ഒരു അമ്മയുടെ വിലാപമാണ് കേള്‍ക്കുന്നത്; വാവിട്ട് കരയുകയാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലെ ഊരില്‍ നിന്നുള്ള ചിത്രമാണ്. ആ ചെറിയ വീട്ടില്‍ അമ്മയ്‌ക്ക് പുറമെ മൂന്ന് മക്കളുണ്ട്. രണ്ടുപേര്‍ കിടപ്പിലാണ്. അമ്മയ്‌ക്കു പ്രായാധിക്യം. നടക്കാന്‍ പോലുമാവുന്നില്ല. മക്കളെ ചികിത്സിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് പ്രധാനമന്ത്രിയുടെ ‘ആയുഷ്മാന്‍ ഭാരത്’ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ഇപ്പോള്‍ അമ്മയ്‌ക്കും മക്കള്‍ക്കും ചികിത്സ ലഭിക്കുന്നു. ജോലി ചെയ്യുന്ന ഏക മകളെക്കൊണ്ട് കുടുംബം നടത്തിക്കൊണ്ടു പോകാനുമാവുന്നു.
ഇത് കഴിഞ്ഞ ദിവസം കണ്ട വീഡിയോയാണ്. ലോക വനിതാ ദിനത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് ഈ ഊരും അമ്മയും മക്കളുമാണ്. ഇതുപോലെ എത്രയോ അമ്മമാര്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളിലുണ്ടാവും..! ഇതുപോലെ എത്രയോ പേരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കരകയറ്റാന്‍ ഇത്തരം പദ്ധതികള്‍ കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞു. സ്ത്രീശക്തി തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇനിയുമേറെ പോകാനുണ്ടെന്ന് മോദിക്കറിയാം. വനിതാ സംവരണ നിയമം അടക്കം പാസാക്കേണ്ടതുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതും അദ്ദേഹം മനസ്സില്‍ കാണുന്നുണ്ടാവണം.
തുടക്കം ഗുജറാത്തില്‍
ഇന്നിപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ ഏതെങ്കിലും രംഗത്ത് അസമത്വമുണ്ട് എന്നൊന്നും പറയാനാവില്ലല്ലോ. എല്ലാവരും എവിടെയും തുല്യരാണ്. സ്ത്രീകളിലൂടെയാണ് യഥാര്‍ഥത്തില്‍ ഒരു മാറ്റമുണ്ടാക്കാനാവുക, ഊന്നല്‍ നല്‍കേണ്ടത് ആ വിഭാഗത്തിലാണെന്ന് മോദി തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കെ, അവിടെ വിദ്യാര്‍ഥിനികളില്‍ വലിയൊരു ശതമാനം തുടര്‍ പഠനത്തിന് തയാറാവാത്തത് അദ്ദേഹം കണ്ടെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ ഗ്രാമങ്ങളിലേക്ക് എത്തുന്നതാണ് പിന്നീട് കണ്ടത്. പ്രൈമറി സ്‌കൂളുകളിലും അംഗണ വാടികളിലുമൊക്കെ മുഖ്യമന്ത്രിയെത്തി. കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ ഒക്കെ വിതരണം ചെയ്തു. രക്ഷകര്‍ത്താക്കളെ വിശ്വാസത്തിലെടുത്തു. അത് വലിയ മാറ്റമാണുണ്ടാക്കിയത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ 2001ല്‍ ഇരുപതാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മാറ്റിയെടുക്കാന്‍ മോദിക്കായി. അന്നുമുതലേ ഇത്തരമൊരു വലിയ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതി ആവിഷ്‌കരിച്ചത്. അത് വലിയ ചലനങ്ങള്‍ രാജ്യമെമ്പാടുമുണ്ടാക്കി. അത് വിദ്യാഭ്യാസ മേഖലയിലും പ്രകടമായി.
എല്ലായിടത്തും സ്ത്രീ പങ്കാളിത്തം
വിവിധ ക്ഷേമ- വായ്പാ പദ്ധതികളില്‍ സ്ത്രീകള്‍ക്ക് ഊന്നല്‍ നല്‍കപ്പെട്ടു. ‘ഭാരത് കാ ലക്ഷ്മി’ എന്നത് പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ ബാങ്കുകളുടെയും എല്ലാ ബ്രാഞ്ചുകളും ഒരാള്‍ക്കെങ്കിലും പത്ത് ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പയായി നല്‍കിയിരിക്കണം. അത് ഏറെക്കുറെ ഭംഗിയായി നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ‘സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ ചേര്‍ന്നവരില്‍ 81% വനിതകളാണ്. ‘മുദ്ര’ വായ്പ പ്രയോജനപ്പെടുത്തിയവരില്‍ 70 ശതമാനം സ്ത്രീകളാണ്.
സാമൂഹ്യ സുരക്ഷാ പദ്ധതികളിലേക്ക് കടന്നാല്‍, ‘അടല്‍ പെന്‍ഷന്‍ യോജന’യില്‍ 93 ലക്ഷം ആള്‍ക്കാരുള്ളതില്‍ 43% പേര്‍ സ്ത്രീകളാണ്. ‘ജീവന്‍ ജ്യോതി ബീമാ യോജന’, ‘പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന’ എന്നിവയിലും ഈ പങ്കാളിത്തം പ്രകടമാണ്. വാര്‍ഷികമായി 330 രൂപയടച്ചാല്‍ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ് ഈ പദ്ധതി. 40 ശതമാനത്തിലേറെ സ്ത്രീകള്‍ അതില്‍ ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം തേടിയവരിലും 58 ശതമാനത്തിലേറെ സ്ത്രീകളാണ്. അപകട മരണത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും വരെ ലഭിക്കുന്ന ‘പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന’യില്‍ ചേര്‍ന്നവരില്‍ 61% ത്തിലേറെ സ്ത്രീകള്‍. ‘ആയുഷ്മാന്‍ ഭാരത്’ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് പ്രയോജനപ്പെടുന്നത്. ബ്രെസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്‌ക്ക് ആ പദ്ധതിയില്‍ ചികിത്സാ സഹായം ലഭ്യമാണല്ലോ. ഏറെ ശ്രദ്ധേയം, ഉജ്വല യോജനയാണ്. പാവപ്പെട്ട വീട്ടുകാര്‍ക്ക് സൗജന്യമായി പാചകവാതകം എത്തിക്കുന്ന പദ്ധതി. അതിന്റെ കീഴില്‍ എട്ട് കോടിയോളം സ്ത്രീകളാണ് പഴയ വിറകടുപ്പിന്റെ പുകയോട് യാത്രചൊല്ലിയത്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സമ്മാനമല്ലേ അവര്‍ക്കൊക്കെ മോദി ലഭ്യമാക്കിയത്.
ഇനി വേണം, സ്ത്രീ സംവരണം
സ്ത്രീകള്‍ക്ക് വേണ്ടത്ര സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. സംഘടനാ ചുമതലകളില്‍ സുപ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകളുണ്ട്. ഇത്രയേറെ സ്ത്രീ പ്രാതിനിധ്യമുള്ള കേന്ദ്ര മന്ത്രിസഭയും ഇന്ത്യയുടെ ചരിത്രത്തില്‍ കുറവാവും. പാര്‍ലമെന്റില്‍ നാലു വനിതാ എംപിമാര്‍ പാര്‍ട്ടി വിപ്പിന്റെ ചുമതല വഹിക്കുന്നു. ഏറ്റവുമധികം വനിതാ എംപിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയും ബിജെപിയാണ്. ഇന്നിപ്പോള്‍ വലിയ വെല്ലുവിളി വനിതാ സംവരണ ബില്‍ പാസാക്കുക എന്നതാണ്. ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കുന്ന അനുഛേദം- 370 എടുത്തുകളഞ്ഞതും ‘മുത്തലാഖ്’ നിയമ ഭേദഗതിയും ഒക്കെ ഈ സര്‍ക്കാര്‍ നല്‍കിയ സംഭാവനയാണല്ലോ. അതിനേക്കാളൊക്കെ പ്രധാനമാണ് വനിതകള്‍ക്ക് 33% സംവരണം എന്ന നിര്‍ദ്ദേശം. അതിനുള്ള ഭേദഗതി ബില്‍ പലവട്ടം പാര്‍ലമെന്റില്‍ വന്നതാണ്. വലിയ ഭൂരിപക്ഷം ഇരു സഭകളിലുമുണ്ടായിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസിന് ആ സംവരണം കൊണ്ടുവരാനായില്ല. തീര്‍ച്ചയായും അത് നടപ്പിലാക്കണമെന്ന നിലപാടിനൊപ്പമാണ് ബിജെപി. നിലപാടുകളും കാഴ്ചപ്പാടും വ്യക്തം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി, നമ്മുടെ സഹോദരിമാര്‍ക്ക് പാര്‍ലമെന്റില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന നിയമവും ഇന്ത്യയില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്ര മോദിക്കാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: