മക്കളെ,
ഇന്ന് എല്ലാവര്ക്കും അറിയാവുന്നത് മറ്റുള്ളവരില്‍നിന്നും ‘എടുക്കുക, എടുക്കുക’ എന്നതു മാത്രമാണ്. കൊടുക്കുവാനും സഹായിക്കുവാനുമുള്ള മനസ്സ് ഇന്നു ജനങ്ങളില്‍ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. എന്നാല്‍ കടമകള്‍ നിറവേറ്റുന്നതില്‍ അതേ താല്പര്യം കാണാറില്ല. നമ്മുടെ മാതാപിതാക്കളോടും, ഗുരുജനങ്ങളോടും, സഹജീവികളോടും അതിലുമുപരി പ്രകൃതിയോടും ഈശ്വരനോടുമെല്ലാം നമ്മള് കടപ്പെട്ടിരിക്കുന്നു. നമ്മള് എടുത്തതും നേടിയതുമെല്ലാം നമ്മുടെ അവകാശമാണെന്നു ചിന്തിക്കാതെ, എല്ലാറ്റിനോടുമുള്ള കടമ കൃതജ്ഞതാപൂര്‍വ്വം നിര്‍വ്വഹിക്കാന്‍ നമ്മള് തയ്യാറാകണം.
ഒരു യാചകന് ഒരു വീട്ടില്‍ ചെന്നു ഭിക്ഷ ചോദിച്ചു. കുറെ വര്‍ഷങ്ങളായി ഈ യാചകന് ആ വീട്ടില്‍ ഭിക്ഷയെടുക്കാന്‍ ചെല്ലാറുണ്ട്. അന്നത്തെ ദിവസം വീട്ടുകാരന് പത്തുരൂപ കൊടുത്തു. അപ്പോള്‍ യാചകനു ഭയങ്കരദേഷ്യം വന്നു. അയാള്‍ വീട്ടുകാരനോടു പറഞ്ഞു, ”ആദ്യകാലത്തു നിങ്ങള്‍ എനിക്ക് മാസത്തില്‍ നൂറു രൂപ തന്നുകൊണ്ടിരുന്നു. പിന്നെ അത് മാസം അമ്പതു രൂപയാക്കി കുറച്ചു. പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുപത്തഞ്ചാക്കി. ഇപ്പോഴിതാ അതു പത്തുരൂപയാക്കിയിരിക്കുന്നു. ഇതെന്ത
ന്യായമാണ്?” വീട്ടുകാരന് പറഞ്ഞു, ”നിങ്ങള്‍ ആദ്യകാലം വരുമ്പോള്‍ ഞാന്‍ കല്യാണം കഴിച്ചിരുന്നില്ല. അപ്പോള്‍ നൂറു രൂപ നിങ്ങള്‍ക്കു തരാന്‍ എനിക്കു സാധിക്കുമായിരുന്നു. പിന്നെ കല്യാണം കഴിച്ചു. ഭാര്യയ്ക്കു ജോലിയില്ല. ചെലവു കൂടി. അതിനാല്‍ ഭിക്ഷ അമ്പതു രൂപയാക്കി കുറച്ചു. പിന്നെ എനിക്കൊരു കുഞ്ഞുണ്ടായി. ചെലവു വീണ്ടും വര്‍ദ്ധിച്ചു. അപ്പോള്‍ നിങ്ങള്‍ക്കുള്ള ഭിക്ഷ ഇരുപത്തഞ്ചു രൂപയാക്കി. ഇപ്പോഴിതാ രണ്ടാമതൊരു കുഞ്ഞു ജനിച്ചു. സത്യത്തില്‍ ഭിക്ഷ നല്കാന് ഇപ്പോള്‍ എന്റെ കയ്യില്‍ പണം തീരെയില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും തരണമല്ലോ എന്നു വിചാരിച്ച്, ഞാന്‍ പത്തുരൂപ തന്നതാണ്.” അതു കേട്ടതും ഭിക്ഷക്കാരന്റെ ദേഷ്യം ഒന്നുകൂടി വര്‍ദ്ധിച്ചു. അയാള്‍ അലറിക്കൊണ്ടു ചോദിച്ചു, ”എനിക്കുള്ള പണമെടുത്തുകൊണ്ടാണോ നിങ്ങളുടെ കുടുംബം പുലര്‍ത്തേണ്ടത്?”
ദാനമായി കിട്ടിയ പണം നന്ദിയോടെ സ്വീകരിക്കുന്നതിനു പകരം അതു തന്റെ അവകാശമായി ഭിക്ഷക്കാരന് കരുതി. അതു
പോലെയാണ് നമ്മളും പലപ്പോഴും ലോകത്തില്‍ പെരുമാറുന്നത്. പ്രകൃതിയോടായാലും ബന്ധുക്കളോടായാലും സുഹൃത്തുക്കളോടായാലും മറ്റു സഹജീവികളോടായാലും നമ്മള് ഇടപെടുന്നത് സ്വാര്‍ത്ഥതയോടെയാണ്. മറ്റുള്ളവര്‍ ചെയ്യുന്ന സഹായത്തിനു നന്ദി
പുലര്‍ത്താതെ, അതെല്ലാം സ്വന്തം അവകാശമാണെന്ന ഭാവമാണ് നമുക്കുള്ളത്. സഹായിക്കുന്നവരോടു നന്ദി കാണിക്കുന്ന സംസ്ക്കാരം ഇന്നു നമ്മുടെ സമൂഹത്തില്‍ നിന്നും നഷ്ടമാകുകയാണ്. വിദേശരാജ്യങ്ങളില്‍ മറ്റുള്ളവര്‍ ഏതെങ്കിലും തരത്തില്‍ സഹായിച്ചാല്‍ അവരോട് ഉടന്‍ നന്ദി പറയുന്ന ശീലമുണ്ട്. അതു
പോലെ എന്തെങ്കിലും തെറ്റു പറ്റിയാലുടനെ അവര്‍ ക്ഷമ ചോദിക്കുകയും ചെയ്യും. അവര്‍ ‘താങ്ക്യൂ, സോറി’ എന്നൊക്കെ പറയുന്നത് ചിലപ്പോള്‍ ടേപ്പ്റിക്കോര്‍ഡര്‍ പോലെ യാന്ത്രികമായിരിക്കാം. എന്നാലും അവര്‍ നന്ദി പ്രകടിപ്പിക്കുന്നുണ്ടല്ലോ. നമ്മുടെ രാജ്യത്താകട്ടെ പലരും വാക്കുകളില്‍
പോലും ആ ഭാവം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.
ക്ഷമ ചോദിക്കുന്നത് ഉള്ളില്നിന്നല്ലെങ്കിലും ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് അത് ആശ്വാസം പകരും. മനസ്സിലെ മുറിവിനെ പൊറുപ്പിക്കാന്‍ ആ വാക്കുകള്‍ക്കു സാധിക്കും. തനിക്കു തെറ്റു പറ്റിയെന്ന് സമ്മതിക്കാനും, അതിനു വാക്കുകള്‍ കൊണ്ടു
പോലും ക്ഷമ പറയാനും നമ്മള് തയ്യാറായില്ലെങ്കില്‍, ഇരുകൂട്ടരുടെയും ഉള്ളില്‍ കലുഷതകള്‍ അവശേഷിക്കാന്‍ അതു ഇടയാക്കും. നമ്മുടെ നാട്ടില്‍ അറിയാതെ ആരുടെയെങ്കിലുംമേല്‍ കാലു തട്ടിയാല്‍ ഉടനെ അവരെ കൈതൊട്ടു വണങ്ങുന്ന ശീലമുണ്ടായിരുന്നു. ഇക്കാലത്ത് ഒരാളെ തട്ടിമറിച്ചിട്ടാലും തിരിഞ്ഞുനോക്കാതെ പോകുന്നവര്‍ എത്രയോ അധികമാണ്.
നമ്മള് എപ്പോഴും മറ്റുള്ളവരില്‍നിന്നു എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതുപോലെ അവരും നമ്മളില്‍നിന്നു പലതും പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം നമ്മള് മറക്കരുത്. നമ്മളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെ തിരിച്ചറിയാനും, അവ നിറവേറ്റാ
നും നമ്മള് ശ്രമിക്കണം. എടുക്കുന്നതിലുപരി കൊടുക്കാനുള്ള മനസ്സുണ്ടാവുമ്പോള്‍ നമ്മള് യഥാര്‍ത്ഥത്തില്‍ മാനസികമായും ഭൗതികമായും ഉയരുകയാണ് ചെയ്യുന്നത്.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: