ഞു. എങ്കിലും ആദ്യമായി ധൈര്യപൂര്‍വം സദസില്‍ സംസാരിച്ചു.
സ്വാമിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 2013ല്‍ ചാലക്കുടിയിലെ ഭാഗവത ഗ്രാമം ആശ്രമത്തിലാണ് ആദ്യമായി സപ്താഹം അവതരിപ്പിച്ചത്. പണ്ഡിറ്റ് ഗോപാലന് നായരുടെ പുസ്തകം വാങ്ങി പഠിച്ച് നീണ്ട തപസ്യയ്ക്ക് ശേഷമായിരുന്നു അവതരണം. രാത്രിയും പകലും ഭാഗവതവുമായി നടത്തിയ നിരന്തര പോരാട്ടത്തിന് ശേഷമാണ് ഏത് വേദിയിലും ധൈര്യത്തോടെ സംസാരിക്കാന്‍ കഴിയുന്ന ഇന്നത്തെ ശോഭന എന്ന ഭാഗവത യജ്ഞാചാര്യയിലേക്ക് എത്തിച്ചേര്‍ന്നത്. ഇതിനോടകം 16ലധികം വേദികളില്‍ സപ്താഹം അവതരിപ്പിച്ചു. സപ്താഹത്തിന് മാത്രമല്ല പ്രഭാഷണങ്ങള്‍ക്കും പോകുന്നുണ്ട്.
ആത്മീയതയും ഭൗതികയും കൂടിച്ചേര്‍ന്ന പുതിയ ജീവിതത്തില്‍ ഒരുപാട് തിരക്കുകളുണ്ട് ശോഭനയ്ക്ക്. പുസ്തകം എഴുതാനും രവീന്ദ്രന് മാഷിന്റെ പേരില്‍ സംഗീത സ്കൂള്‍ ആരംഭിക്കുന്നതിന്റേയും തിരക്കുകളിലാണിപ്പോള്‍. നീന്തിക്കടന്നത് വലിയൊരു കണ്ണീര് പുഴയാണെങ്കിലും അപലയാണെന്ന ചിന്ത മാറ്റി സങ്കടത്തിന്റെ കയത്തില്‍ നിന്നുയരാന്‍ പ്രചോദനമായി നിറചിരിയോടെ നില്ക്കുകയാണവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: