വളയിട്ട കൈകള്‍ വാത്സല്യപൂര്‍വം താലോലിക്കാന്‍ മാത്രമുള്ളതാണെന്ന ചിന്ത ഇന്ന് വെറും സങ്കല്‍പ്പമാണ്. വളയം പിടിക്കുന്നത് മുതല്‍ നാട്ടുഭരണം വരെ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. അതില്‍ പ്രധാനമാണ് കാക്കിയിട്ട് നാടിനെ സേവിക്കുന്ന വനിതാപോലീസുകാര്‍. ഇന്ന് കേരളത്തില്‍ വനിതാ സിപിഒ മുതല്‍ എഡിജിപിവരെ വിവിധ തലങ്ങളില്‍ കാക്കിയണിഞ്ഞ് വനിതകള്‍ സേവനം അനുഷ്ഠിക്കുന്നു. പക്ഷേ, ഈ കാക്കികള്‍ക്കുള്ളിലെ കഷ്ടപ്പാടുകളും തേങ്ങലുകളും ആരറിയുന്നു?
ഡബ്ല്യുപിസി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വനിതാ പോലീസുകാര്‍ ജോലിക്കിടയില്‍ നേരിടുന്ന കടുത്തബുദ്ധിമുട്ടുകളും മാനസിക പീഡനങ്ങളും കേള്‍വിക്കാരുടെ കണ്ണുനിറയ്ക്കും. പേരു വെളിപ്പെടുത്താന്‍ തയാറല്ലാത്ത മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥ വിശദീകരിച്ചത് കേട്ടാല്‍ ആരും ഞെട്ടും. വനിതാ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന പോലീസുകാരികളുടെ സ്ഥിതി ഒരോ ദിവസം കഴിയുംതോറും പരിതാപകരമായി മാറുകയാണ്. മതിയായ അവധിയും വിശ്രമവും ഇല്ലാതെ, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മേലുദ്യോഗസ്ഥര്‍ ഇവരെ പായിക്കുകയാണ്.
ഇതിന് ഉദാഹരണമായി ഈ ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ മണ്ഡലകാലത്തെയാണ്. ശബരിമലയില്‍ നാല് ഫെയ്‌സ് ഡ്യൂട്ടി ഒപ്പം ഓക്‌സിലറി ഫേസ് ഡ്യൂട്ടിയും ചെയ്യിച്ചശേഷം നാലുദിവസത്തെ വിശ്രമം അനുവദിക്കുക സ്വാഭാവികമാണ്. എന്നാല്‍ അന്ന് ഒരു മണിക്കൂറുപോലും വിശ്രമം നല്‍കാതെ റിപ്പബ്ലിക്ക് ദിന പരേഡിന് കൊണ്ടുപോയി. അഞ്ചുദിവസത്തെ പരേഡ് കഴിഞ്ഞ് രണ്ടുദിവസത്തെ വിശ്രമത്തിനായി വിട്ട ഇവരെ തൊട്ടടുത്ത ദിവസം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി നിയമസഭാ സമ്മേളന ഡ്യൂട്ടിക്ക് നിയോഗിച്ചു. സഭ പതിനൊന്നുമണിക്ക് അടിച്ചുപിരിഞ്ഞാലും ഈ വനിതാ പോലീസുകാരെ മടക്കുന്നത് രാത്രി എട്ടുമണിക്കാണ്. ഒരാഴ്ച ഇങ്ങനെ ഡ്യൂട്ടി ചെയ്തവര്‍ക്ക് സഭയില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാന്‍ അനുവാദമില്ല. അതേപോലെ, ലോക്കല്‍ സ്റ്റേഷനുകളിലെ നാലോ അഞ്ചോ വനിതാ പോലീസുകാര്‍ ചെയ്തു കൊണ്ടിരുന്ന ക്ഷേത്രങ്ങളിലെ പൊങ്കാല ഡ്യൂട്ടിക്ക് ഇപ്പോള്‍ വനിതാ ബറ്റാലിയനുകാരെ വിശ്രമം പോലും നല്‍കാതെ കൂട്ടത്തോടെയാണ് നിയോഗിക്കുന്നത്.
കരളലിയിപ്പിക്കുന്ന മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി ചില വനിതാ പോലീസുകാര്‍ ‘ജന്മഭൂമി’യുമായി പങ്കുവച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, കൂടാതെ കൊല്ലം ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍. ഈ ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകാന്‍ അടുത്തിടെ ലീവ് ചോദിച്ചു. അവധി ആവശ്യപ്പെട്ടത് വിശ്രമിക്കാനല്ല. ഇവര്‍ക്ക് വീടുകളില്‍ ഒരു വയസു മുതല്‍ പത്തുവയസു വരെയുള്ള കുട്ടികളുണ്ട്. അവരുടെ അരികിലെത്താനാണ് ഈ അമ്മമാര്‍ അവധിക്കായി മേലുദ്യോഗസ്ഥരുടെ കാലുപിടിച്ചത്. പക്ഷേ ആരും ഒരു കാരുണ്യവും കാണിച്ചില്ല. പോലീസില്‍ ലീവില്ലെന്ന് അറിയില്ലേ എന്നായിരുന്നു മുഖത്തടിച്ച പോലുള്ള മറുപടി. കുഞ്ഞ് വിളിച്ച് കരഞ്ഞിട്ടാണ് സാര്‍ ഒരു ദിവസത്തെ അവധി മതി. കുട്ടികളെ കണ്ടിട്ട് ഉടന്‍ മടങ്ങി എത്തിക്കൊള്ളാം എന്നപേക്ഷിച്ചപ്പോള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്‌ക്കാനാണ് മേലുദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി.
ഈ കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഏറെ പരിതാപകരം. അമ്മമാര്‍ അടുത്തില്ലാത്തതിനാല്‍ പഠനം പുറകോട്ട്, ശരിയായ ഭക്ഷണം ചെറുപ്രായത്തില്‍ നല്‍കാന്‍ കഴിയുന്നില്ല. എല്ലാത്തിലും ഉപരി ശ്രദ്ധിക്കാന്‍ ആളില്ലാത്തതിനാല്‍ മൊബൈല്‍ ഗെയിമിലുള്ള ആസക്തി, പെരുമാറ്റ വൈകല്യം, പഠന നിലവാരത്തകര്‍ച്ച എന്നിവ കുട്ടികളില്‍ പ്രകടമാണ്. കഴിയുന്നത്ര സമയം കുട്ടികളുമായി ചെലവഴിച്ചില്ലെങ്കില്‍ ഇവര്‍ മറ്റ് വഴിയിലേക്ക് തിരിയുമെന്ന മുന്നറിയിപ്പാണ് ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് ലഭിക്കുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണിപ്പോഴെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം ബറ്റാലിയനിലെ മേധാവിയോട് പറയുമ്പോള്‍ ലഭിക്കുന്ന മറുപടി ഇങ്ങനെ – ”പോലീസിലായാല്‍ ഇങ്ങനെയാണ്. അല്ലെങ്കില്‍ പഠിച്ച് മറ്റേതെങ്കിലും ജോലി വാങ്ങുകയോ നിലവിലുള്ള പോലീസ് ജോലി ഉപേക്ഷിക്കുകയോ ചെയ്യുക”. ”വനിതാ ബറ്റാലിയന്‍ രൂപീകരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഞങ്ങള്‍ക്കും ഞങ്ങളുടെ കുട്ടികള്‍ക്കുമുള്ള മൗലികാവകാശം പോലും നിഷേധിക്കുകയാണിവിടെ”-വേദന കടിച്ചമര്‍ത്തി അവര്‍ പറയുന്നു.
പണത്തിന് ആവശ്യമുള്ളതുകൊണ്ടാണ് പീഡനങ്ങള്‍ സഹിച്ചും വേറെ ഏതൊരു സര്‍ക്കാരുദ്യോഗസ്ഥര്‍ നേരിടുന്നതിനെക്കാള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതെന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മറുപടി ശമ്പളം വേണമെങ്കില്‍ ഇതൊക്കെ അനുസരിച്ചേ തീരൂ എന്നാണ്. വനിതാ ബറ്റാലിയനിലെ ഓരോ പോലീസ് അമ്മയും സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്ത് മനസ് വെന്തുരുകിയാണ് ജോലിയില്‍ തുടരുന്നത്. അംഗത്വമില്ലാത്തതു കൊണ്ട് പോലീസ് സംഘടനയും അവരെ കൈ ഒഴിഞ്ഞ മട്ടാണ്.
മക്കളെ പരിപാലിക്കാന്‍ കഴിയാതെ ഉഴറുന്ന അമ്മമാര്‍ ഒരു വശത്ത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഇല്ലാത്തവര്‍ ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയ്‌ക്ക് അവധി ചോദിച്ചപ്പോള്‍ കുട്ടിയെ ദത്തെടുക്കാന്‍ മധ്യമേഖലയിലുള്ള വനിതാകോണ്‍സ്റ്റബിളിനോട് സ്ത്രീയായ ഒരു മേലുദ്യോഗസ്ഥ പറഞ്ഞുവത്രേ. ഇതൊക്കെ ബറ്റാലിയന്‍ എഡിജിപിയുടെയോ ഡിജിപിയുടെയോ ശ്രദ്ധയില്‍ പെടുത്താന്‍ ജോലിയുടെ അച്ചടക്ക സ്വഭാവം തങ്ങളെ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഈ അവസ്ഥ മനുഷ്യാവകാശ പ്രവര്‍ത്തകരോ വനിതാ കമ്മീഷനോ ബാലാവകാശ കമ്മീഷനോ അറിഞ്ഞഭാവം പോലും നടിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. ഈ വിഭാഗങ്ങളിലെല്ലാം ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ അധികവും വനിതകളാണെന്നുള്ളതും ശ്രദ്ധേയമാണ്.
മറ്റൊരു അഭ്യര്‍ഥന കൂടി ബറ്റാലിയനിലെ വനിതാ പോലീസുകാര്‍ക്ക് പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്താനുണ്ട്. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസുകാര്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബറ്റാലിയനെ തിരുവനന്തപുരം ജില്ലയില്‍ മാത്രം നിലനിര്‍ത്താതെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലെ പോലീസ് മേധാവിക്ക് കീഴില്‍ അറ്റാച്ച് ചെയ്താല്‍ തെല്ലെങ്കിലും ആശ്വാസം വനിതാ ബറ്റാലിയന് ലഭിക്കുമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക