തോട്ടിയും വടിയുമായി ആനയ്‌ക്കൊപ്പം നടക്കുന്ന പാപ്പാന്മാര്‍ കൗതുകമാകാറുണ്ടെങ്കിലും പുരുഷന്മാര്‍ അടക്കിവാഴുന്ന പാപ്പാന്‍ പദവിയില്‍ ഉശിരോടെ വാഴുന്ന ആനക്കാരിയാണ് ജയശ്രീ. പാവാടയും ഷര്‍ട്ടുമിട്ട് മധ്യവയസ്‌ക്കയായ ജയശ്രീ ചാത്തപ്പുരം ബാബുവെന്ന ആനയുടെ ഉടമ മാത്രമല്ല; അതിന്റെ പാപ്പാനും അമ്മയും കൂടപ്പിറപ്പും എല്ലാമാണ്. ഉത്സവപ്പറമ്പുകളില്‍ എഴുന്നെള്ളിപ്പിന് പുരുഷാരവങ്ങള്‍ക്കിടയിലൂടെ ആനയുടെ കൊമ്പും പിടിച്ച് നടന്നുവരുന്ന സ്ത്രീയെ അറിയാത്തവരായി ആരുമുണ്ടാവില്ല. ചാത്തപുരം ബാബുവും അവന്റെ ജയശ്രീയും.
ആനയെ തളയ്‌ക്കാനും മെരുക്കാനും മേയ്‌ക്കാനും പുരുഷനുമാത്രമല്ല സ്ത്രീക്കും കഴിയുമെന്ന് തെളിയിച്ചയാളാണ് കല്‍പ്പാത്തി ചാത്തപ്പുരം ഗ്രാമത്തിലെ നാരായണ അയ്യരുടെ ഇളയ മകള്‍ ജയശ്രീ. ഇവിടെ നടക്കാനെ , നില്‍ക്കാനെ, തിന്നാനെ എന്ന വാക്കുകളില്ല. മോനേ ബാബു എന്ന വിളിമാത്രം.ആ വിളിയില്‍ അവനറിയാം എന്താണ് കാര്യമെന്നത്.
ജയശ്രീയുടെ ഒരു വിളിയില്‍ത്തന്നെ അനുസരണയുള്ള കുട്ടിയെപ്പോലെ ബാബു ഓടിയെത്തും. കുളിപ്പിക്കുന്നതും തീറ്റുന്നതും എല്ലാം ജയശ്രീയാണ്. ബന്ധങ്ങള്‍ക്ക് വില നല്‍കാത്ത ലോകത്ത് മനസ്സുകൊണ്ടാണ് ഇരുവരും അത്രമാത്രം അടുത്തിരിക്കുന്നത്.
കല്‍പ്പാത്തി ചാത്തപ്പുരം ഗ്രാമത്തിലെ പ്രസന്നമഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്നാണ് നാരായണ അയ്യരും ഭാര്യ തങ്കവും മക്കളായ സാവിത്രി, ലക്ഷ്മി, ജയശ്രീ അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ആനകമ്പക്കാരനായ നാരായണ അയ്യരുടെ തറവാട്ടില്‍ എന്നും ആനകളുണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളെ സ്‌നേഹിച്ച പോലെയാണ് അദ്ദേഹം ആനകളെയും സ്‌നേഹിച്ചിരുന്നത്. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളുമായി കളിക്കുന്നതിനു പകരം ജയശ്രീയെന്ന കുട്ടി കളിച്ചിരുന്നതും, കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതും അച്ഛന്റെ കേശവന്‍, ബാബു എന്നീ ആനകള്‍ക്കൊപ്പമായിരുന്നു. ആ ആനക്കമ്പം ഇന്നും തുടരുന്നു. അവര്‍ കല്‍പ്പാത്തിയുടെയും പൊന്നോമനകളായിരുന്നു. അഞ്ച് ആനകളെ വാങ്ങി വളര്‍ത്തിയിരുന്ന നാരായണ അയ്യര്‍ അങ്ങനെ ആന അപ്പയ്യരായി. ഉത്സവത്തിന് ആനയെ എഴുന്നെള്ളിപ്പിന് കൊണ്ടുപോകുമ്പോള്‍ നാരായണ അയ്യരും കൂടെ പോവുമായിരുന്നു. അവര്‍ക്കായെന്നും മടിക്കുത്തില്‍ മിഠായിയും പലഹാരങ്ങളും കരുതിയിരിക്കും. ആനയെ സനേഹിച്ച് മെരുക്കുകയെന്ന മന്ത്രം അച്ഛനില്‍ നിന്നും മകള്‍ക്കും കൈമാറികിട്ടി.
തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്രപോയപ്പോഴാണ് നാരായണ അയ്യര്‍ ജാതകം നോക്കിയതും ഗജകേസരിയോഗമാണെന്ന് അറിഞ്ഞതും. അങ്ങനെ അഞ്ച് ആനകളുടെ ഉടമയായി. ഇതിനിടെ കേശവന്‍ ബാബുവിനെ കൈമോശം വന്നു. പിന്നീടാണ് ഇപ്പോഴുള്ള ചാത്തപ്പുരം ബാബുവിനെ വാങ്ങിയത്.
1998 ലാണ് അസമില്‍ നിന്ന് ബാബുവിനെ കൊണ്ടുവരുന്നത്. ചേച്ചി സാവിത്രിയുടെ ഭര്‍ത്താവാണ് ആനയെ കൊണ്ടുവരാന്‍ കയ്യെടുത്തത്. എല്ലാമതത്തിലും പെട്ടൊരു പേരാവട്ടെ എന്നുകരുതി ആനയ്‌ക്ക് ബാബു എന്ന് ജയശ്രീ പേരിട്ടു. 2002 ല്‍ അച്ഛനും
2005ല്‍ അമ്മയും മരിച്ചു. അച്ഛന്റെയും തറവാടിന്റെയും ആനപ്പെരുമ നഷ്ടപ്പെടാതിരിക്കാന്‍ ഒടുവിലത്തെ മകള്‍ ജയശ്രീ അച്ഛന്റെ പിന്‍തലമുറക്കാരിയായി. ബാബുവിന്റെ ചുമതലക്കാരിയായി. വടിയും തോട്ടിയും ഉപയോഗിക്കാതെ സ്‌നേഹമെന്ന മന്ത്രത്തിനു മുന്നില്‍ 25 കാരനായ അവനെന്നും കുഞ്ഞിനെ പോലെ അനുസരിച്ചു. ഒരുനേരം പിരിഞ്ഞിരിക്കാന്‍ കഴിയാത്ത തരത്തില്‍ അടുത്തു. എന്തിനും ഏതിനും ജയശ്രീവേണം. രാവിലെ എഴുന്നേറ്റ് തീറ്റയും വെള്ളവും കൊടുക്കുന്നത് മുതല്‍ രാത്രി ഗുഡ്‌നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോകുന്നതുവരെയും ജയശ്രീ ഒപ്പമുണ്ടാവും. ജയശ്രീ പറയുന്നതിന് പ്രത്യേക ശബ്ദത്തില്‍ ബാബു മറുപടിയും പറയും. പാപ്പാന്‍മാരെ തല്ലാന്‍ പോലും സമ്മതിക്കില്ല. എത്ര കുറുമ്പുകാണിച്ചാലും ജയശ്രീക്ക് മുന്നില്‍മാത്രമാണ് അടങ്ങി നില്‍ക്കാറ്. ഉത്സവങ്ങള്‍ക്കായി പുറത്തുപോകുമ്പോള്‍ ബാബുവിന് ആശങ്കയാണ്. തിരിച്ച് വീട്ടിലെത്തിയാല്‍ മാത്രമേ സമാധാനമായി ഉറങ്ങുകയും, തീറ്റയെടുക്കുകയും ചെയ്യുകയുള്ളൂവെന്ന് പുത്രവാത്സ്യത്തോടെ ജയശ്രീ പറയുന്നു. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോള്‍ വൈകിട്ടോടെ ജയശ്രീയും പൂരപറമ്പിലെത്തും. ജയശ്രീയെ കണ്ടുകഴിഞ്ഞാല്‍ സന്തോഷത്തോടെ തലയാട്ടും. എങ്ങോട്ടെങ്കിലും മാറിയാല്‍ തിരിഞ്ഞും മറിഞ്ഞും നോക്കും. എത്ര തിരക്കുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവള്‍ വന്നിട്ടുണ്ടെന്നറിയാന്‍ ബാബുവിന് നിമിഷ നേരം മതി. മദപ്പാട് ഇളകുമ്പോള്‍ മാസങ്ങളോളം കെട്ടിയിടും. ജയശ്രീയെ അല്ലാതെ മറ്റൊരാളെയും അവന്‍ അടുപ്പിക്കില്ല. ഭക്ഷണവും മരുന്നും നല്‍കുന്നത് ജയശ്രീ തന്നെയാണ്.
മൂന്നു വര്‍ഷം മുന്‍പ് കൊടുവായൂര്‍ കേരളപുരം ഗ്രാമം ശിവക്ഷേത്രത്തിലെ തിരുവാതിരയോട്ടത്തോടനുബന്ധിച്ച് തേര് വലിക്കുന്നതിനിടെ ബാബു ചെറുതായൊന്ന് പിണങ്ങി. ജനങ്ങള്‍ ഭയന്നോടി. ഇതിനിടെ വിവരമറിഞ്ഞെത്തിയ ജയശ്രീ നേരെ ബാബുവിനടുത്തെത്തി ഒരു പടല പഴം നല്‍കി. കഴുത്തിലെ ചങ്ങലയില്‍ പിടിച്ച് ഒരു സൈഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാപ്പാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനം മൂലമാണ് ബാബു ഇടഞ്ഞതെന്ന് ജയശ്രീ പറയുന്നൂ. സ്വന്തം മകനെ പോലെയാണ് ബാബുവെന്ന ആനയെ സ്‌നേഹിക്കുന്നത്. ആ സ്‌നേഹമാണ് അവന്‍ തിരിച്ചു നല്‍കുന്നതും അനുസരിക്കുന്നതും. തല്ലുന്നവരെ നിര്‍ത്താറില്ല. പറഞ്ഞ് വിടും. പുതിയയാള്‍ വരുന്നവരെ ജയശ്രീയായിരിക്കും പാപ്പാന്‍.
ആനയെ ഏറെ നേരം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ഉത്സവങ്ങള്‍ക്ക് അയയ്‌ക്കുക. ആന ഇവര്‍ക്ക് വില്‍പ്പനച്ചരക്കല്ലാത്തതിനാല്‍ മറ്റു പണികള്‍ക്കോ, ദീര്‍ഘനേരം ഉപയോഗിക്കുന്ന ഉത്സവങ്ങള്‍ക്കോ വിടാറില്ല. മാത്രമല്ല കല്‍പ്പാത്തിയിലെയും സമീപത്തെ ഗ്രാമങ്ങളിലെയും ഉത്സവങ്ങള്‍ക്ക് സൗജന്യമായാണ് എഴുന്നള്ളിക്കാറ്. ആനയെ ആവശ്യമുള്ള അമ്പലക്കമ്മിറ്റിക്കാര്‍ നേരിട്ടെത്തിയാലേ നല്‍കുന്നകാര്യം തീരുമാനിക്കൂ. കുറഞ്ഞ തുകയാണ് ഈടാക്കാറുള്ളത്.
ആന പരിപാലന നിയമം കടുത്തതോടെയാണ് തറവാട്ടിലെ ആനകളുടെ എണ്ണം കുറഞ്ഞുവരാന്‍ തുടങ്ങിയത്. അതേസമയം ആനയുടമകളുടെ എണ്ണം വര്‍ധിച്ചു. എഴുന്നെള്ളിപ്പിന് ഈടാക്കുന്ന തുകയില്‍പോലും മത്സരമായി. ഇതെല്ലാം അച്ഛന് തിരിച്ചടിയായതായി ജയശ്രീഓര്‍ക്കുന്നു. ഗജകേസരിയോഗത്തിന് മങ്ങലേറ്റതോടെ ഓരോ ആനകളായി നഷ്ടപ്പെട്ടു. വീട്ടിലെ ഐശ്വര്യം ക്ഷയിച്ചു. അവസാനം ബാബു മാത്രമായി തറവാട്ടില്‍. ആനപരിപാ
ലനത്തിനിടെ സ്വന്തം ജീവിതവും ജയശ്രീ മറന്നു. ആനപ്രൗഢി അറിഞ്ഞ് വിവാഹാലോചനകള്‍ വന്നെങ്കിലും പ്രൗഢി കുറഞ്ഞതറിഞ്ഞ് മടങ്ങിപ്പോയി. അങ്ങനെ ജയശ്രീയുടെയും രണ്ടാമത്തെ ചേച്ചിയുടെയും കല്യാണം നടന്നില്ല. ഗജകേസരിയോഗം പോലെ വിവാഹം നടക്കാനും യോഗം വേണം. ആ യോഗമില്ലാത്തതുകൊണ്ടാണ് കല്യാണം നടക്കാതിരുന്നതെന്ന് ജയശ്രീ പറയുന്നു.
ചാത്തപ്പുരത്തെ കല്‍പ്പാത്തിപ്പുഴയോരത്താണ് ബാബുവിനെ തളച്ചിരിക്കുന്നത്. ഉത്സവ സീസണായതിനാല്‍ ബാബു തിരക്കിലാണ്. വീട്ടില്‍ നിന്നിറങ്ങിയിട്ട് ദിവസങ്ങളായി. അവനെ കാണാനും ആശ്വാസിപ്പിക്കാനുമായി ജയശ്രീയും ഉത്സവപ്പറമ്പുകളിലെത്തും. കേരളത്തിലെ ആനയുടമ സംഘത്തിലെ ഏക വനിതയാണ് ജയശ്രീ. എവിടെയും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല സ്്ത്രീകളെന്നാണ് ജയശ്രീയുടെ അഭിപ്രായം. ഇന്നത്തെ തലമുറ കുലത്തൊഴില്‍ എന്താണെന്ന് പറയാനും, അത് പിന്തുടരാനും മടിക്കുമ്പോള്‍ അച്ഛന്റെ പേരും പ്രശസ്തിയും നിലനിര്‍ത്താന്‍ തന്റെ ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ് ജയശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: