എണ്പത്തിയൊന്നിലധികം വര്‍ഷങ്ങളായി രാജ്യത്തിന്റെ കാവല്‍ ഭടന്മാരായി സമാധാനം പരിപാലിക്കുന്ന സിആര്‍പിഎഫിന്റെ കിരീടത്തില്‍ നിരവധി തൂവലുകളുണ്ട്. ക്രമസമാധാന പാലനത്തിനുള്ള ചെറിയൊരു പൊലീസ് യൂണിറ്റായി ബ്രിട്ടീഷ് അധീന ഇന്ത്യയില്‍ 1939ല്‍ രൂപംകൊണ്ട സിആര്‍പിഎഫ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ സേനയായി മാറി. 246 ബറ്റാലിയനുകളുള്ള സിആര്‍പിഎഫ് ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സമാന്തര സൈനിക വിഭാഗമാണ്. ധീരതയുടെയും ത്യാഗത്തിന്റെയും അവസാന വാക്കായി സിആര്‍പിഎഫ് സ്വയം കരുത്തു തെളിയിച്ചു. 1976 ധീരതാ പുരസ്കാരങ്ങള്‍ സിആര്‍പിഎഫ് നേടിയിട്ടുണ്ട്. വനാന്തര്‍ ഭാഗങ്ങളില്‍ പൊരുതുന്ന കോബ്ര, കലാപങ്ങള്‍ക്കെതിരെ ഇടപെടുന്ന ദ്രുതകര്‍മ സേന, പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്മെന്റ് എന്നിവ രാജ്യത്ത് അതതു മേഖലകളിലെ ആദ്യ വിഭാഗമാണ്. അവ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യാന്വേഷണത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും വഴികാട്ടിയായി മാറി.
ദല്‍ഹിയിലെ ഝറോഡ കലാനില്‍ ‘മഹിളാ’ ബറ്റാലിയനു തുടക്കം കുറിച്ച് 1986 ഫെബ്രുവരി 6ന് സിആര്‍പിഎഫ് അതിന്റെ കീരിടത്തില്‍ പുതിയ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ത്തു. ഇത് സിആര്‍പിഎഫിലെ ആദ്യ വനിതാ ബറ്റാലിയന് മാത്രമായിരുന്നില്ല, ലോകത്തിലെതന്നെ ആദ്യ വനിതാ ബറ്റാലിയനായിരുന്നു. ശ്രീലങ്കയിലേക്ക് ഇന്ത്യ നിയോഗിച്ച സമാധാന സേന(ഐപികെഎഫ്)യുടെ ഒരു പ്രധാന ഭാഗമായി ഇതു മാറി. 2007 ജനുവരി 20നു ഐക്യരാഷ്ട്രസഭാ സമാധാന സേനയുടെ കീഴില്‍ ലൈബീരിയയിലേക്ക് അയച്ച സമാധാന സേനയ്ക്കൊപ്പം സിആര്‍പിഎഫിലെ വനിതാ പോരാളികളെയും ഉള്‍പ്പെടുത്തിയിരുന്നു. നേരത്തേ, 1989ല്‍ ഏഴ് വനിതകള്‍ക്കു സേനയില്‍ ആദ്യമായി ഓഫീസര്‍ റാങ്ക് നല്‍കിയിരുന്നു. ആറാം ‘മഹിളാ’ ബറ്റാലിയനിലും 15 ദ്രുതകര്‍മ സേന(ആര്‍എഎഫ്)യിലും വനിതകള്‍ക്കു സിആര്‍പിഎഫ് മതിയായ പ്രാതിനിധ്യമാണ് നല്‍കിയത്. 2017ല്‍ രൂപീകരിച്ച 241 ബറ്റാലിയനില്‍ വനിതാ പ്രാതിനിധ്യം 33 ശതമാനമായിരുന്നു. അവരെ ഇപ്പോഴും ഇടതു തീവ്രവാദ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നു, അവര്‍ അവിടെ പോരാട്ട മികവു പ്രകടിപ്പിക്കുകയും ചെയ്യുന്നു.
പോരാട്ട പങ്കാളിത്തം: ഭീകര പ്രവര്‍ത്തനത്തെയും മാവോയിസ്റ്റു ഭീഷണിയെയും നേരിടുന്നതില്‍ വനിതകള്‍ അവരുടെ പോരാട്ട മികവു തെളിയിച്ചിട്ടുണ്ട്. 1990ല്‍ വടക്കു കിഴക്കന്‍ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്ന് പൊരുതാനാണ് വനിതകളെ നിയോഗിച്ചത്. അന്നു മുതല്‍ നിരവധി വനിതകള്‍ ജമ്മു കശ്മീരിലും ഇടതുതീവ്രവാദ ബാധിത പ്രദേശങ്ങളിലും ഉള്‍പ്പെടെ ദേശവിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സ്വന്തം ജീവന് പോലും രാജ്യത്തിനു നല്കി വനിതകള്‍ സേനയുടെ ഹൃദയമായി മാറിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. 2001ല്‍ പാര്‍ലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണ വേളയില്‍ കമലേഷ് കുമാരി എന്ന കോണ്‍സ്റ്റബിള്‍ നടത്തിയ പരമോന്നത ജീവത്യാഗം മായ്ക്കാനാകാത്ത ഉദാഹരണമാണ്. അവരുടെ അസാമാന്യ ധീരത പരിഗണിച്ച് സമാധാന കാലത്തെ പരമോന്നത ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി നല്കി. കോണ്‍സ്റ്റബിള്‍ രേഖ ഖുഷ്വാഹ, കോണ്‍സ്റ്റബിള്‍ ബിന്ദാ കുമാരേ എന്നിവരെപ്പോലുള്ള വനിതാ പോരാളികളും കര്‍ത്തവ്യ നിര്‍വഹണത്തിനിടെ ജീവന് ത്യജിച്ചവരാണ്. കമലേഷ് കുമാരിയെക്കൂടാതെ മരണാനന്തരം പരമോന്നത പൊലീസ് ബഹുമതി നല്കി രാജ്യം ആദരിച്ച വനിതകളാണ് ഐപികെഎഫ് അംഗമായിരിക്കെ 1990ല്‍ ശ്രീലങ്കയില്‍ ജീവന് ത്യജിച്ച ബിമലാ ദേവി, രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹയായ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന സാന്റോ ദേവി എന്നിവര്‍.
മഹിളാ ഡെയര്‍ ഡെവിള്‍സ്: 2020 ലെ റിപ്പബ്ലിക് ദിനത്തില്‍ സിആര്‍പിഎഫിലെ വനിതാ ബൈക്കര്‍മാരുടെ സംഘം നടത്തിയ ആകര്‍ഷകമായ മോട്ടോര്‍ സൈക്കിള്‍ എയ്റോബിക്സിനു ലോകമാകെ സാക്ഷ്യം വഹിച്ചു. മോട്ടോര്‍ ബൈക്കുകളിലെ സാഹസിക പ്രകടനംകൊണ്ട് സുജാതയുടെ നേതൃത്വത്തിലുള്ള സംഘം കാണികളെ അമ്പരപ്പിച്ചു. ബൈക്കോടിക്കല്‍ സാഹസിക സംഘത്തിലെ അംഗമാകുന്നതിനു മുമ്പു തനിക്ക് ഇരുചക്ര വാഹനം ഓടിക്കാന്‍ പോലും അറിയുമായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ബൈക്ക് പ്രേമത്തെക്കുറിച്ച് സുജാത പറയുന്നത്. ”ഇവിടെ സിആര്‍പിഎഫില്‍ വന്ന ശേഷമാണ് ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. പേടിയും നാണവും മറികടന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള കുറ്റമറ്റ പരിശീലനമാണ് സിആര്‍പിഎഫില്‍ ലഭിച്ചത്” എന്നാണ് സുജാതയുടെ വാക്കുകള്‍. സംഗീത, ദീപാലി അവാരേ, മീന ചൗധരി, കട്കെ ലത എന്നീ ‘ഡെയര്‍ ഡെവിള്‍’ സംഘാംഗങ്ങള്‍ 2014ലെ അവിസ്മരണീയ പ്രകടനം കൊണ്ട് തങ്ങളുടെ പേര് ലിംക ലോക റെക്കോഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തവരാണ്.
കളികളും കായിക വിനോദങ്ങളും: സിആര്‍പിഎഫിലെ വനിതാ പോരാളികള്‍ കായിക മേഖലയിലും മോശമല്ല. കളികളിലും കായിക വിനോദങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നേട്ടങ്ങള്‍ അവരുടേതായുണ്ട്. ഭാരോദ്വഹനത്തില്‍ പലവട്ടം ദേശീയ, അന്തര്‍ദേശീയ മെഡലുകള്‍ നേടിയ കമാന്‍ഡന്റ് കുഞ്ചുറാണി ദേവി അവരിലൊരാളാണ്. 1989നും 2005നും ഇടയില്‍ ഭാരോദ്വഹന ലോകചാമ്പ്യന്‍ഷിപ്പില്‍ അവര്‍ രണ്ടു സ്വര്‍ണവും 18 വെള്ളിയും ഒരു വെങ്കലവും നേടി. കായിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 1990ല്‍ അര്‍ജുന പുരസ്കാരവും 1996ല്‍ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരവും, 2004ല്‍ പത്മശ്രീയും നല്കി രാജ്യം അവരെ ആദരിച്ചു. സിആര്‍പിഎഫിലെ കായിക പ്രതിഭകള്‍ക്കു ലഭിച്ച 16 അര്‍ജുന പുരസ്കാരങ്ങളില് ആറ് എണ്ണവും വനിതകള്‍ക്കാണ്: കുഞ്ചുറാണി ദേവി, ഡബ്ല്യു സന്ധ്യാറാണി, ശില്പി സിങ്, ഗീതാ റാണി, എ. അനിതാ ചാനു, സനമാചാ ചാനു. 2018ലെ ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലും 2019ലെ സാഫ് മേളയിലും നാല് സ്വര്‍ണം വീതം നേടിയ റിച്ചാ ശര്‍മ, 2006ലെ കോമണ്‍വെല്‍ത്ത് മേളയില്‍ അത്ലറ്റിക്സില് വെള്ളി നേടിയ ആഷിഖ് ബീബി, 2006ല്‍ ലോക പൊലീസ് മേളയില്‍ 800 മീറ്റര്‍, 400 മീറ്റര്‍ റിലേകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സല്‍മ എം സി, 2006ലെ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പുഷ്പാഞ്ജലി റാണ, 2007ലെ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഷര്വേഷ് തോമര്‍ എന്നിവരും സിആര്‍പിഎഫില്‍ നിന്ന് കായിക മേഖലയില്‍ സ്വന്തം മുദ്ര പതിപ്പിച്ചവരാണ്. ഈ നേട്ടങ്ങള്‍ സേനയിലെ വനിതകളുടെ കായിക മികവിന്റെ സൂചകങ്ങള്‍ മാത്രമാണ്.
സേനയിലെ വനിതാ പോരാളികളുടെ മികച്ച സംഭാവനകള്‍ പോലെ തന്നെ സിആര്‍പിഎഫ് സ്വീകരിച്ച നിരവധി ലിംഗ നീതിപരമായ ഇടപെടലുകളുമുണ്ട്. വിന്യസിക്കപ്പെടുന്ന വനിതാ അംഗങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ക്രഷുകള്‍ സ്ഥാപിച്ചത് ഇതിന്റെ ഭാഗമായാണ്. അതുപോലെ തന്നെ, വനിതാ സൈനികര്‍ യാത്ര ചെയ്യുന്ന വാഹനവ്യൂഹത്തില്‍ വാഷ് റൂം സൗകര്യങ്ങള്‍ സജ്ജീകരിച്ച് അവരുടെ യാത്രകള്‍ സുഗമമാക്കി. സംഘര്‍ഷ മേഖലകളില്‍ ഇടപെടേണ്ടി വരുന്ന വനിതാ സൈനികരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുന്ന പ്രത്യേക സുരക്ഷാ കവചങ്ങള്‍ സമീപകാലത്ത് നടപ്പാക്കി.
സ്വന്തം വനിതാ പോരാളികളുടെ പങ്കാളിത്തവും സംഭാവനയും സജീവമാക്കി നിലനിര്‍ത്തുന്നതിലും ലിംഗ നീതി ഉറപ്പാക്കുന്നതിലും സിആര്‍പിഎഫ് പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: